“ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ എനിക്ക് ഒരു ആശങ്ക മാത്രമുള്ളു “. തുറന്നുപറഞ്ഞ് രോഹിത് ശർമ.

2024 ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്കാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ചരിത്രം ഇംഗ്ലണ്ടിനുണ്ട്. മത്സരത്തിൽ 10 വിക്കറ്റുകൾക്കായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇതിനുള്ള പ്രതികാരം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇന്ത്യ ഇന്ന് മൈതാനത്ത് ഇറങ്ങുക. എന്നാൽ ഇതിന് മുൻപ് ഇന്ത്യൻ ടീം നേരിടുന്ന പ്രധാന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ നായകൻ രോഹിത് ശർമ രംഗത്തെത്തുകയുണ്ടായി.

മത്സരത്തിൽ മഴ ഭീഷണിയാവുമോ എന്നത് തങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നാണ് രോഹിത് ശർമ പറഞ്ഞത്. എന്നിരുന്നാലും മത്സരം വൈകിയാൽ അത് തങ്ങളെ മറ്റൊരു തരത്തിൽ ബാധിക്കുമെന്നും, ടീമിന് വെല്ലുവിളി ഉയർത്തുമെന്നും രോഹിത് കൂട്ടിച്ചേർക്കുകയുണ്ടായി. “കാലാവസ്ഥ സാഹചര്യങ്ങൾ ഒരു കാരണവശാലും നമുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതല്ല. അതിനാൽ തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെപ്പറ്റി നമുക്ക് യാതൊരു ആശയവുമില്ല. എന്നിരുന്നാലും എന്നെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്. മത്സരം മോശം കാലാവസ്ഥ മൂലം ഒരുപാട് വൈകുകയാണെങ്കിൽ ഞങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന ഫ്ലൈറ്റ് നഷ്ടമാവും. അങ്ങനെയെങ്കിൽ ഫൈനലിന് മുൻപ് കാര്യങ്ങൾ കുറച്ച് പ്രതിസന്ധിയിലാവും.”- രോഹിത് പറഞ്ഞു.

“എന്നിരുന്നാലും അത് വലിയ കാര്യമായി ഞങ്ങൾ കണക്കാക്കുന്നില്ല. ഐസിസിയ്ക്കും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനുമാണ് ഞങ്ങളെ അടുത്ത വേദിയിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്തമുള്ളത്. ഈ മത്സരത്തിൽ എങ്ങനെ മികച്ച രീതിയിൽ കളിക്കാം എന്നതിൽ മാത്രമാണ് ഞങ്ങൾ ശ്രദ്ധ ചെല്ലുന്നത്. മികച്ച പ്രകടനം പുറത്തെടുത്ത് മത്സരത്തിൽ ഞങ്ങൾക്ക് അനുകൂലമായ ഫലം ഉണ്ടാക്കുക എന്നത് മാത്രമാണ് മനസ്സിലുള്ളത്. രണ്ട് മികച്ച ക്രിക്കറ്റ് ടീമുകളാണ് ഇന്ന് സെമിഫൈനലിൽ ഇറങ്ങാൻ പോകുന്നത്. അതിനാൽ തന്നെ നല്ലൊരു മത്സരമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

“മത്സരത്തിൽ ഇന്ത്യയ്ക്ക് യാതൊരുതര മുൻതൂക്കവും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങളുടെ ടീമിലുള്ള ചില താരങ്ങൾ ഇവിടെ വ്യത്യസ്തമായ വേദികളിൽ കളിച്ചിട്ടുള്ളവരാണ്. ഇംഗ്ലണ്ട് താരങ്ങളും ഗയാനയിലും മറ്റു വേദികളിലും കളിച്ചിട്ടുള്ളവരാണ് എന്നെനിക്കുറപ്പാണ്. അതുകൊണ്ടുതന്നെ ഇവിടെ ഞങ്ങൾക്ക് മാത്രമായി ഒരു മുൻതൂക്കമുണ്ടെന്ന് കരുതുന്നില്ല. എല്ലാത്തിനും അവസാനം നല്ല രീതിയിൽ കളിക്കുക എന്നതിനാണ് ഏറ്റവും പ്രാധാന്യം. അതിലേക്കാണ് ഞങ്ങൾ ശ്രദ്ധ വയ്ക്കുന്നതും.”- രോഹിത് ശർമ പറഞ്ഞു വയ്ക്കുകയുണ്ടായി.

Previous article“2022 ലോകകപ്പ് സെമി ഫൈനൽ ഓർമ്മയുണ്ടോ?”, ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്.
Next article“അവനാണ് ലോകകപ്പിലെ ഇന്ത്യയുടെ X ഫാക്ടർ “. ഗൗതം ഗംഭീർ.