ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിർണായക റോളുകൾ നിർവഹിച്ച താരമാണ് മുൻ ഇന്ത്യൻ താരവും ഇതിഹാസ വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിംഗ് ധോണി.മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ ചരിത്ര നേട്ടങ്ങളിലേക്ക് നയിച്ചിട്ടുള്ള ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വർഷങ്ങൾ മുൻപ് വിരമിച്ചെങ്കിലും ഇന്നും ആരാധകപിന്തുണയിൽ ബഹുദൂരം മുൻപിൽ തന്നെയാണ്. എക്കാലവും ക്യാപ്റ്റൻ കൂൾ എന്ന് അറിയപ്പെടുന്ന ധോണിയെ കുറിച്ച് വളരെ വ്യത്യസ്തമായ അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. സച്ചിൻ പോലും വളരെ അധികം ദേഷ്യം കാണിക്കുന്നത് താൻ പലതവണകളിൽ കണ്ടിട്ടുണ്ട് എന്നും പറഞ്ഞ രവി ശാസ്ത്രി ഒരിക്കൽ പോലും ധോണിയിൽ നിന്നും അത്തരം ഒരു കാര്യം കണ്ടിട്ടില്ല എന്നും വിശദമാക്കി.മുൻ പാകിസ്ഥാൻ സ്റ്റാർ പേസർ ഷോയിബ് ആക്തറുമായി നടത്തിയ ഒരു ചർച്ചയിലാണ് ശാസ്ത്രി മനസ്സ് തുറന്നത്.
മറ്റുള്ള താരങ്ങളിൽ നിന്നും എല്ലാം വളരെ വ്യത്യസ്തനാണ് ധോണിയെന്നും പറഞ്ഞ ശാസ്ത്രി ധോണിയെ പോലൊരു താരത്തെ താൻ ഒരിക്കലും കണ്ടിട്ടില്ല എന്നും വ്യക്തമാക്കി.” ധോണിയെ പോലെ ഒരു താരത്തെ ഞാൻ എന്റെ ക്രിക്കറ്റ് ജീവിതത്തിൽ കണ്ടിട്ടില്ല. എല്ലാവിധ കാര്യവും ഒരുപോലെ കാണുന്ന ഒരു ക്രിക്കറ്റ് താരമാണ് ധോണി. ലോകകപ്പ് നേടിയാലും ലോകകപ്പ് ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്തായാലും ധോണിക്ക് ഒരു ഭാവ വ്യത്യാസം ഇല്ല. കൂടാതെ സെഞ്ച്വറി അടിച്ചാലും ആദ്യത്തെ ബോളിൽ തന്നെ വിക്കറ്റ് നഷ്ടമാക്കിയാലും അതൊന്നും മഹേന്ദ്ര സിംഗ് ധോണിക്ക് ഒരു പ്രശ്നമല്ല” രവി ശാസ്ത്രി വാചാലനായി.
“സത്യസന്ധമായി പറഞ്ഞാൽ ധോണിയുടെ ഫോൺ നമ്പർ പോലും എന്റെ കയ്യിൽ ഇല്ല. അസാധ്യമായ ക്ഷമ ശീലമുള്ള താരമാണ് ധോണി.എല്ലാം കാലവും ക്ഷമയുടെ പര്യായമായ സച്ചിൻ പോലും ദേഷ്യപെടുന്നത് ഞാൻ പല തവണ കണ്ടിട്ടുണ്ട്. എന്നാൽ ധോണിയിൽ നിന്നും അത് ഞാൻ കണ്ടിട്ടില്ല. ധോണിക്ക് ഒരു കാര്യവും അത്ര പ്രശ്നമല്ല. ഇന്ത്യൻ ടീമിലെ തന്നെ ഏറെ വ്യത്യസ്തമായ ഒരു താരമായ ധോണിക്ക് കോഹ്ലിയുമായി ഏറെ വ്യത്യാസം ഉണ്ട്. കോഹ്ലി കളിക്കാൻ എത്തിയാൽ അദ്ദേഹത്തിന്റെ ആവേശം വേറെ ലെവലാണ് ” രവി ശാസ്ത്രി അഭിപ്രായം വിശദമാക്കി.