നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് തന്റെ സ്വപ്ന ക്യാപ്റ്റൻ എന്ന് വെളിപ്പെടുത്തി പഞ്ചാബ് കിംഗ്സ് ബാറ്റർ ശശാങ്ക് സിംഗ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ നായകനായിരുന്ന രോഹിത് ശർമയുടെ കീഴിൽ ഒരിക്കലെങ്കിലും കളിക്കണമെന്ന് ആഗ്രഹമാണ് തനിക്കുള്ളത് എന്ന് ശശാങ്ക് സിംഗ് തുറന്നു പറയുകയുണ്ടായി.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ. 5 ഐപിഎൽ കിരീടങ്ങൾ ടീമിനായി നേടിക്കൊടുക്കാൻ രോഹിതിന് സാധിച്ചിട്ടുണ്ട്. ഇതിനൊക്കെയും ശേഷമാണ് ഇപ്പോൾ ശശാങ്ക് സിംഗ് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
നിലവില്‍ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ നായകനായല്ല രോഹിത് ശർമ കളിക്കുന്നത്. ഹർദിക് പാണ്ട്യയാണ് ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ. എന്നിരുന്നാലും ഫ്രാഞ്ചൈസിയിലെ ഒരു പ്രധാന താരം തന്നെയാണ് രോഹിത് ശർമ.
സ്മാർട്ട് നായകൻ എന്നാണ് രോഹിത് ശർമയെ ശശാങ്ക് സിങ് വിലയിരുത്തിയത്. താൻ കേട്ടിട്ടുള്ള കഥകളിൽ വച്ച് ഏറ്റവും മികച്ച നായകൻ രോഹിത് ശർമയാണ് എന്നും ശശാങ്ക് കൂട്ടിച്ചേർക്കുകയുണ്ടായി. ഒരിക്കലെങ്കിലും രോഹിത്തിന്റെ കീഴിൽ കളിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്ന് ശശാങ്ക് പറഞ്ഞു.
“രോഹിത് ശർമയെപ്പറ്റി എല്ലാവരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. തന്റെ സഹതാരങ്ങൾക്ക് ആവശ്യത്തിലധികം പിന്തുണ നൽകുന്ന താരമാണ് രോഹിത് എന്ന് പലരും പറയാറുണ്ട്. രോഹിത് ഒരു വളരെ സ്മാർട്ട് ആയ ക്യാപ്റ്റനാണ്. മൈതാനത്ത് രോഹിത്തിന്റെ ചില സംസാരങ്ങൾ വലിയ തമാശ ഉണ്ടാക്കുന്നതാണ്. ഞാനൊരു നായകന്റെ കീഴിൽ കളിക്കാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് രോഹിത് കീഴിൽ തന്നെയാണ്.”- ശശാങ്ക് പറയുകയുണ്ടായി.
“രോഹിത് ശർമ ബോംബെയിൽ നിന്നുള്ള ക്രിക്കറ്ററാണ്. ഒരിക്കൽ ഞാൻ രോഹിതിനൊപ്പം ബാറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ആ സമയത്ത് രോഹിത് നായകനായിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിൽ കളിക്കണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.”- ശശാങ്ക് കൂട്ടിച്ചേർക്കുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനായി വളരെ മികച്ച പ്രകടനമായിരുന്നു ശശാങ്ക് കാഴ്ചവച്ചത്. ഇതിന് ശേഷമാണ് ഇപ്പോൾ 2025 സീസണിന് മുന്നോടിയായി പഞ്ചാബ് താരത്തെ നിലനിർത്തിയത്. ഇത്തവണത്തെ സീസണിലും മികവ് പുലർത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് യുവതാരം.