ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഹർഭജൻ സിംഗ്. ഒരുകാലത്ത് ഇന്ത്യൻ ടീമിന്റെ നിറസാന്നിധ്യമായിരുന്ന ഹർഭജൻ, ടീമിനായി 417 ടെസ്റ്റ് വിക്കറ്റുകളും, 269 ഏകദിന വിക്കറ്റുകളും, 25 ട്വന്റി20 വിക്കറ്റുകളും ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. ഒപ്പം ഇന്ത്യ ജേതാക്കളായ രണ്ട് ലോകകപ്പുകളിലും പ്രധാന സാന്നിധ്യമായി മാറാനും ഹർഭജന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, തന്റെ കരിയറിൽ താൻ നേരിട്ടുള്ളതിൽ ഏറ്റവും പ്രയാസമേറിയ ഇന്ത്യൻ ബോളർ ഹർഭജൻ സിംഗാണെന്നാണ് മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്മൽ പറയുന്നത്.
ലോകക്രിക്കറ്റിലെ മികച്ച ഒരുപാട് ബോളർമാരെ നേരിട്ടിട്ടുള്ള ബാറ്ററാണ് കമ്റാൻ അക്മൽ. ശ്രീലങ്കയുടെ സ്പിൻ ഇതിഹാസമായ മുത്തയ്യാ മുരളീധരനെ നേരിടാൻ തനിക്ക് അനായാസം സാധിച്ചിട്ടുണ്ട് എന്ന് അക്മൽ പറയുകയുണ്ടായി. എന്നാൽ ഹർഭജനെ നേരിടാൻ താൻ അങ്ങേയറ്റം വിയർത്തതായും അക്മൽ പറഞ്ഞു. ഹർഭജന്റെ കൃത്യമായ ലൈനിലും ലെങ്ത്തിലും പാകിസ്ഥാൻ ടീം അടിയറവ് പറഞ്ഞിട്ടുള്ള ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനുശേഷമാണ് കമ്രാൻ അക്മലിന്റെ ഈ തുറന്നു പറച്ചിൽ.
“ഞാൻ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഇന്ത്യയുടെ ബോളർ ഹർഭജൻ സിംഗാണ്. ഹർഭജന നേരിടുക എന്ന് പറഞ്ഞാൽ വളരെ പ്രയാസമായ കാര്യമാണ്. മുത്തയ്യ മുരളീധരന്റെ പന്തുകൾ പോലും കൃത്യമായി നിർണയിക്കുന്നതിലും, അനായാസം കളിക്കുന്നതിലും ഞാൻ വിജയിച്ചിട്ടുണ്ട്. എന്നാൽ അതിലും വളരെ കഠിനമായ പന്തുകളാണ് ഹർഭജൻ സിംഗിന്റേത്.”- അക്‌മൽ പറയുന്നു.
ഇതോടൊപ്പം 2023ലെ ഏഷ്യാകപ്പിലും 50 ഓവർ ലോകകപ്പിലും നിലനിൽക്കുന്ന ആശങ്കകളെ പറ്റിയും അക്മൽ സംസാരിക്കുകയുണ്ടായി. 2023ലെ ഏഷ്യാകപ്പ് യുഎഇയിൽ വച്ച് നടത്താനാണെങ്കിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് അക്‌മൽ പറഞ്ഞു
എന്നാൽ ഇന്ത്യ പാകിസ്ഥാനിലേക്ക് കളിക്കാൻ വരാത്തപക്ഷം, 2023ലെ 50 ഓവർ ലോകകപ്പ് പാക്കിസ്ഥാൻ ബഹിഷ്കരിക്കുമെന്നാണ് അക്മലിന്റെ വിലയിരുത്തൽ.