ലോക ക്രിക്കറ്റിൽ സച്ചിനോളം മികച്ച ഒരു ബാറ്റ്‌സ്മാൻ മറ്റാരും ഇല്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ്വമായ അനേകം നേട്ടങ്ങൾ സ്വന്തം പേരിലാക്കിയ സച്ചിൻ 2013ൽ വെസ്റ്റ് ഇൻഡീസ് എതിരായ ടെസ്റ്റ് മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്. അവസാന അന്താരാഷ്ട്ര മത്സരത്തിൽ സച്ചിൻ നേടിയ റൺസും കൂടാതെ താരത്തിന്റെ വിരമിക്കൽ പ്രസംഗവും ഇന്നും ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ സാധിക്കില്ല.24 വർഷം നീണ്ടുനിന്ന തന്റെ കരിയറിന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ അവസാനം കുറിക്കുമ്പോൾ തനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നതായി ഇപ്പോൾ വെളിപ്പെടുത്തുന്ന താരം അവസാനത്തെ പരമ്പരയിൽ ബിസിസിഐയോടുള്ള തന്റെ അഭ്യർത്ഥന എന്തെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ.
കഴിഞ്ഞ ദിവസം പ്രമുഖ അമേരിക്കൻ മാധ്യമ പ്രവർത്തകനുമായി നടന്ന ഒരു സ്പെഷ്യൽ അഭിമുഖത്തിലാണ് സച്ചിൻ തന്റെ അവസാന ക്രിക്കറ്റ് പരമ്പരയിൽ ബിസിസിഐയോടുള്ള തൻ്റെ ഒരേയൊരു ആഗ്രഹം എന്തായിരുന്നുവെന്ന് തുറന്ന് പറഞ്ഞത്. “എന്റെ അവസാനത്തെ മത്സരം മുംബൈയിൽ തന്നെയാകണം നടത്തേണ്ടത് എന്നുള്ള ഒരൊറ്റ ആഗ്രഹം മാത്രമാണ് ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് മുൻപിൽ വെച്ചത്. അതാണ് അഭ്യർത്ഥിക്കുവാനുണ്ടായിരുന്നത് ഏക കാര്യം “സച്ചിൻ പറഞ്ഞു.
“രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ അവസാനത്തെ മത്സരം എന്റെ കരിയറിലെ അവസാനത്തെ മത്സരമായിരിന്നു. എനിക്ക് ഒരൊറ്റ ആഗ്രഹം മാത്രമാണ് ബിസിസിഐക്ക് മുൻപിൽ വെക്കാൻ ഉണ്ടായിരുന്നത്. മുംബൈയിൽ തന്നെ വിരമിക്കൽ മത്സരം കളിക്കണം. മുംബൈയിൽ കളി നടന്നാൽ എന്റെ അമ്മക്ക് കളി കാണാനുള്ള അവസരം ലഭിക്കുമെന്നത് ചൂണ്ടികാട്ടി. എനിക്ക് അതിനുള്ള അവസരവും ലഭിച്ചു. അമ്മ ജീവിതത്തിൽ സ്റ്റേഡിയത്തിൽ എത്തി കണ്ട എന്റെ ആദ്യത്തെ മത്സരം കൂടിയായിരുന്നു അത്. അവിശ്വസനീയം തന്നെയായിരുന്നു ആ മാച്ച് “സച്ചിൻ വെളിപ്പെടുത്തി.