ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകൻ ആകാനുള്ള ഓഫർ തനിക്ക് ലഭിച്ചിരുന്നു എന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്. അന്നത്തെ നായകനായിരുന്നു വിരാട് കോഹ്ലിയുടെയും അനിൽ കുംബ്ലെയുടെയും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലാണ് തനിക്ക് ഈ ഓഫർ ലഭിച്ചതെന്നും വെളിപ്പെടുത്തി. എന്തുകൊണ്ടാണ് താൻ ഈ ഓഫർ സ്വീകരിക്കാതിരുന്നത് എന്നും സെവാഗ് തുറന്നു പറഞ്ഞു.
അനിൽ കുംബ്ലെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റത് 2016 ലാണ്. എന്നാൽ അന്നത്തെ നായകനായിരുന്ന വിരാട് കോഹ്ലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2017 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം സ്ഥാനം ഒഴിയുകയായിരുന്നു.”ബി സി സി ഐ സെക്രട്ടറി അമിതാബ് ചൗധരിയും വിരാട് കോഹ്ലിയും എന്നെ സമീപിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യൻ മുഖ്യ പരിശീലകനാകുവാൻ ഞാൻ അപേക്ഷിക്കുകയില്ലായിരുന്നു.
അവർ എന്നോട് പറഞ്ഞത് അനിൽ കുംബ്ലെയും വിരാട് കോഹ്ലിയും ചേർന്നു പോകുന്നില്ല എന്നും ഞാൻ പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്നുമായിരുന്നു. കുംബ്ലെയുടെ കരാർ അവസാനിച്ചതിനു ശേഷം വെസ്റ്റിൻഡീസിലേക്ക് ടീമിൻ്റെ കൂടെ പോകുവാൻ എന്നോട് പറഞ്ഞു. ഞാൻ നോ എന്നോ യെസ് എന്നോ അപ്പോൾ പറഞ്ഞില്ല.
വെസ്റ്റിൻഡീസിലേക്ക് പോകണമെങ്കിൽ എന്റെ കൂടെ എന്റേതായ കോച്ചിംഗ് സ്റ്റാഫുകൾ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു. സപ്പോർട്ടിംഗ് സ്റ്റാഫിനെ തിരഞ്ഞെടുക്കാനുള്ള അവകാശം എനിക്ക് വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു. പക്ഷേ എനിക്ക് അത് ലഭിച്ചില്ല. അതുകൊണ്ട് ആ ഓഫർ ഞാൻ വേണ്ട എന്ന് വച്ചു.”- സെവാഗ് പറഞ്ഞു.