റാങ്കിനെപ്പറ്റി ചിന്തിക്കുന്നില്ല. ഇന്ത്യ കിരീടം നേടണം എന്ന ലക്ഷ്യമേ മുമ്പിലുള്ളൂവെന്ന് സിറാജ്.

നിലവിൽ ഇന്ത്യയുടെ പേസ് ബോളിംഗ് യൂണിറ്റ് അതിശക്തമായാണ് ഇതുവരെ ലോകകപ്പിൽ പ്രകടനങ്ങൾ കാഴ്ച വച്ചിരിക്കുന്നത്. ഇതിൽ പ്രധാനിയായ പേസറാണ് മുഹമ്മദ് സിറാജ്. ഐസിസിയുടെ ഏകദിന ബോളർമാരുടെ റാങ്കിങ്ങിൽ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്ത് എത്തുകയുണ്ടായി. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി നടത്തിയ കൃത്യതയാർന്ന പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സിറാജിന്റെ ഈ മുന്നേറ്റം.

മുഹമ്മദ് ഷാമിക്കും ബുമ്രയ്ക്കുമൊപ്പം ഇന്ത്യക്കായി ഇതുവരെ ലോകകപ്പിൽ മികവാർന്ന പ്രകടനങ്ങളാണ് സിറാജും കാഴ്ച വെച്ചിട്ടുള്ളത്. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ സാഹചര്യത്തിൽ മുഹമ്മദ് സിറാജ് മനസ്സ് തുറക്കുകയുണ്ടായി. താൻ ഇപ്പോൾ റാങ്കിങ്ങിനെ പറ്റി ചിന്തിക്കുന്നില്ലെന്നും പൂർണ്ണമായ ലക്ഷ്യം ലോകകപ്പ് വിജയിക്കുക എന്നതാണെന്നുമാണ് മുഹമ്മദ് സിറാജ് പറഞ്ഞത്.

ഐസിസി പുറത്തുവിട്ട വീഡിയോയിലാണ് മുഹമ്മദ് സിറാജ് ഇതിനെപ്പറ്റി സംസാരിച്ചത്. “സത്യസന്ധമായി പറഞ്ഞാൽ ഞാൻ കുറച്ചു നാളുകളായി ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു. അതിനു ശേഷം റാങ്കിങ്ങിൽ താഴേക്ക് പോവുകയും മുകളിലേക്ക് ഉയരുകയുമാണ് ചെയ്തത്. അതിനാൽ തന്നെ ഈ ഒന്നാം നമ്പർ എന്നതിൽ ഞാൻ അധികം ആവേശ ഭരിതനാകുന്നില്ല. ഇന്ത്യയെ ലോകകപ്പ് വിജയിക്കാൻ സഹായിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. വരും മത്സരങ്ങളിലെ എന്റെ പ്രകടനം എന്റെ രാജ്യത്തെ ആ ലക്ഷ്യത്തിലെത്താൻ സഹായിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- മുഹമ്മദ് സിറാജ് പറയുന്നു.

ഇതോടൊപ്പം ഏകദിന ലോകകപ്പിൽ ഇന്ത്യ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കുന്നതിൽ തനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട് എന്നും സിറാജ് പറയുകയുണ്ടായി. സെമിഫൈനൽ- ഫൈനൽ മത്സരങ്ങളിലും ഇന്ത്യ ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കും എന്നാണ് സിറാജ് പറയുന്നത്. “ലോകകപ്പിൽ ഇത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ച ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. വരാനിരിക്കുന്ന നിർണായകമായ മത്സരങ്ങളിലും ഒരു ടീം എന്ന നിലയിൽ ഇത്തരത്തിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. വളരെ മികച്ച ബോളിംഗ് യൂണിറ്റാണ് നമുക്കുള്ളത്. ഈ യൂണിറ്റിനൊപ്പം വളരെ സന്തോഷത്തിലാണ് ഞാനും.”- സിറാജ് കൂട്ടിച്ചേർത്തു.

ഇതുവരെ ഈ ലോകകപ്പിൽ ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. 8 മത്സരങ്ങളിൽ എട്ടെണ്ണത്തിലും വിജയം സ്വന്തമാക്കാൻ രോഹിത് ശർമയുടെ ടീമിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല സെമി ഫൈനലിലേക്ക് ഇന്ത്യ യോഗ്യതയും നേടിക്കഴിഞ്ഞു. നിലവിൽ ന്യൂസിലാൻഡാണ് ഇന്ത്യയ്ക്ക് സെമിഫൈനലിലെ എതിരാളികളായി എത്താൻ സാധ്യത. മുൻപ് ലോകകപ്പുകളിൽ സെമി ഫൈനലിൽ ആയിരുന്നു ഇന്ത്യയ്ക്ക് കാലിടറിയത്. അതിനാൽ തന്നെ വളരെ തന്മയത്തത്തോടെ ഈ സെമി ഫൈനലിൽ ഒരു മികവാർന്ന പ്രകടനം പുറത്തെടുക്കാനാണ് ഇന്ത്യൻ ടീം ശ്രമിക്കുന്നത്.