“നീ എന്നെ മനസിൽ ശപിക്കുന്നുണ്ടാവും”, ലോകകപ്പ് ഫൈനലിന് മുമ്പ് രോഹിത് സഞ്ജുവിനോട് പറഞ്ഞത്.

ഇന്ത്യൻ നായകൻ രോഹിത് ശർമയുമായുള്ള ബന്ധത്തെപ്പറ്റി തുറന്നുപറഞ്ഞ് ഇന്ത്യൻ ബാറ്റർ സഞ്ജു സാംസൺ. 2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. ഈ സമയത്തുണ്ടായ സംഭവങ്ങൾ ഓർത്തെടുത്താണ് സഞ്ജു സംസാരിച്ചത്.

പ്രമുഖ ജേണലിസ്റ്റായ വിമൽ കുമാർ സഞ്ജുവുമായി നടത്തിയ അഭിമുഖത്തിലാണ്, താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനൽ മത്സരത്തിൽ തനിക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നുവെന്നും, പക്ഷേ അവസാന നിമിഷം തന്നെ ഒഴിവാക്കുകയാണ് ചെയ്തതെന്നും സഞ്ജു പറയുന്നു. ഇതിന് പിന്നാലെ രോഹിത് ശർമയുമായി നടത്തിയ സംഭാഷണത്തെ പറ്റിയാണ് സഞ്ജു സംസാരിച്ചത്.

“ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ കളിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്നോട് തയ്യാറായിരിക്കാനാണ് ടീം ആവശ്യപ്പെട്ടത്. ഞാൻ അതിനായി തയ്യാറായി. പക്ഷേ ടോസിന് അല്പസമയം മുൻപ് ഈ തീരുമാനം മാറ്റുകയായിരുന്നു. മുൻപുണ്ടായിരുന്ന അതേ ടീമിനെ തന്നെ കളിപ്പിക്കാൻ തീരുമാനിച്ചു. പിന്നീട് പരിശീലന സമയത്ത് രോഹിത് എന്റെ അടുത്ത് വരികയും, എന്തുകൊണ്ടാണ് എന്നെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്നതിനെപ്പറ്റി വിശദീകരണം നൽകുകയും ചെയ്തു. ‘നിനക്ക് മനസ്സിലായോ’ എന്ന് രോഹിത് എന്നോട് ചോദിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞത് മത്സരത്തിൽ ശ്രദ്ധിക്കാനാണ്. മത്സരം വിജയിച്ച ശേഷം നമുക്ക് സംസാരിക്കാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.”- സഞ്ജു പറയുന്നു.

പിന്നീട് തന്റെ നിരാശ കണ്ടശേഷം രോഹിത് വീണ്ടും തന്റെ അടുത്തുവന്നു എന്ന് സഞ്ജു ചൂണ്ടിക്കാട്ടുന്നു. “രോഹിത് അടുത്തുവന്ന് ഇങ്ങനെയാണ് പറഞ്ഞത്. ‘നിന്റെ മനസ്സിൽ നീ എന്നെ ശപിക്കുന്നുണ്ടാവും എന്നെനിക്കറിയാം.’ അപ്പോൾ ഞാൻ ഇങ്ങനെയാണ് മറുപടി പറഞ്ഞത്. ‘ഒരു താരം എന്ന നിലയ്ക്ക് എനിക്കിന്ന് കളിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. കാരണം ഇത്തരം സന്ദർഭങ്ങളിൽ മൈതാനത്തിറങ്ങി കളിക്കുക എന്നത് എനിക്കൊരു വലിയ സ്വപ്നമാണ്’. ഈ സമയത്ത് എന്തുകൊണ്ടാണ് എന്നെ മാറ്റി നിർത്തിയത് എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു മനസ്സിലാക്കി. അദ്ദേഹത്തിന്റെ വിശദീകരണം ഞാൻ അംഗീകരിച്ചു. എന്നിരുന്നാലും എനിക്ക് മനസ്സിൽ ഒരു വലിയ വിഷമം ഉണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരു വലിയ നായകന്റെ കീഴിൽ ട്വന്റി20 ലോകകപ്പ് കളിക്കാനുള്ള അവസരമാണ് എനിക്ക് നഷ്ടമായത്.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.

“ലോകകപ്പ് ഫൈനൽ പോലെ ഒരു വലിയ സമ്മർദ്ദമുള്ള മത്സരത്തിന് മുൻപ്, നായകനായ രോഹിത് ടീമിൽ കളിക്കുന്ന താരങ്ങളോടൊപ്പം സമയം ചിലവഴിക്കുമെന്നും അവരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ടോസിന് മുമ്പ് 10 മിനിറ്റ് സമയത്തോളം രോഹിത് എന്റെ മുൻപിൽ ഇതിനെപ്പറ്റിയുള്ള വിശദീകരണം തന്നു. അതിന് ശേഷമാണ് രോഹിത് ടോസിനായി പുറത്തേക്ക് ഇറങ്ങിയത്. ഇത് ഞാൻ ഒരിക്കലും മറക്കില്ല. എന്റെ മനസ്സിൽ എല്ലായിപ്പോഴും അദ്ദേഹത്തിന് നല്ലൊരു സ്ഥാനമുണ്ടാവും.”- സഞ്ജു പറഞ്ഞുവെക്കുന്നു.

Previous article“ഇന്ത്യയുടെ നമ്പർ 1 ബോളർക്ക് പന്ത് കൊടുക്കാതിരുന്നത് രോഹിതിന്റെ പിഴവ് “, വിമർശനവുമായി മുൻ താരം.
Next articleട്വന്റി20യിലെ ഇഷ്ട ബാറ്റിംഗ് പൊസിഷൻ എത്? സഞ്ജു മറുപടി പറയുന്നു.