ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഒരുപാട് നാടകീയ രംഗങ്ങൾ അരങ്ങേറുകയുണ്ടായി. ഇതിലൊന്നായിരുന്നു രോഹിത് ശർമ കൈവിട്ട ക്യാച്ച്. മത്സരത്തിൽ തുടർച്ചയായ 2 പന്തുകളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യയുടെ സ്പിന്നർ അക്ഷർ പട്ടേലിന് സാധിച്ചിരുന്നു. ശേഷം ഒരു ചരിത്ര ഹാട്രിക് സ്വന്തമാക്കാനുള്ള അവസരം അക്ഷറിന് ലഭിച്ചു.
എന്നാൽ രോഹിത് ശർമയുടെ കയ്യിൽ നിന്ന് വന്ന ഒരു പിഴവുമൂലം അക്ഷറിന് അർഹിച്ച ഹാട്രിക് നഷ്ടമാവുകയായിരുന്നു. സ്ലിപ്പിൽ വന്ന ഒരു അനായാസ ക്യാച്ച് രോഹിത് ശർമ വിട്ടുകളയുകയാണ് ഉണ്ടായത്. ഇതേ സംബന്ധിച്ച് മത്സരശേഷം അക്ഷർ പട്ടേൽ പ്രതികരിക്കുകയുണ്ടായി.
പന്തെറിഞ ശേഷം താൻ കരുതിയത് രോഹിത് ശർമ ക്യാച്ച് സ്വന്തമാക്കി എന്നാണ് എന്ന് അക്ഷർ പറയുന്നു. അതിനാൽ തന്നെ താൻ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു എന്നാണ് അക്ഷർ കൂട്ടിച്ചേർത്തത്. “ഒരുപാട് കാര്യങ്ങൾ ആ സമയത്ത് സംഭവിച്ചു. ആദ്യം ലഭിച്ച തൻസീദ് ഹസന്റെ വിക്കറ്റിൽ എനിക്ക് വ്യക്തത ഉണ്ടായിരുന്നില്ല. രാഹുലാണ് അത് അപ്പീൽ ചെയ്തത്. അത് ഔട്ടായി മാറി. ശേഷം അടുത്ത പന്തിൽ തന്നെ രണ്ടാം വിക്കറ്റ് സ്വന്തമാക്കാനും സാധിച്ചു. മൂന്നാമത്തെ പന്തിൽ എഡ്ജ് ലഭിച്ചു. ആ സമയത്ത് ഞാൻ കരുതിയത് എനിക്ക് ഹാട്രിക് ലഭിച്ചു എന്നാണ്. അതുകൊണ്ടു തന്നെ ഞാൻ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. പിന്നീടാണ് രോഹിത് ശർമയുടെ കയ്യിൽ നിന്ന് ക്യാച്ച് വഴുതിപ്പോയത് ഞാൻ കണ്ടത്. ആ സമയത്ത് ഒരു പ്രതികരണത്തിനും ഞാൻ നിന്നില്ല. തിരികെ എന്റെ ബോളിംഗ് ലൈനിലേക്ക് പോവുകയാണ് ഉണ്ടായത്. ഇതൊക്കെയും മത്സരത്തിന്റെ ഭാഗമാണ്.”- അക്ഷർ പറഞ്ഞു.
മത്സരത്തിൽ രോഹിത് മാത്രമായിരുന്നില്ല ഇത്തരത്തിൽ ക്യാച്ചുകൾ കൈവിട്ടത്. ഇന്ത്യയുടെ പല ഫീൽഡർമാരും തങ്ങളുടെ കൈകളിലേക്ക് എത്തിയ ക്യാച്ചുകൾ കൈവിടുകയുണ്ടായി. ഹർദിക് പാണ്ട്യയാണ് ഇതിൽ മികച്ച ഒരു അവസരം നഷ്ടപ്പെടുത്തിയത്. ബംഗ്ലാദേശ് ബാറ്റർ ഹൃദോയ് മിഡ് ഓഫിലേക്ക് ഉയർത്തിയടിച്ച പന്ത് ഹർദിക്കിന്റെ കൈകളിലേക്ക് എത്തിയിരുന്നു. പക്ഷേ അത് കൈ പിടിയിൽ ഒതുക്കുന്നതിൽ താരം പരാജയപ്പെട്ടു. ശേഷം വിക്കറ്റ് കീപ്പർ കെഎൽ രാഹുലും ഒരു അവസരം നഷ്ടപ്പെടുത്തുകയുണ്ടായി. ഇത്തരത്തിൽ മോശം ഫീൽഡിങ് പ്രകടനങ്ങളുടെ ബലത്തിലാണ് ബംഗ്ലാദേശ് 229 എന്ന സ്കോറിൽ എത്തിയത്.
എന്നിരുന്നാലും മറുപടി ബാറ്റിംഗിൽ തട്ടുപൊളിപ്പൻ പ്രകടനം ഗിൽ കാഴ്ചവച്ചതോടെ ഇന്ത്യക്ക് വിജയം സ്വന്തമാക്കാൻ സാധിച്ചു. ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനമായിരുന്നു രോഹിത് ശർമയും ഗില്ലും ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ കാഴ്ചവച്ചത്. ഇത് പിന്നീട് ഇന്ത്യയ്ക്ക് കൃത്യമായ മോമെന്റ്റം നൽകി. ഒരു സമയത്ത് ഇന്ത്യൻ ബാറ്റിംഗ് നിര സമ്മർദ്ദം ഏറ്റുവാങ്ങിയെങ്കിലും, കൃത്യമായ രീതിയിൽ അതിനെ അതിജീവിക്കാൻ ഗില്ലിന് സാധിച്ചു. രാഹുലിനെ പോലെയുള്ള താരങ്ങളുടെ അനുഭവസമ്പത്തും മത്സരത്തിൽ ഇന്ത്യക്ക് ഗുണം ചെയ്തിട്ടുണ്ട്.