നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി ആയിരുന്നു ബൂമ്ര ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്ന് രോഹിത് ശർമയുടെ നേതൃത്വത്തിൽ മികച്ച തുടക്കം ബൂമ്രയുടെ കരിയറിന് ലഭിച്ചു.
പിന്നീട് കരിയറിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. രോഹിത് ശർമയുടെ കീഴിൽ കളിക്കുമ്പോഴുള്ള തന്റെ അനുഭവത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ബുമ്ര. രോഹിത്തിന്റെ കീഴിൽ ആദ്യമായി ഐപിഎൽ മത്സരങ്ങൾ കളിക്കുമ്പോൾ താൻ പലകാര്യങ്ങളിലും അവ്യക്തതയുള്ള താരമായിരുന്നുവെന്ന് ബൂമ്ര പറയുന്നു.
കൃത്യമായി ഫീൽഡിങ് മറ്റും നിയന്ത്രിക്കാൻ തനിക്ക് സാധിച്ചിരുന്നില്ല എന്നാണ് ബുമ്ര പറയുന്നത്. അതിനാൽ തന്നെ അക്കാര്യങ്ങളൊക്കെയും താൻ രോഹിത്തിന് വിടുകയായിരുന്നു എന്നും ബൂമ്ര കൂട്ടിച്ചേർത്തു. അത്തരത്തിൽ രോഹിത്തുമായി കൃത്യമായ ഒരു ബോണ്ട് ഉണ്ടാക്കിയെടുക്കാൻ തനിക്ക് സാധിച്ചിരുന്നു എന്ന് ബുമ്ര ചൂണ്ടിക്കാട്ടുന്നു. എന്നാൽ പിന്നീട് കൂടുതലായി തനിക്ക് ആരെയും ആശ്രയിക്കാൻ സാധിക്കില്ലയെന്ന് മനസ്സിലാക്കുകയും, കാര്യങ്ങൾ തന്റേതായ രീതിയിൽ നിർവഹിക്കുകയുമായിരുന്നു. രോഹിത് ശർമയ്ക്കൊപ്പം വളരെ മികച്ച അനുഭവങ്ങളാണ് തനിക്കുള്ളത് എന്നാണ് ബൂമ്ര പറഞ്ഞുവെക്കുന്നത്.
“ഞാൻ ക്രിക്കറ്റിലേക്ക് എത്തുന്ന സമയത്ത് എനിക്ക് യാതൊരു അറിവുമില്ലാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഐപിഎൽ കളിക്കാൻ തുടങ്ങിയ സമയത്ത് എനിക്ക് ഒന്നുംതന്നെ അറിയില്ലായിരുന്നു. രോഹിത് ശർമയാണ് എനിക്ക് വേണ്ടി ഫീൽഡ് സെറ്റ് ചെയ്തിരുന്നത്. ‘ഞാൻ ഈ ബോളാണ് എറിയാൻ പോകുന്നത്, നിങ്ങൾ അതനുസരിച്ച് ഫീൾഡ് സെറ്റ് ചെയ്യൂ, എനിക്ക് നിങ്ങളെ വിശ്വാസമാണ്’ എന്ന് ഞാൻ രോഹിത്തിനോട് പറയുമായിരുന്നു. ഞാനെറിയുന്ന പന്തുകൾക്ക് ആവശ്യമായി നിങ്ങൾ ഫീൽഡ് സെറ്റ് ചെയ്തോളൂ എന്ന് ഞാൻ അദ്ദേഹത്തോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എനിക്ക് ഒരു തിരിച്ചറിവുണ്ടായി. കൂടുതലായി ആരെയും ആശ്രയിക്കാൻ സാധിക്കില്ല എന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് ഞാൻ കാര്യങ്ങൾ പതിയെ പഠിക്കുകയായിരുന്നു.”- ബുമ്ര പറഞ്ഞു.
2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കായി തട്ടുപൊളിപ്പൻ പ്രകടനങ്ങളാണ് ബൂമ്ര കാഴ്ചവച്ചത്. ഇതിന് ശേഷം ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ പര്യടനത്തിൽ ബുമ്രയ്ക്ക് പൂർണമായ വിശ്രമം ഇന്ത്യ നൽകുകയുണ്ടായി. ലോകകപ്പിലെ താരമായി തിരഞ്ഞെടുത്തതും ബൂമ്രയെ തന്നെയായിരുന്നു.
15 വിക്കറ്റുകളാണ് ഇന്ത്യക്കായി ബുമ്ര ലോകകപ്പിൽ സ്വന്തമാക്കിയത്. 8.26 എന്ന കുറഞ്ഞ ശരാശരിയിലാണ് ബൂമ്രയുടെ ഈ നേട്ടം. ഫൈനൽ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയതിൽ പ്രധാന പങ്കുവഹിച്ചതും ബുമ്ര തന്നെയായിരുന്നു.