അധികതുക എനിക്ക് വേണ്ട, സപ്പോർട്ടിങ് സ്റ്റാഫിന് കൊടുക്കുന്ന തുക മതി. വീണ്ടും മാതൃകയായി ദ്രാവിഡ്‌.

384355

തന്റെ പ്രതിഫലത്തിലുപരി ടീമിന്റെ മികച്ച പ്രകടനത്തിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് വീണ്ടും തെളിയിച്ച് ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡ്. ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ അധികമായി അനുവദിച്ച 2.5 കോടി രൂപ കൈപ്പറ്റാതെയാണ് ദ്രാവിഡ് മാതൃകയായത്.

സ്ക്വാഡിലുള്ള മറ്റു സപ്പോർട്ടിംഗ് സ്റ്റാഫുകൾക്ക് 2.5 കോടി രൂപയും രാഹുൽ ദ്രാവിഡിന് 5 കോടി രൂപയുമായിരുന്നു ബിസിസിഐ നിശ്ചയിച്ചിരുന്നത്. എന്നാൽ മറ്റു സ്റ്റാഫുകളെ പോലെ തന്നെ തനിക്കും 2.5 കോടി രൂപ മാത്രം മതിയെന്ന് ദ്രാവിഡ്‌ പറഞ്ഞിരിക്കുകയാണ്. എല്ലാവർക്കും തുല്യമായ തുകയാണ് ആവശ്യമെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി.

ലോകകപ്പിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെയായിരുന്നു ബിസിസിഐ ടീമിനായി 125 കോടി രൂപ സമ്മാനത്തുക നൽകാൻ തീരുമാനിച്ചത്. കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കുമായാണ് ഈ തുക അനുവദിച്ചത്. ഇതിൽ കളിക്കാർക്കും രാഹുൽ ദ്രാവിഡിനും മാത്രമാണ് 5 കോടി രൂപ നിശ്ചയിച്ചിരുന്നത്. ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബോളിങ് കോച്ച് പരസ് മാംബ്ര, ഫീൽഡിംഗ് കോച്ച് ദിലീപ് എന്നിവർ അടങ്ങുന്ന സംഘത്തിന് 2.5 കോടി രൂപയാണ് ബോണസ്സായി നൽകിയിരുന്നത്. എന്നാൽ ഇവർക്ക് നൽകുന്ന അതേ തുക തന്നെ തനിക്കും മതിയാവുമെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചതായി ഒരു ഔദ്യോഗിക വൃത്തം റിപ്പോർട്ട് ചെയ്യുകയുണ്ടായി.

2.5 കോടി രൂപ ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫുകൾക്ക് ലഭിക്കുന്നതിനൊപ്പം, സെലക്ടർമാർക്കും റിസർവ് താരങ്ങൾക്കും ഒരു കോടി രൂപ വീതവും ബിസിസിഐ അനുവദിച്ചിരുന്നു. മുംബൈയിലെ ടീമിന്റെ വിജയപരേഡിന് ശേഷം ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജർ ബിന്നി എന്നിവരാണ് ഈ തുക ടീമിന് കൈമാറിയത്. ശേഷമാണ് ദ്രാവിഡ് ഇത്തരത്തിൽ രംഗത്ത് വന്നത്.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

ഇത് ആദ്യമായല്ല ദ്രാവിഡ് ഇത്തരം കാര്യങ്ങൾ കൊണ്ട് ശ്രദ്ധ നേടുന്നത്. 2018ൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കിയ സമയത്ത് ബിസിസിഐ ദ്രാവിഡിന് 50 ലക്ഷം രൂപ സമ്മാനത്തുകയായി നൽകാൻ തീരുമാനിച്ചിരുന്നു. അതേസമയം സപ്പോർട്ടിംഗ് സ്റ്റാഫുകൾക്ക് 20 ലക്ഷം രൂപയും കളിക്കാർക്ക് 30 ലക്ഷം രൂപയും ആയിരുന്നു അന്ന് ബിസിസിഐ അനുവദിച്ചിരുന്നത്. ഇതും രാഹുൽ ദ്രാവിഡ്‌ അംഗീകരിച്ചിരുന്നില്ല.

ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിൽ ഒരു നല്ല ശതമാനം ക്രെഡിറ്റ് തന്നെ ഒരുപാട് സഹായിച്ച സപ്പോർട്ടിംഗ് സ്റ്റാഫുകൾക്ക് നൽകാനും രാഹുൽ ദ്രാവിഡ് മറന്നില്ല. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് രാഹുൽ ദ്രാവിഡിന്റെ കാലാവധി ഒരു സുവർണ്ണകാലം തന്നെയായിരുന്നു സൂചിപ്പിച്ചത്. ദ്രാവിഡിന് ശേഷം മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെയാണ് ഇന്ത്യ തങ്ങളുടെ അടുത്ത കോച്ചായി നിശ്ചയിച്ചിരിക്കുന്നത്. ഗംഭീറിന്റെ നേതൃത്വത്തിലും ഒരുപാട് നേട്ടങ്ങൾ ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

Scroll to Top