സൗത്താഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയോടെയാണ് ടെസ്റ്റ് നായകന്‍ സ്ഥാനത്ത് നിന്നും വീരാട് കോഹ്ലി പടിയിറങ്ങിയത്. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും നായക സ്ഥാനം ഒഴിഞ്ഞ വീരാട് കോഹ്ലിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി എത്തിയിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വീരാട് കോഹ്ലി തുടരുകയായിരുന്നെങ്കില്‍ അനായാസം 50-60 വിജയങ്ങള്‍ നേടാമായിരുന്നു എന്നും, എന്നാല്‍ ഈ വിജയങ്ങള്‍ ചിലര്‍ക്ക് ദഹിക്കില്ലാ എന്ന് രവി ശാസ്ത്രി പരാമര്‍ശിച്ചിരുന്നു.
രവി ശാസ്ത്രിയുടെ വലിയ ആരാധകനാണ് താന്‍ എന്നും എന്നാല്‍ ഇപ്പോഴത്തെ രവി ശാസ്ത്രിയുടെ കമന്‍റുകള്‍ മനസ്സിലാവുന്നില്ലാ എന്നും മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. പുതിയ രവി ശാസ്ത്രിയെ ശാസ്ത്രി 2.0 എന്നാണ് മഞ്ജരേക്കര്‍ ലേബല്‍ ചെയ്തിരിക്കുന്നത്.
” ഞാന്‍ രവി ശാസ്ത്രിയുടെ വലിയ ആരാധകനാണ്. അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. അദ്ദേഹത്തിന് കീഴില്‍ കളിച്ചിട്ടുള്ള ആള്‍ എന്ന നിലക്ക് കളിക്കാരെ പിന്തുണക്കുന്ന ആളും മികച്ച പോരാളിയുമാണ് രവി ശാസ്ത്രിയെന്ന് എനിക്ക് വ്യക്തമായി അറിയാം. എന്നാല്‍ രവി ശാസ്ത്രി 2.0 യെ എനിക്ക് അറിയില്ല. പൊതുവേദികളില്‍ അദ്ദേഹം നടത്തുന്ന പല പ്രസ്താവനകളും പ്രതീക്ഷിച്ചതാണെങ്കിലും അതിനോടൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല. ”
” കാരണം, അദ്ദേഹത്തോട് അനാദരവ് കാണിക്കാന്‍ എനിക്ക് കഴിയില്ല. അദ്ദേഹം നടത്തുന്ന പല പ്രസ്താവനകളും ബുദ്ധിപരമല്ല. ക്രിക്കറ്റിനെ സൂഷ്മമായി നിരീക്ഷിക്കുന്ന ഒരാളുടെ വിലയിരുത്തലുമല്ല. പക്ഷെ അതിന് പിന്നിലൊരു അജണ്ടയുണ്ട് “-മഞ്ജരേക്കര്‍ പറഞ്ഞു.