“ഇത്തവണ കൊൽക്കത്ത നിലനിർത്തിയില്ല എന്നറിഞ്ഞപ്പോൾ കരഞ്ഞുപോയി”- അയ്യർ പറയുന്നു.

കഴിഞ്ഞ സീസണുകളിലൊക്കെയും കൊൽക്കത്ത ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ച ഓൾറൗണ്ടറാണ് വെങ്കിടേഷ് അയ്യർ. 2021ൽ കൊൽക്കത്ത ടീമിനൊപ്പം കളിക്കാൻ ആരംഭിച്ച അയ്യർ തന്റെ കരിയറിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളതും കൊൽക്കത്തയോടൊപ്പമുള്ള ഐപിഎൽ യാത്രയിലൂടെയാണ്.

എന്നാൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന നിലനിർത്തൽ പ്രക്രിയയിൽ കൊൽക്കത്ത വെങ്കിടേഷ് അയ്യരെ റിലീസ് ചെയ്യുകയാണ് ഉണ്ടായത്. അതുകൊണ്ടു തന്നെ അയ്യർ ഇത്തവണത്തെ മെഗാ ലേലത്തിൽ ഉണ്ടാവും. കൊൽക്കത്ത തന്നെ റിലീസ് ചെയ്തു എന്നറിഞ്ഞപ്പോൾ വലിയ വിഷമമാണ് ഉണ്ടായത് എന്ന് വെങ്കിടേഷ് പറയുകയുണ്ടായി.

കൊൽക്കത്ത നിലനിർത്തിയില്ല എന്നറിഞ്ഞപ്പോൾ താൻ കരഞ്ഞു പോയതായി വെങ്കിടേഷ് അയ്യർ സൂചിപ്പിച്ചു.,

“ശരിക്കും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ടീം മാത്രമല്ല. അതൊരു കുടുംബം തന്നെയാണ്. കേവലം 16ഓ 25ഓ താരങ്ങൾ മാത്രമല്ല ആ കുടുംബത്തിലുള്ളത്. മാനേജ്മെന്റും സ്റ്റാഫുകളും പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവരും ആ കുടുംബത്തിന്റെ ഭാഗമാണ്. ഇത്തവണ കൊൽക്കത്ത നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റിൽ എന്റെ പേരില്ല എന്നറിഞ്ഞപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞു പോയി.”- വെങ്കിടേഷ് അയ്യർ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇക്കാരണത്താൽ ഇത്തവണത്തെ മെഗാലേലത്തെ വളരെ വലിയ കൗതുകത്തോടെയാണ് താൻ നോക്കിക്കാണുന്നത് എന്നും വെങ്കിടേഷ് പറയുകയുണ്ടായി. “ഇത്തവണത്തെ താരതലത്തിൽ കൊൽക്കത്ത ടീം എനിക്ക് വേണ്ടി രംഗത്ത് എത്തുമോ എന്നറിയാൻ ഞാൻ കാത്തിരിക്കുകയാണ്. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് ഇത്തവണത്തെ ലേലത്തെ ഞാൻ നോക്കി കാണുന്നത്. വീണ്ടും കൊൽക്കത്ത ടീം എന്നെ വാങ്ങുകയാണെങ്കിൽ, അത് എനിക്ക് ഒരുപാട് സന്തോഷം നൽകും.”- വെങ്കിടേഷ് അയ്യർ കൂട്ടിച്ചേർക്കുന്നു. 2021ൽ കൊൽക്കത്ത ടീം ഐപിഎല്ലിന്റെ ഫൈനലിൽ എത്തിയപ്പോഴും അയ്യർ ടീമിന്റെ ഭാഗമായിരുന്നു. 2024ൽ കൊൽക്കത്ത കിരീടം സ്വന്തമാക്കിയപ്പോഴും അയ്യരുടെ സംഭാവനകൾ ഉണ്ടായിരുന്നു.

“ഇത്തവണ കൊൽക്കത്ത ടീം നിലനിർത്തിയ താരങ്ങളൊക്കെയും വളരെ മികച്ചവർ തന്നെയാണ്. ക്രിക്കറ്റ് അറിയാവുന്ന എല്ലാവർക്കും തന്നെ കൊൽക്കത്തയുടെ നിലനിർത്തൽ പ്രക്രിയ മനസ്സിലാവും. എന്നിരുന്നാലും നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റിൽ ഞാനും ഉൾപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ ക്രിക്കറ്റ് കരിയറിൽ വലിയ വഴിത്തിരിവാണ് കൊൽക്കത്ത ടീം ഉണ്ടാക്കിയത്. എന്നെക്കൊണ്ട് കഴിയുന്നത്ര കാര്യങ്ങൾ ഞാൻ ടീമിനായി ഇതുവരെ ചെയ്തിട്ടുണ്ട്.”- അയ്യർ കൂട്ടിച്ചേർക്കുന്നു. 2024 ഐപിഎൽ സീസണിൽ കൊൽക്കത്തയ്ക്കായി 370 റൺസാണ് വെങ്കിടേഷ് അയ്യർ സ്വന്തമാക്കിയത്. അതിനാൽ തന്നെ ഇത്തവണയും കൊൽക്കത്ത അയ്യർക്കായി രംഗത്ത് വരാൻ സാധ്യതയുണ്ട്.

Previous articleഈ തോൽവി അംഗീകരിക്കാനാവില്ല. ഇന്ത്യ പിഴവ് കണ്ടെത്തി പരിഹരിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ.
Next articleടെസ്റ്റിൽ പുതിയ നായകനെ നിയമിക്കൂ. രോഹിത് ഒരു ബാറ്ററായി മാത്രം കളിക്കട്ടെ. സുനിൽ ഗവാസ്കർ പറയുന്നു.