കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രധാന താരമായിരുന്നു അജിങ്ക്യ രഹാനെ. എന്നാൽ കുറച്ചു മോശം പ്രകടനങ്ങൾക്ക് ശേഷം ഇന്ത്യ രഹാനെയെ ദേശീയ ടീമിൽ നിന്നും മാറ്റിനിർത്തുകയാണ് ഉണ്ടായത്. നിലവിൽ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിലും രഹാനയെ ഇന്ത്യ പരിഗണിച്ചിട്ടില്ല.
ഇന്ത്യൻ ടീമിലെ തന്റെ അനുഭവങ്ങളെപ്പറ്റി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രഹാനെ. തനിക്ക് ഇപ്പോഴും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യാനാണ് താല്പര്യം എന്ന് രഹാനെ പറയുന്നു. ടീം പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിട്ടുള്ളത് എന്ന് രഹാനെ കൂട്ടിച്ചേർക്കുകയുണ്ടായി. വാങ്കഡെ സ്റ്റേഡിയത്തിലെ പ്രയാസമേറിയ പിച്ചുകളാണ് തന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്നും രഹാനെ പറയുന്നു.
ഇന്ത്യക്കായി 85 ടെസ്റ്റ് മത്സരങ്ങൾ കളിച്ച രഹാനെ 5077 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 38.46 എന്ന ശരാശരിയിലാണ് രഹാനെ ഇന്ത്യൻ ടീമിൽ കളിച്ചിരുന്നത്. 12 സെഞ്ച്വറികളും 26 അർധ സെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 8 സെഞ്ച്വറികൾ പിറന്നത് വിദേശ പിച്ചുകളിലാണ് എന്നത് രഹാനെയുടെ കാലിബർ കാട്ടിത്തരുന്നു. എന്നിരുന്നാലും അവസാന മത്സരങ്ങളിൽ രഹാനെ സ്ഥിരത പുലർത്താതിരുന്നത് ഇന്ത്യൻ ടീമിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പിന്നീട് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ രഹാനെയെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അതുണ്ടായില്ല. ഇതേ സംബന്ധിച്ച് രഹാനെ സംസാരിക്കുകയുണ്ടായി.
“എനിക്ക് ഏറ്റവും ഇഷ്ടം വെല്ലുവിളികളാണ്. ഇന്ത്യ 30-3, 20-3, 50-3 എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ നിൽക്കുമ്പോഴാണ് ഞാൻ റൺസ് കണ്ടെത്തിയിട്ടുള്ളത്. ടീമിന് എന്റെ പ്രകടനം ആവശ്യമുള്ള സമയത്ത് എനിക്ക് മികവ് പുലർത്താൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കരിയറിലൂടനീളം ഇത്തരത്തിലുള്ള പ്രയാസകരമായ സാഹചര്യങ്ങളിലാണ് മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടുള്ളത്. ബോളിന് കൂടുതൽ സഹായങ്ങൾ ലഭിക്കുന്ന പിച്ചുകളിൽ ബാറ്റ് ചെയ്യാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. ബൗൺസുകളും മറ്റും കൂടുതലായി ലഭിക്കുന്ന പിച്ചുകളിൽ ഞാൻ നന്നായി കളിക്കാൻ ശ്രമിക്കാറുണ്ട്.”- രഹാനെ പറയുന്നു.
വാങ്കഡെ മൈതാനത്ത് കളിച്ചു വളർന്നതാണ് തനിക്ക് കരിയറിൽ ഏറ്റവുമധികം ഗുണം ചെയ്തത് എന്ന് രഹാനെ കൂട്ടിച്ചേർക്കുന്നു. “ഒരുപാട് നാൾ വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അവിടെ പന്തുകൾക്ക് നല്ല ബൗൺസ് ലഭിക്കാറുണ്ട്. ഇതെനിക്ക് ഗുണം ചെയ്തിട്ടുണ്ട്.”- രഹാനെ കൂട്ടിച്ചേർക്കുന്നു. നിലവിൽ 2024-25 രഞ്ജി ട്രോഫി സീസണിൽ മുംബൈയുടെ നായകനാണ് രഹാനെ. ഇതുവരെയും ഈ സീസണിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നിരുന്നാലും രഹാനയുടെ സേവനം ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് വലിയ ശക്തിയായിരുന്നു.