ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു ശേഷമാണ് യുഏഈയില്‍ വച്ച് ഐസിസി ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയില്‍ വച്ച് നടക്കേണ്ട ലോകകപ്പ് കോവിഡ് വ്യാപനം കാരണമാണ് അറബ് രാജ്യത്തേക്ക് മാറ്റിയത്. ഇത്തവണ കിരീടം സ്വന്തമാക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പിനു ശേഷം നായക സ്ഥാനത്ത് നിന്നും ഒഴിയും എന്ന പ്രഖ്യാപിച്ച കോഹ്ലിക്ക് കിരീടനേട്ടത്തോടെ പടിയിറങ്ങാന്‍ കഴിയുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. വരുന്ന ടൂര്‍ണമെന്‍റില്‍ കോഹ്ലിയാണ് ഓപ്പണറാവുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരിന്നു.
എന്നാല്‍ ഈ വിഷയത്തില്‍ കോഹ്ലി ഓപ്പണറാവരുതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്. കോഹ്ലിയെ ആരെങ്കിലും പറഞ്ഞ് മനസിലാക്കിക്കണമെന്നും കെ എല്‍ രാഹുല്‍ ഓപ്പണറാവുന്നതാണ് ഇന്ത്യക്ക് ഗുണമെന്നുമാണ് സെവാഗ് പറയുന്നത്.
” ഞാൻ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിൽ ഉണ്ടായിരുന്നെങ്കിൽ, ക്യാപ്റ്റൻ വിരാട് കോലി വൺഡൗണായി ഇറങ്ങുന്നതാണ് നല്ലതെന്ന് പറഞ്ഞു ബോധ്യപ്പെടുത്തുമായിരുന്നു. പകരം കെ.എൽ. രാഹുൽ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതാണ് ടീമിനു നല്ലത്. സത്യത്തിൽ ബാറ്റിങ് ഓർഡർ നിശ്ചയിക്കുന്നതിൽ അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാണ്. പക്ഷേ, എല്ലാവരും സമാനമായ നിർദ്ദേശം മുന്നോട്ടുവച്ചാൽ അതു കേൾക്കാൻ തയാറാകണം ” സേവാഗ് പറഞ്ഞു.
ഈ ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് പഞ്ചാബ് കിംഗ്സ് നായകനായ കെല്‍ രാഹുല്‍. 13 മത്സരങ്ങളില്‍ 626 റണ്‍സ് നേടിയ രാഹുല്‍ റണ്‍ വേട്ടയില്‍ മുന്നിലാണ്. അവസാന ലീഗ് മത്സരത്തിൽ തകർത്തടിച്ച് 98 റൺസെടുത്ത രാഹുലിന്റെ ശൈലി തുടരാനായാൽ, അദ്ദേഹം വളരെ വിനാശകാരിയായിരിക്കും എന്നാണ് സേവാഗ് ചൂണ്ടിക്കാട്ടുന്നത്.
മുൻപ് ഇന്ത്യൻ ടീമിന്റെ നായകൻമാരായിരുന്ന താരങ്ങളെല്ലാം ഇത്തരത്തിൽ മറ്റുള്ളവരുടെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങളെയും മാനിച്ചവരാണ് എന്ന് സേവാഗ് ചൂണ്ടിക്കാട്ടി. ” സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ തുടങ്ങി മഹേന്ദ്രസിങ് ധോണി പോലും രണ്ടോ മൂന്നോ പേർ സമാനമായ അഭിപ്രായം പറഞ്ഞാൽ അത് പരിഗണിക്കാൻ തയാറായിരുന്നു. പക്ഷേ, ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ അതു സാധ്യമാകുമോ എന്ന് എനിക്കറിയില്ല ” സേവാഗ് പറഞ്ഞു.
ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിനു മുന്‍പ് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്ക് എതിരെ പരിശീലന മത്സരം കളിക്കും.