കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത ടീമിനായി തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച താരമാണ് നിതീഷ് റാണ. ഇതുവരെ ഐപിഎല്ലിൽ 107 മത്സരങ്ങളിൽ നിന്ന് 2636 റൺസാണ് റാണ സ്വന്തമാക്കിയിട്ടുള്ളത്. 18 അർധസെഞ്ച്വറികൾ റാണ സ്വന്തമാക്കിയിട്ടുണ്ട്. 2018 ഐപിഎല്ലിലൂടെ ആയിരുന്നു റാണ കൊൽക്കത്ത നൈറ്റ് ടീമിലേക്ക് എത്തിയത്.
2023 ഐപിഎൽ സീസണിൽ കൊൽക്കത്തൻ നായകൻ ശ്രേയസ് അയ്യർ പരുക്ക് മൂലം മാറിനിന്നപ്പോൾ, റാണ ടീമിന്റെ നായകനായി മാറിയിരുന്നു. 2025 ഐപിഎൽ മെഗാലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ റാണയെ കൊൽക്കത്ത ടീം നിലനിർത്തുമോ എന്ന കാര്യം അവ്യക്തമാണ്. ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നിതീഷ് റാണ.
ഐപിഎല്ലിന് മുൻപായി 6 താരങ്ങളെയാണ് പരമാവധി ഒരു ടീമിന് നിലനിർത്താൻ സാധിക്കുന്നത്. കൊൽക്കത്തയെ സംബന്ധിച്ച് എല്ലാ താരങ്ങളും വളരെ മികച്ച പ്രകടനം കഴിഞ്ഞ സീസണുകളിൽ കാഴ്ചവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരെയൊക്കെ തങ്ങളുടെ ടീമിൽ നിലനിർത്തണമെന്നത് കൊൽക്കത്തയ്ക്ക് വലിയ തലവേദന ഉണ്ടാക്കുന്നു. ഈ സമയത്താണ് തന്റെ അഭിപ്രായം രേഖപ്പെടുത്തി റാണ രംഗത്ത് എത്തിയത്.
ഇതുവരെയും താൻ കൊൽക്കത്തയ്ക്കായി മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിട്ടുള്ളതെന്നും, തനിക്ക് ഇനിയും കൊൽക്കത്ത ടീമിൽ കളിക്കാനാണ് താല്പര്യമെന്നും റാണ പറഞ്ഞു. അടുത്ത സീസണിൽ കൊൽക്കത്തയ്ക്കായി താൻ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും, എന്നാൽ ഇതുവരെ ഫ്രാഞ്ചൈസി തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നും റാണ പറഞ്ഞു.
“കഴിഞ്ഞ 7 വർഷങ്ങളിൽ ഞാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന് വേണ്ടി സേവനമനുഷ്ഠിക്കുകയാണ്. എന്നെ നിലനിർത്തണമോ വേണ്ടയോ എന്ന തീരുമാനം കൈക്കൊള്ളേണ്ടത് കൊൽക്കത്ത മാനേജ്മെന്റ് ആണ്. അത് എന്റെ കയ്യിലുള്ള കാര്യമല്ല. പക്ഷേ ഇതുവരെയും എനിക്ക് അതേ സംബന്ധിച്ച് യാതൊരു കോളുകളും വന്നിട്ടില്ല. കൊൽക്കത്തക്കായി എല്ലാ വർഷവും ഒരുപാട് റൺസ് സ്വന്തമാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ആസ്തിയായി കൊൽക്കത്ത എന്നെ കാണുകയാണെങ്കിൽ, അവർ എന്നെ നിലനിർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് കൊൽക്കത്തയ്ക്കായി കളിക്കാനാണ് താൽപര്യം.”- റാണ പറഞ്ഞു.
ഇത്തവണത്തെ ഐപിഎൽ മേഗാലേലത്തിന് മുൻപായി ഒരുപാട് വലിയ തലവേദനകൾ നേരിടുന്ന ഫ്രാഞ്ചൈസിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണിൽ ഐപിഎല്ലിന്റെ കിരീടം സ്വന്തമാക്കാൻ കൊൽക്കത്തക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം വമ്പൻ താരങ്ങളെ കൈവിടേണ്ട സാഹചര്യമാണ് കൊൽക്കത്തയ്ക്ക് വന്നിരിക്കുന്നത്. ശ്രേയസ് അയ്യർ, ആൻഡ്രെ റസൽ, സുനിൽ നരയൻ തുടങ്ങിയ വമ്പൻ താരങ്ങളെയൊക്കെയും കൊൽക്കത്തയ്ക്ക് നിലനിർത്തേണ്ടിവരും. അതിനാൽ തന്നെ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച പല താരങ്ങളെയും ഇത്തവണ കൊൽക്കത്തയ്ക്ക് ഉപേക്ഷിക്കേണ്ടിയും വന്നേക്കും.