2024 ട്വന്റി20 ലോകകപ്പിൽ സർവ്വ പ്രവചനങ്ങളെയും തിരുത്തി കുറിച്ചാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ വിജയം നേടിയത്. മത്സരത്തിൽ 24 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി മത്സരത്തിൽ തട്ടുപൊളിക്കാൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് നായകൻ രോഹിത് ശർമയായിരുന്നു.
41 പന്തുകൾ മത്സരത്തിൽ നേരിട്ട രോഹിത് 92 റൺസ് നേടുകയുണ്ടായി. 7 ബൗണ്ടറികളും 8 സിക്സറുകളും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇതോടുകൂടി ഇന്ത്യ മത്സരത്തിൽ 205 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും രോഹിത് ശർമയെ തന്നെയായിരുന്നു. ഇത്ര മികച്ച ഇന്നിംഗ്സ് കാഴ്ച വെച്ചിട്ടും സെഞ്ചുറി നേടാൻ സാധിക്കാത്ത പോയതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് രോഹിത് ഇപ്പോൾ.
താൻ കളിക്കുന്നത് പൂർണ്ണമായും ടീമിനു വേണ്ടിയാണെന്നും, അതിനാൽ സെഞ്ച്വറി നേടാൻ സാധിക്കാത്തതിൽ നിരാശയില്ല എന്നുമാണ് രോഹിത് ശർമ മത്സരശേഷം പറഞ്ഞത്. “പവർപ്ലേ ഓവറുകളിൽ ആക്രമിച്ചു കളിക്കുക എന്നതാണ് ഏറ്റവും അനിവാര്യമായ കാര്യം. ഞാൻ ചെയ്തത് അതു മാത്രമാണ്. മികവ് പുലർത്താൻ സാധിക്കുന്ന ബോളർമാർ ഓസ്ട്രേലിയൻ നിരയിലുണ്ട്. പക്ഷേ സാധ്യമായതൊക്കെയും മൈതാനത്ത് പുറത്തെടുക്കണം എന്നാണ് ഞാൻ കരുതിയത്. വളരെ മികച്ച ഒരു പിച്ചായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.”
“സെഞ്ച്വറി നഷ്ടമായതിൽ യാതൊരു നിരാശയും എനിക്കില്ല. ഞാൻ നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സെഞ്ച്വറികളിലും അർദ്ധസെഞ്ചറികളിലും യാതൊരു കാര്യവുമില്ല. ബോളർമാരെ സമ്മർദ്ദത്തിലാക്കുക എന്നതിനാണ് പ്രസക്തി. അതിനായി വലിയ സ്കോറുകൾ ടീം സ്വന്തമാക്കണം. അതിനാണ് ഞാൻ ശ്രമിച്ചത്.”- രോഹിത് പറയുകയുണ്ടായി.
കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതിന് പിന്നാലെ രോഹിത് ശർമയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. രോഹിത്തും കോഹ്ലിയും മാറിനിൽക്കേണ്ടതുണ്ട് എന്ന് പോലും ആരാധകർ വിലയിരുത്തുകയുണ്ടായി. പക്ഷേ വിമർശനങ്ങൾക്ക് തന്റെ ബാറ്റുകൊണ്ട് തന്നെ മറുപടി നൽകിയാണ് രോഹിത് ശർമ ഇപ്പോൾ ശക്തമായ തിരിച്ചുവരവ് മത്സരത്തിൽ നടത്തിയിരിക്കുന്നത്. സെമി ഫൈനലിലും രോഹിത് ഇത്തരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം നടക്കുക.
2022 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ആയിരുന്നു ഇന്ത്യ പുറത്തായത്. മത്സരത്തിൽ 10 വിക്കറ്റിന്റെ കനത്ത പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. ഇക്കുറി അതിനുള്ള കണക്കുതീർക്കുക എന്ന ഉദ്ദേശം കൂടി ഇന്ത്യയ്ക്കുണ്ട്. മറുവശത്ത്ഇന്ത്യയുടെ വിജയം ഏറ്റവുമധികം ബാധിച്ചത് ഓസ്ട്രേലിയയെയാണ്. അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെതിരെ വിജയം സ്വന്തമാക്കിയതോടെ ഓസ്ട്രേലിയ നിലവിൽ ലോകകപ്പിൽ നിന്ന് പുറത്തായിട്ടുണ്ട്. സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാനോടേറ്റ കനത്ത പരാജയമാണ് ഓസ്ട്രേലിയയെ ഏറെ ബാധിച്ചത്.