2024 ട്വന്റി20 ലോകകപ്പോടുകൂടി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കരാർ അവസാനിക്കുകയാണ്. പുതിയ കോച്ചിനെ ഉടൻ തന്നെ ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്യും. വളരെ അഭിമാനകരമായ നേട്ടത്തോടെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പടിയിറങ്ങുന്നത്. 2021 നവംബറിലായിരുന്നു രവി ശാസ്ത്രിയ്ക്ക് പകരക്കാരനായി ഇന്ത്യൻ ടീമിന്റെ പരിശീലകനായി ദ്രാവിഡ് എത്തിയത്.
2023 ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ രാഹുൽ ദ്രാവിഡിന് സാധിച്ചിരുന്നു. എന്നാൽ ഇരു ടൂർണമെന്റ്കളിലും ഇന്ത്യക്ക് കിരീടം ഉയർത്താൻ സാധിച്ചില്ല. ശേഷമാണ് ഇപ്പോൾ 2024 ട്വന്റി20 ലോകകപ്പിൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. വരും വർഷങ്ങളിലും ഒരുപാട് കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ പത്രസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നത്.
“ഒരുപാട് അവിശ്വസനീയമായ പ്രതിഭകളുള്ള ടീമാണ് ഇന്ത്യ. ഇപ്പോൾ അവരുടെ എനർജിയും ആത്മവിശ്വാസവും മറ്റൊരു ലെവലിലാണ്. അതുകൊണ്ടുതന്നെ വരും വർഷങ്ങളിലും ഇന്ത്യ ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അടുത്ത 5- 6 വർഷങ്ങളിൽ ഇന്ത്യയ്ക്ക് ഒരുപാട് കിരീടം ലഭിക്കും. എന്നെ സംബന്ധിച്ച് ഇത് ഒരു 2 വർഷത്തിന്റെ യാത്രയായിരുന്നു.”
“ഒരു മികച്ച ടീം കെട്ടിപ്പടുക്കുകയും ആവശ്യമായ കഴിവുകളുള്ള താരങ്ങളെ തിരഞ്ഞെടുക്കുകയും ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. 2021 ലാണ് ഇതേ സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. അത് ഈ ലോകകപ്പിന് വേണ്ടി മാത്രമായിരുന്നില്ല. 2 വർഷത്തെ യാത്രയ്ക്കായുള്ള ചർച്ചകൾ ആയിരുന്നു.”- ദ്രാവിഡ് പറയുന്നു.
2003 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു രാഹുൽ ദ്രാവിഡ്. ടൂർണമെന്റിൽ ഇന്ത്യക്ക് ഫൈനലിൽ എത്താൻ സാധിച്ചെങ്കിലും കിരീടം സ്വന്തമാക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ഈ നിരാശ കൂടിയാണ് ഈ ലോകകപ്പ് കിരീടത്തിലൂടെ അവസാനിച്ചത് എന്ന് ദ്രാവിഡ് കൂട്ടിച്ചേർക്കുകയുണ്ടായി.
ഒരു കളിക്കാരൻ എന്ന നിലയിൽ ഇത്തരമൊരു ട്രോഫി സ്വന്തമാക്കാൻ ഞാൻ ഭാഗ്യവാനായിരുന്നില്ല. പക്ഷേ എന്റെ മികച്ച പ്രകടനങ്ങൾ അന്നും ഞാൻ നൽകിയിരുന്നു. എന്തായാലും ഇത്തരമൊരു ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിച്ചത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായി ഞാൻ കാണുന്നു. “- ദ്രാവിഡ് കൂട്ടിച്ചേർക്കുന്നു.
“ഇത്തരത്തിൽ ഒരു ടീമിനെ പരിശീലിപ്പിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണ്. അവർ എനിക്കായി ഈ കിരീടം സ്വന്തമാക്കിയത് എനിക്ക് വലിയ സന്തോഷം നൽകുന്നു. ഒരു വലിയ ഫീലിംഗ് ആണ് ഇപ്പോഴുള്ളത്. എന്നാൽ ഞാൻ ലക്ഷ്യംവെച്ചത് വലിയൊരു വീണ്ടെടുപ്പ് ഒന്നുംതന്നെ ആയിരുന്നില്ല. ഇത് എന്റെ ജോലിയായിരുന്നു. എന്നെ സംബന്ധിച്ച് വളരെ ആത്മാർത്ഥമായ ഒരു യാത്ര തന്നെയാണ് അവസാനിക്കുന്നത്.”- ദ്രാവിഡ് പറഞ്ഞു വെക്കുകയുണ്ടായി.
നിലവിൽ മികച്ച ഒരു ടീമിനെ കെട്ടിപ്പടുത്ത് ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കാൻ രാഹുൽ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്. വരും വർഷങ്ങളിലും ഇന്ത്യയ്ക്ക് ഈ പക്വത തുടർന്നു കൊണ്ടു പോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.