ഈ അവഗണനകൾ എനിക്കിപ്പോൾ ശീലമായി. എങ്കിലും ഇന്ത്യ ലോകകപ്പ് നേടട്ടെ. മനസ്സ് തുറന്ന് ഇന്ത്യന്‍ താരം.

ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായി വളരെ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. ഏറ്റവും മികച്ച ടീമിനെ ടൂർണമെന്റിൽ അണിനിരത്തി ലോകകപ്പ് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. എന്നാൽ ഇന്ത്യയുടെ കഴിഞ്ഞ സമയങ്ങളിലെ പ്രധാന താരമായ യുസ്വെന്ദ്ര ചഹലിനെ ഇന്ത്യ തങ്ങളുടെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. വളരെ അവിചാരിതമായ രീതിയിലായിരുന്നു ഇന്ത്യ ചാഹലിനെ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഇപ്പോൾ ലോകകപ്പ് ടീമിലെ അവഗണനയെപ്പറ്റി സംസാരിക്കുകയാണ് ചഹൽ.

ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ ആദ്യം നിരാശ തോന്നിയിരുന്നു എന്നാണ് ചാഹൽ പറഞ്ഞത്. എന്നാൽ ഇത്തരത്തിലുള്ള അവഗണനകൾ തനിക്കിപ്പോൾ ശീലമായി മാറിയെന്നും ഒരു ഇംഗ്ലീഷ് മാധ്യമത്തിനോട് ചഹൽ പറയുകയുണ്ടായി. “ലോകകപ്പ് ടീമിൽ ഭാഗമാകാൻ സാധിക്കുക 15 താരങ്ങൾക്ക് മാത്രമാണ്. കാരണം ഇത് ലോകകപ്പാണ്. ഒരു ടീമിനും 17 കളിക്കാരെ ഉൾപ്പെടുത്താൻ സാധിക്കില്ല.

ലോകകപ്പിൽ നിന്ന് ഒഴിവാക്കിയപ്പോൾ ആദ്യം എനിക്ക് വിഷമം തോന്നിയിരുന്നു. എന്നാൽ എന്നെ സംബന്ധിച്ച് മുൻപോട്ടു പോകുക എന്നതാണ് പ്രഥമ ലക്ഷ്യം. ഇതിപ്പോൾ മൂന്നു ലോകകപ്പുകളായി ഞാൻ ഇത്തരത്തിൽ അവഗണനകൾ അനുഭവിക്കുകയാണ്. എനിക്കിത് ശീലമായി കഴിഞ്ഞു.”- ചഹൽ പറഞ്ഞു.

എന്നാൽ എന്ത് വിലകൊടുത്തും ഇന്ത്യ ലോകകപ്പ് നേടണം എന്നാണ് തന്റെ ആഗ്രഹമെന്നും ചഹൽ പറയുകയുണ്ടായി. “നിലവിൽ ഞാൻ ടീമിന്റെ ഭാഗമല്ല. എന്നിരുന്നാലും ടീമിൽ കളിക്കുന്നവരൊക്കെയും എന്റെ സഹോദരങ്ങൾ തന്നെയാണ്. വ്യക്തമായും ഞാൻ പിന്തുണയ്ക്കുന്നത് ഇന്ത്യയെ തന്നെയാണ്. ഇത്തരം അവഗണനകളും വെല്ലുവിളികളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. തിരിച്ചുവരാനായി കഠിനാധ്വാനം ചെയ്യണമെന്ന് ഞാൻ എന്നോട് തന്നെ ഇപ്പോൾ പറയുകയാണ്.”- ചാഹൽ പറഞ്ഞു വയ്ക്കുന്നു.

ഇന്ത്യ മുൻപ് തങ്ങളുടെ ടീമിലുണ്ടായിരുന്ന ഓൾറൗണ്ടർ അക്ഷർ പട്ടേലിനെ ഒഴിവാക്കിയിരുന്നു. ഏഷ്യാകപ്പ് ടൂർണമെന്റിൽ പരിക്കേറ്റതിനാലാണ് അക്ഷറിനെ ഇന്ത്യ മാറ്റിനിർത്തിയത്. ഈ സാഹചര്യത്തിൽ ചഹലിനെ ഇന്ത്യ പരിഗണിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ വളരെ കാലമായി ഏകദിന ക്രിക്കറ്റിൽ നിന്നും മാറി നിൽക്കുന്ന രവിചന്ദ്രൻ അശ്വിനെ ഇന്ത്യ അക്ഷറിന് പകരക്കാരനായി ടീമിലേക്ക് ക്ഷണിച്ചു. ഇതോടെയാണ് ചാഹലിനെ ഇന്ത്യ മാറ്റി നിർത്തിയത്. എന്തായാലും ലോകകപ്പിന് ശേഷമുള്ള മത്സരങ്ങളിൽ ഇടം പിടിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ചാഹൽ.