ആ മോശം പ്രകടനത്തിന് ശേഷം അദ്ദേഹത്തിന്റെ മുഖത്ത് നോക്കാൻ ഞാൻ മടിച്ചു. സഞ്ജു വെളിപ്പെടുത്തുന്നു.

FB IMG 1729079090329

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ 19 പന്തുകളിൽ 29 റൺസ് നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ 7 പന്തുകളിൽ 10 റൺസ് മാത്രമാണ് നേടിയത്.

ഇതിന് ശേഷം ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീറിനെ അഭിമുഖീകരിക്കാൻ താൻ വളരെയേറെ വിഷമിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ഇപ്പോൾ. വലിയ പ്രതീക്ഷയോടെ ആയിരുന്നു ഗംഭീർ തന്നെ ഓപ്പണറായി ഉൾപ്പെടുത്തിയതെന്നും, അതിനാൽ ഗംഭീറിനെ അഭിമുഖീകരിക്കാൻ താൻ മടിച്ചു എന്നും സഞ്ജു തുറന്നു പറഞ്ഞിരിക്കുന്നു.

പ്രമുഖ ജേർണലിസ്റ്റായ വിമൽ കുമാറിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കളിക്കാരനും കോച്ചും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് സഞ്ജു സാംസൺ സംസാരിച്ചത്. “ഒരു കളിക്കാരനും പരിശീലകനും തമ്മിൽ വലിയൊരു ബന്ധം തന്നെയാണുള്ളത്. ഒരു കളിക്കാരനെ വിശ്വസിച്ചാണ് കോച്ച് അവസരം നൽകുന്നത്. ആ അവസരം അവൻ മികച്ച പ്രകടനം കാഴ്ചവച്ച് മുതലാക്കി കോച്ചിന്റെ വിശ്വാസം തകരാതെ കാക്കണം. അത് ഓരോ കളിക്കാരുടെയും കടമയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ 2 മത്സരങ്ങളിലും തിളങ്ങാൻ എനിക്ക് സാധിച്ചിരുന്നില്ല. അതിന് ശേഷം അദ്ദേഹത്തെ അഭിമുഖീകരിക്കാൻ എനിക്ക് മടിയായി. ഞാൻ എന്നോട് ആ സമയത്ത് പറഞ്ഞിരുന്നത് നിന്റെ സമയം വരും കാത്തിരിക്കൂ എന്നാണ്.”- സഞ്ജു പറയുന്നു.

Read Also -  ട്വന്റി20യിലെ ഇഷ്ട ബാറ്റിംഗ് പൊസിഷൻ എത്? സഞ്ജു മറുപടി പറയുന്നു.

“ഇക്കാരണത്താൽ തന്നെ ബംഗ്ലാദേശിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു. എങ്ങനെയും റൺസ് കണ്ടെത്തണമെന്ന് ഞാൻ ഉറപ്പിച്ചു. ഗൗതി ഭായ്, നിങ്ങൾ എനിക്ക് അവസരം നൽകുകയാണെങ്കിൽ ഞാൻ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് തീരുമാനിച്ചു. അങ്ങനെ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ എനിക്ക് സെഞ്ച്വറി നേടാൻ സാധിച്ചു. ഈ സമയത്ത് ഗൗതം ഗംഭീർ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്നത് ഞാൻ കണ്ടു. അതെനിക്ക് വലിയ സന്തോഷം നൽകി.”- സഞ്ജു സാംസൺ പറഞ്ഞു.

ഇതുവരെ ഇന്ത്യക്കായി 33 ട്വന്റി20 മത്സരങ്ങളാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 594 റൺസാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. സഞ്ജുവിന്റെ കഴിവുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു ചെറിയ സ്കോർ ആണ്. എന്നിരുന്നാലും അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ചുറി സഞ്ജുവിന്റെ കരിയറിൽ വലിയ ബ്രേക്ക് ആകുമെന്നാണ് കരുതുന്നത്. നിലവിൽ 22.84 എന്ന ശരാശരിയിലാണ് സഞ്ജു ട്വന്റി20 മത്സരങ്ങളിൽ കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top