എന്റെ അനുഭവസമ്പത്ത് ഞാൻ നന്നായി ഉപയോഗിച്ചു. കരുത്തുറ്റ ബാറ്റിങ് പ്രകടനത്തെപറ്റി രോഹിത് ശർമ.

ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു വമ്പൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 229 റൺസ് സ്വന്തമാക്കിയിരുന്നു. 87 നേടിയ നായകൻ രോഹിത് ശർമയാണ് ഇന്ത്യക്കായി ബാറ്റിങ്ങിൽ തിളങ്ങിയത്. ശേഷം ഇംഗ്ലണ്ട് ടീമിനെ കേവലം 129 റൺസിന് പുറത്താക്കാനും ഇന്ത്യക്ക് സാധിച്ചു. ഇന്ത്യക്കായി ബോളിങ്ങിൽ മുഹമ്മദ് ഷാമി, ബൂമ്ര, കുൽദീവ് യാദവ് എന്നിവർ തിളങ്ങുകയുണ്ടായി. ഈ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ ആറാം വിജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിലെ സാഹചര്യങ്ങളെ കുറിച്ചും മറ്റും ഇന്ത്യൻ നായകൻ രോഹിത് ശർമ്മ സംസാരിക്കുകയുണ്ടായി.

തന്റെ അനുഭവസമ്പത്ത് അങ്ങേയറ്റം ഉപയോഗിക്കാനാണ് താൻ മൈതാനത്ത് ശ്രമിച്ചത് എന്ന് രോഹിത് ശർമ പറഞ്ഞു. “മത്സരത്തിന്റെ ആദ്യ 10 ഓവറുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ അത്ര മികച്ച നിലയിൽ ആയിരുന്നില്ല. അവിടെനിന്ന് കെ എൽ രാഹുലുമൊത്ത് ഒരു നിർണായകമായ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് ഞാൻ ശ്രമിച്ചത്. പിച്ച് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ മത്സരം പുരോഗമിച്ചപ്പോൾ അത് ബാറ്റിംഗിന് കൂടുതൽ അനുകൂലമായി. വിജയത്തിൽ അതിയായ സന്തോഷം എനിക്കുണ്ട്. എനിക്ക് ഇപ്പോൾ അനുഭവസമ്പത്തുണ്ട്. അത് മൈതാനത്തിറങ്ങി ഷോട്ടുകൾ കളിക്കാൻ മാത്രമല്ല, പിച്ചിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കാനും സഹായകരമായി.”- രോഹിത് പറഞ്ഞു.

“എന്നിരുന്നാലും മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ 20 റൺസ് എങ്കിലും ഞങ്ങൾ പിന്നിലാണ് എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ ന്യൂബോളിൽ ബാറ്റ് ചെയ്യുക എന്നത് ഇവിടെ അല്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. ബോൾ സോഫ്റ്റ് ആവുമ്പോളും സ്ട്രൈക്ക് മാറുക എന്നത് അല്പം കഠിനമായിരുന്നു. പറഞ്ഞതുപോലെ തന്നെ 20-30 റൺസിന് ഞങ്ങൾ പിന്നിലാണ് എന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ ഏതു ദിവസമായാലും ഈ വിജയം എനിക്ക് ഒരുപാട് സന്തോഷം നൽകുന്നതാണ്.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

മത്സരത്തിലെ ശരാശരി ബാറ്റിംഗ് പ്രകടനത്തിനുശേഷം വളരെ മികച്ച ബോളിംഗ് പ്രകടനമാണ് ഇന്ത്യക്കായി ബോളർമാർ പുറത്തെടുത്തത്. പവർപ്ലേ ഓവറുകളിൽ തന്നെ ഇംഗ്ലണ്ടിന്റെ മുൻനിരയിലുള്ള 4 ബാറ്റർമാരെ കൂടാരം കയറ്റാൻ ഇന്ത്യയുടെ ബോളർമാർക്ക് സാധിച്ചു. പേസർമാർ തുടങ്ങിവച്ച സംഹാരം സ്പിന്നർമാർ ഏറ്റെടുക്കുകയാണ് ഉണ്ടായത്. മത്സരത്തിൽ ഷാമി കേവലം 22 റൺസ് മാത്രം വിട്ടുനൽകിയാണ് 4 വിക്കറ്റുകൾ സ്വന്തമാക്കിയത്. ബുമ്ര 32 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ നേടി. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്