ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷം ഒരുപാട് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. മത്സരത്തിൽ ബാംഗ്ലൂർ വലിയ വിജയം സ്വന്തമാക്കി പ്ലേയോഫിലേക്ക് യോഗ്യത നേടിയിരുന്നു. മത്സരത്തിലെ വിജയത്തിന് ശേഷം ഒരുപാട് സമയം മൈതാനത്ത് ബാംഗ്ലൂർ താരങ്ങൾ ആഘോഷത്തിൽ ആറാടി.
ഈ സമയത്ത് ചെന്നൈയുടെ താരങ്ങൾ അവർക്ക് ഹസ്തദാനം നൽകാനായി മൈതാനത്തിന്റെ ഒരുവശത്ത് നിൽപ്പുണ്ടായിരുന്നു. പക്ഷേ ബാംഗ്ലൂർ കുറച്ചധികം സമയം ആഘോഷത്തിൽ ഏർപ്പെട്ടതോടെ ചെന്നൈയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി താരങ്ങൾക്ക് ഹസ്തദാനം നൽകാതെ തിരികെ ഡ്രസിങ് റൂമിലേക്ക് നടക്കുകയാണ് ഉണ്ടായത്.
ഈ സംഭവം ചൂണ്ടിക്കാട്ടി മുൻ ക്രിക്കറ്റർമാർ ഒരുപാട് പേർ രംഗത്തെത്തുകയുണ്ടായി. ചിലർ വിരാട് കോഹ്ലി അടക്കമുള്ള ബാംഗ്ലൂർ താരങ്ങളെ വിമർശിച്ചപ്പോൾ മറ്റ് ചിലർ മഹേന്ദ്ര സിംഗ് ധോണിയെയും വിമർശിക്കുകയുണ്ടായി. പക്ഷേ ഈ സംഭവത്തിൽ തന്റെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മഹേന്ദ്രസിംഗ് ധോണി ഇപ്പോൾ. ആരോടും തങ്ങൾ ബഹുമാനം ചോദിച്ചു വാങ്ങേണ്ട കാര്യമില്ലെന്നും, ആരെയും ബഹുമാനിക്കാനായി നിർബന്ധിക്കേണ്ട കാര്യമില്ലെന്നും മഹേന്ദ്ര സിംഗ് പറഞ്ഞിരിക്കുന്നു. യാതൊരു കാരണവശാലും തന്നെ ആരും ബഹുമാനിക്കാൻ താൻ നിർബന്ധം പിടിക്കില്ലന്നും ധോണി ചൂണ്ടിക്കാട്ടുന്നു.
“ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും നമുക്ക് നേരിടേണ്ടി വരും. അങ്ങനെ വിജയങ്ങൾ സ്വന്തമാക്കുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുക എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ നമുക്ക് പരാജയം സംഭവിക്കുന്ന സമയത്താണ് യഥാർത്ഥത്തിൽ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നത്.
ഒരു ടീമിനെ നയിക്കുന്ന താരത്തിന് ബഹുമാനം ആവശ്യമാണ്. കാരണം ആ ടീമിലെ ബഹുമാനിക്കേണ്ട പൊസിഷനിലുള്ള ഒരേ ഒരാൾ ക്യാപ്റ്റനാണ്. പക്ഷേ ആ പൊസിഷനിൽ ഇരിക്കുന്നതുകൊണ്ട് മാത്രം ബഹുമാനിക്കാൻ ആരെയും നിർബന്ധിക്കാൻ സാധിക്കില്ല.”- മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.
ധോണിയുടെ ഈ പ്രതികരണം ഇതിനോടകം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സാധാരണയായി വിവാദ പരാമർശങ്ങളിൽ തന്റേതായ പ്രതികരണങ്ങൾ അറിയിക്കാത്ത താരമാണ് മഹേന്ദ്രസിംഗ് ധോണി. മാത്രമല്ല മൈതാനത്തും മൈതാനത്തിന് പുറത്തും മറ്റെല്ലാ താരങ്ങളുമായി നല്ല സുഹൃത്ത് ബന്ധം കാത്തു സൂക്ഷിക്കുന്ന താരം കൂടിയാണ് ധോണി. ഒരുപക്ഷേ ധോണിയുടെ കരിയറിലെ അവസാന മത്സരമായി മാറാവുന്ന പോരാട്ടമായിരുന്നു ബാംഗ്ലൂരിനെതിരെ നടന്നത്. ഈ സാഹചര്യത്തിലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്