“എന്റെ കരിയറിൽ വിജയത്തെക്കാൾ പരാജയങ്ങളാണ് ഉള്ളത്” സഞ്ജു സാംസൺ മനസ് തുറക്കുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയതോടെ മലയാളി താരം സഞ്ജു സാംസണ് വലിയ രീതിയിലുള്ള പ്രശംസകളാണ് എത്തിയിരിക്കുന്നത്. സഞ്ജുവിന്റെ ട്വന്റി20 ക്രിക്കറ്റിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്.

ഇതോടെ മുൻ താരങ്ങളുടെ അടക്കം വലിയ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സഞ്ജു സാംസൺ. അന്താരാഷ്ട്ര ക്രിക്കറ്റിൽ എന്തുകൊണ്ട് സഞ്ജു മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ കാണാൻ സാധിച്ചത്. ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായി 2 സെഞ്ച്വറികൾ നേടുന്ന ആദ്യ താരമായി സഞ്ജു മാറിയിരുന്നു. ഇതുവരെ താൻ നേരിട്ട വലിയ വിമർശനങ്ങളെ പറ്റി സഞ്ജു സാംസൺ മനസ്സുതുറന്ന് സംസാരിക്കുകയുണ്ടായി.

തന്റെ ക്രിക്കറ്റ് കരിയറിൽ വിജയങ്ങളെക്കാളേറെ പരാജയങ്ങളാണ് നേരിടേണ്ടിവന്നത് എന്ന് സഞ്ജു സാംസൺ പറയുകയുണ്ടായി. “സത്യസന്ധമായി പറഞ്ഞാൽ എന്റെ കരിയറിൽ വിജയങ്ങളേക്കാൾ കൂടുതൽ പരാജയങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇത്തരത്തിൽ പരാജയങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഒരുപാട് സംശയങ്ങൾ എത്തും. നമ്മൾ നമ്മെ തന്നെ സംശയിക്കാനും തുടങ്ങും. സോഷ്യൽ മീഡിയയിൽ ആളുകൾ സംസാരിക്കുന്ന കാര്യങ്ങൾ നമ്മളുടെ മനസ്സിലും വലിയ രീതിയിൽ കളിക്കും. നമ്മൾ നമ്മെ തന്നെ ചോദ്യം ചെയ്യാനും ഇതോടെ ആരംഭിക്കും.”- സഞ്ജു പറയുന്നു.

“നമ്മൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ യോഗ്യനാണോ എന്ന് പോലും ഒരു നിമിഷം ചിന്തിച്ചു പോകും. ഐപിഎല്ലിൽ ഞാൻ വളരെ നന്നായി തന്നെ കളിക്കുന്നുണ്ട്. പക്ഷേ എന്തുകൊണ്ടാണ് എനിക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ വരുന്നത്? ഇത്തരത്തിലുള്ള പല ചോദ്യങ്ങളും എന്റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ ഇപ്പോൾ വർഷങ്ങൾ കടന്നുപോയി. ഇപ്പോഴത്തെ അനുഭവസമ്പത്ത് വെച്ച് എനിക്ക് എന്റെ കഴിവിനെപ്പറ്റി പൂർണമായ ബോധ്യമുണ്ട്. ക്രീസിൽ കുറച്ചു സമയം ചിലവഴിക്കാൻ സാധിച്ചാൽ എനിക്ക് മികച്ച ഷോട്ടുകൾ കളിക്കാനും കഴിയുമെന്ന ആത്മവിശ്വാസമുണ്ട്  ടീമിനായി മികച്ച സംഭാവനകൾ നൽകാനും ടീമിനെ വിജയിപ്പിക്കാനും സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത്തരത്തിലാണ് ഞാൻ എന്നോട് തന്നെ സംസാരിക്കാറുള്ളത്.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.

തന്റെ മികച്ച പ്രകടനത്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനും കോച്ച് ഗൗതം ഗംഭീറിനുമാണ് സഞ്ജു ക്രെഡിറ്റ് നൽകുന്നത്. “സൂര്യകുമാറിനെ പോലെ ഒരു പിന്തുണ നൽകുന്ന നായകനും ഗൗതം ഗംഭീറിനെ പോലെ ഒരു കോച്ചും ഉണ്ടായത് എന്റെ പ്രകടനത്തിൽ നിർണായകമായി. എന്റെ പരാജയങ്ങളിലൊക്കെയും അവർ എനിക്ക് വലിയ പിന്തുണയാണ് നൽകിയത്.

മോശം സമയങ്ങളിൽ അവരുമായി നടത്തുന്ന സംഭാഷണങ്ങൾ പോലും എന്നെ വലിയ രീതിയിൽ പ്രചോദിപ്പിച്ചിട്ടുണ്ട്. നെഗറ്റീവായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന എല്ലാ താരങ്ങൾക്കും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവാം. ഈ സമയത്തൊക്കെയും ഗൗതം ഭായിയും സൂര്യയും എന്നെ ഫോണിൽ വിളിക്കുകയും എന്താണ് മുന്നോട്ടുള്ള കാര്യങ്ങളെന്ന് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.”- സഞ്ജു പറഞ്ഞുവയ്ക്കുന്നു.

Previous article“അടുത്ത 7 മത്സരങ്ങളിലും നീയാണ് ഓപ്പണർ, റൺസ് നേടിയില്ലെങ്കിലും പ്രശ്നമില്ല”, സൂര്യ അന്ന് സഞ്ജുവിനോട് പറഞ്ഞത്.
Next articleഓസീസിനെതിരെ തോറ്റാൽ ഗംഭീറിന്റെ കോച്ച് സ്ഥാനം തെറിക്കും. കർശന നിലപാടുമായി ബിസിസിഐ.