ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പല കളിക്കാരുടെയും വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുള്ള ക്രിക്കറ്ററാണ് മഹേന്ദ്ര സിംഗ് ധോണി. രോഹിത് ശർമയും വിരാട് കോഹ്ലിയുമടക്കമുള്ള താരങ്ങൾ മികച്ച രീതിയിൽ നിലവാരം പുലർത്താൻ കാരണമായത് ധോണിയുടെ ശിക്ഷണം തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് നിരയിലെ യുവതാരങ്ങളും ധോണിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. 2023ലെ ഇന്ത്യൻ പ്രീമിയർ ചെന്നൈ വിജയം കാണാനുള്ള പ്രധാന കാരണം ഇത്തരത്തിൽ യുവതാരങ്ങളുടെ മികവാർന്ന പ്രകടനങ്ങൾ തന്നെയായിരുന്നു. മഹേന്ദ്ര സിംഗ് ധോണി ചെന്നൈ ടീമിനെ സംബന്ധിച്ച് എത്രമാത്രം പ്രാധാന്യമുള്ള വ്യക്തിയാണ് എന്ന് സംസാരിക്കുകയാണ് ശിവം ദുബെ ഇപ്പോൾ.
ധോണി ഇനിയും ടീമിനായി കളിക്കണമെന്നും അതാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ദുബെ പറയുന്നു. “അദ്ദേഹം അടുത്ത സീസണിൽ കളിക്കുമോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. പക്ഷേ അദ്ദേഹത്തെ ഞങ്ങൾക്ക് ആവശ്യമാണ്. അദ്ദേഹം കളിക്കുകയാണെങ്കിൽ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ കീഴിൽ വളരാൻ സാധിക്കും. എന്റെ മത്സരരീതിയിൽ കൃത്യമായ വ്യക്തത തന്ന ആളാണ് മഹേന്ദ്ര സിംഗ് ധോണി.”- ശിവം ദുബെ പറഞ്ഞു.
“ഞാൻ ഏതു റോളിലാണ് ടീമിൽ കളിക്കേണ്ടത് എന്നത് അദ്ദേഹം എന്നോട് പറഞ്ഞു. അത് വളരെ ലളിതമായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ടീമിന്റെ റൺറേറ്റ് ഉയർത്തുന്നതിൽ ഞാൻ ശ്രദ്ധിക്കണം എന്നാണ്. ഇതിനിടെ തുടക്കത്തിൽ തന്നെ പുറത്തായാലും അതൊരു പ്രശ്നമല്ല എന്ന് അദ്ദേഹം പറയുകയുണ്ടായി. പക്ഷേ തന്ന ദൗത്യം പൂർത്തീകരിക്കാൻ അങ്ങേയറ്റം ശ്രമിക്കണമെന്നായിരുന്നു ധോണിയുടെ ഉപദേശം. അതെനിക്ക് വളരെ വ്യക്തവുമായിരുന്നു.”- ദുബെ കൂട്ടിച്ചേർത്തു.
ധോണിയുടെ നേതൃത്വത്തിൽ 2023ൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ദുബെ കാഴ്ചവച്ചത്. കഴിഞ്ഞ സീസണുകളിലൊക്കെയും മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കാതെ വന്ന ക്രിക്കറ്ററാണ് ദുബെ. ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 418 റൺസ് ദുബെ ചെന്നൈ സൂപ്പർ കിങ്സിനായി നേടുകയുണ്ടായി. ചെന്നൈ നിരയിലെ മൂന്നാമത്തെ ടോപ് സ്കോററാണ് ശിവം ദുബൈ. അപ്രതീക്ഷിതമായ പ്രകടനം തന്നെയായിരുന്നു ദുബെ ചെന്നൈക്കായി ഇത്തവണ കാഴ്ചവച്ചത്.