2023ൽ നടക്കുന്ന 50 ഓവർ ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമെന്ന് തനിക്ക് വലിയ പ്രതീക്ഷയില്ല എന്ന് വെളിപ്പെടുത്തി ഇന്ത്യൻ താരവും 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ഹീറോയുമായി യുവരാജ് സിംഗ്. നിലവിൽ ഇന്ത്യൻ ടീമിൽ ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇവയൊക്കെയും ഇല്ലായ്മ ചെയ്തുകൊണ്ട് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും യുവരാജ് വെളിപ്പെടുത്തുന്നു. പ്രധാനമായും ഇന്ത്യൻ ടീമിൽ താരങ്ങളുടെ പരിക്കിനെയാണ് യുവരാജ് കണക്കിലെടുക്കുന്നത്. ഇതിന്റെ സാഹചര്യത്തിൽ ഇന്ത്യ ലോകകപ്പ് നേടണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, പ്രതീക്ഷ കുറവാണ് എന്ന് യുവരാജ് പറയുന്നു.
ഇന്ത്യയുടെ 2023ലെ ലോകകപ്പ് സാധ്യതകളെ പറ്റിയുള്ള അഭിമുഖത്തിലാണ് യുവരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. “സത്യസന്ധമായി പറഞ്ഞാൽ ഇന്ത്യ 2023ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. ഇന്ത്യ വിജയിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. പക്ഷേ ഇന്ത്യയുടെ മധ്യനിരയിൽ ഒരുപാട് പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രധാനമായും പരിക്കുകൾ ഇന്ത്യയെ അലട്ടുന്നുണ്ട്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യക്ക് ലോകകപ്പ് നേടാൻ സാധിക്കുന്നില്ല. ഇത് ഇന്ത്യയെ വലിയ രീതിയിൽ അലട്ടുന്നുമുണ്ട്. പക്ഷേ നന്നായി കളിക്കുക എന്നതല്ലാതെ മറ്റൊരു വഴിയില്ല.”- യുവരാജ് പറഞ്ഞു.
ഇതോടൊപ്പം ഇന്ത്യ തങ്ങളുടെ കോമ്പിനേഷനിൽ വളരെയധികം ശ്രദ്ധിക്കണമെന്നും യുവരാജ് പറയുകയുണ്ടായി. “നമുക്ക് രോഹിത് ശർമ എന്നൊരു മികച്ച നായകനുണ്ട്. മികച്ച ഒരു ടീം കോമ്പിനേഷൻ കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കണം. ലോകകപ്പിനായി തയ്യാറാവാൻ നമുക്ക് കുറച്ചു മത്സരങ്ങൾ ആവശ്യമാണ്. 20 കളിക്കാരുടെ ഒരു പൂൾ നമ്മൾ നിർമ്മിക്കേണ്ടതുണ്ട്. അതിൽ നിന്ന് 15 അംഗങ്ങൾ അടങ്ങുന്ന സ്ക്വാഡിനെ സെലക്ട് ചെയ്യണം. നിലവിൽ ഇന്ത്യയുടെ ടോപ് ഓർഡർ മികച്ചതാണ്. എന്നാൽ മധ്യനിര അല്പം പ്രശ്നത്തിലുമാണ്. നാലാം നമ്പരും അഞ്ചാം നമ്പരുമാണ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയത്. ഐപിഎൽ ഫ്രാഞ്ചൈസിയിൽ കളിക്കുന്ന അതേ ബാറ്റിംഗ് പൊസിഷനിൽ തന്നെ ഇന്ത്യൻ ടീമിലും താരങ്ങൾക്ക് അവസരം നൽകണം. നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ഒരു ബാറ്റർ വലിയ റൺവേട്ടക്കാരൻ ആവണമെന്നില്ല. പക്ഷേ സമ്മർദ്ദം കൈകാര്യം ചെയ്യാൻ പറ്റിയ ആളാവണം.”- യുവരാജ് കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നാലാം നമ്പറിൽ കളിക്കാൻ അനുയോജ്യനായ ബാറ്ററാരാണ് എന്ന ചോദ്യത്തിനും യുവരാജ് ഉത്തരം നൽകി. കെ എൽ രാഹുൽ ഇന്ത്യക്കായി ഏകദിന ലോകകപ്പിൽ നാലാം നമ്പർ പൊസിഷനിൽ കളിക്കണമെന്നാണ് യുവരാജ് പറഞ്ഞത്. ഒപ്പം റിങ്കു സിംഗും ആസ്ഥാനത്തേക്ക് ഉയർന്നുവരുന്നുണ്ട് എന്നും യുവരാജ് പറയുകയുണ്ടായി. “റിങ്കു വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. വരും മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി റിങ്കുവിന് ടീമിലെത്താൻ സാധിക്കും. പക്ഷേ ഇത് അയാളുടെ തുടക്ക സമയമാണ്. എന്നിരുന്നാലും അയാളെ മികച്ച കളിക്കാരനായി മാറ്റണമെങ്കിൽ കൂടുതൽ അവസരങ്ങൾ നൽകേണ്ടതുണ്ട്.”- യുവരാജ് പറഞ്ഞുവയ്ക്കുന്നു.