ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഒരു ത്രസിപ്പിക്കുന്ന വിജയമായിരുന്നു ന്യൂസിലാൻഡ് നേടിയത്. മത്സരത്തിലെ രണ്ട് വിക്കറ്റുകളുടെ വിജയത്തോടെ ശ്രീലങ്കയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് ന്യൂസിലാൻഡ് പുറംതള്ളി. ഇതോടെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ന്യൂസിലാൻഡിനോടും കെയിൻ വില്യംസനോടും ഇന്ത്യ കടപ്പെട്ടിരിക്കണം എന്ന അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ അതിന്റെ ആവശ്യമില്ല എന്നാണ് ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ പറയുന്നത്. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിയത് കഴിഞ്ഞ രണ്ടു വർഷങ്ങളിലെ മികച്ച പ്രകടനങ്ങൾ കൊണ്ടാണെന്നും സുനിൽ ഗവാസ്കർ പറയുകയുണ്ടായി.
ഇന്ത്യ ടുഡേ ന്യൂസിനോട് സംസാരിക്കുകയായിരുന്നു സുനിൽ ഗവാസ്കർ. “ഇന്ത്യ ന്യൂസിലാൻഡിനോട് കടപ്പാട് കാണിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ അവിസ്മരണീയമായ പ്രകടനങ്ങളായിരുന്നു ഇന്ത്യ കാഴ്ചവെച്ചത്. അതിനാൽ തന്നെ എന്തൊക്കെ പറഞ്ഞാലും രണ്ടാം നമ്പർ ടീമായി ഫൈനലിലെത്താൻ അർഹർ ഇന്ത്യ തന്നെയാണ്.”- ഗവാസ്കർ പറയുന്നു.
“ന്യൂസിലാൻഡ് മത്സരത്തിൽ വിജയിച്ചു. അത് ന്യൂസിലാൻഡ് ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ നല്ല കാര്യമാണ്. എന്നാൽ ഇന്ത്യ ന്യൂസിലാൻഡിനോട് നന്ദി പറയേണ്ട ആവശ്യമില്ല. കാരണം 2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനു ശേഷം അത്യുഗ്രൻ പ്രകടനങ്ങളാണ് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവർ അവരുടേതായ കഴിവിനാൽ ഫൈനലിലെത്താൻ സാധിക്കുന്നവരാണ്. ഇന്ത്യയ്ക്ക് മറ്റാരുടെയും സഹായം ആവശ്യമില്ല.”- ഗവാസ്ക്കർ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം സമനിലയിലാവുകയാണ് ഉണ്ടായത്. ഇതോടെ 2-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുകയും ചെയ്തു. ഡൽഹിയിലും നാഗപൂരിലും നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലായിരുന്നു ഇന്ത്യ വിജയം കണ്ടത്. മാർച്ച് 17നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്.