ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ അവിശ്വസനീയമായ ഒരു വിജയം തന്നെയാണ് നെതർലൻഡ്സ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്സ് നിശ്ചിത 43 ഓവറുകളിൽ 245 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ നെതർലാൻഡ്സ് ബോളർമാർ പിടിച്ചു കെട്ടുന്നതാണ് മത്സരത്തിൽ കണ്ടത്.
കേവലം 207 റൺസിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിച്ചു. ഇതോടെ നെതർലാൻഡ്സ് മത്സരത്തിൽ 38 റൺസിന്റെ വിജയം സ്വന്തമാക്കി. മത്സരത്തിലെ പ്രകടനത്തെ പറ്റി നെതർലാൻഡ്സ് നായകൻ സ്കോട്ട് എഡ്വാർഡ്സ് മത്സരശേഷം സംസാരിക്കുകയുണ്ടായി. തങ്ങൾ ലോകകപ്പിന്റെ സെമിഫൈനലിലെത്താൻ ചാൻസുള്ള ഒരു ടീമാണ് എന്ന് തന്നെയാണ് എഡ്വാർഡ്സ് പറയുന്നത്.
“കഴിഞ്ഞു കുറച്ചു മത്സരങ്ങളിലായി ഞങ്ങളുടെ മധ്യനിര ബാറ്റർമാർ ഇന്നിംഗ്സ് അവസാനിക്കുന്നതിന് മുൻപ് തന്നെ കൂടാരം കയറുകയുണ്ടായി. അതിനാൽ തന്നെ മത്സരം അവസാന ഓവറിലേക്ക് കൊണ്ടുപോവുക എന്നതായിരുന്നു ഞാൻ ആദ്യം കരുതിയിരുന്നത്. മാത്രമല്ല ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ തുടരാൻ സാധിച്ചാൽ എനിക്കൊപ്പം കുറച്ചു ബാറ്റർമാർ ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു.
അവസാന സമയങ്ങളിൽ മികച്ച രീതിയിൽ സ്കോർ ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. വാൻ ഡർ മെർവയോടൊപ്പം ബാറ്റ് ചെയ്യുക എന്നത് വലിയൊരു കാര്യം തന്നെയാണ്. പലപ്പോഴും അപരിചിതമായ സ്ഥലങ്ങളിലേക്ക് പന്ത് തൊടുത്തുവിട്ട് മെർവെ റൺസ് കണ്ടെത്താറുണ്ട്. നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന് അത്തരം കാര്യങ്ങൾ നോക്കിക്കാണാൻ ഭംഗിയാണ്.”- എഡ്വാർഡ്സ് പറഞ്ഞു.
“മാത്രമല്ല ഇന്നിംഗ്സിന്റെ അവസാന ഭാഗങ്ങളിൽ ആര്യൻ ദത്തും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. അവൻ നല്ല കഴിവുള്ള ബാറ്ററാണ്. ഇന്ന് അത് കാണുകയുണ്ടായി. എന്തായാലും ടീമിനെ. ഓർത്ത് എനിക്ക് വലിയ അഭിമാനമുണ്ട് സെമിഫൈനലിൽ എത്താൻ സാധ്യതയുള്ള ടീം എന്ന നിലയ്ക്ക് തന്നെയാണ് ഞങ്ങൾ ഈ ടൂർണമെന്റിലേക്ക് വന്നത്.
അത്തരമൊരു ലക്ഷ്യത്തിൽ എത്തണമെങ്കിൽ ഇത്തരത്തിൽ വലിയ ടീമുകളെ ഞങ്ങൾക്ക് പരാജയപ്പെടുത്തേണ്ടതുണ്ട്. ദക്ഷിണാഫ്രിക്ക എന്തായാലും ഈ ടൂർണമെന്റിന്റെ ഒരു ഫേവറേറ്റ് തന്നെയാണ്. അവർ വളരെ മികച്ച രീതിയിൽ കളിക്കുന്ന ടീമുമാണ്. അതിനാൽ തന്നെ ഈ വിജയം ഞങ്ങൾക്ക് വലിയ ആവേശം നൽകുന്നു.”- എഡ്വാർഡ്സ് കൂട്ടിച്ചേർത്തു.
“വലിയ അഭിമാനം തന്നെ എനിക്ക് തോന്നുന്നു. വലിയ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ ഇവിടേക്ക് എത്തിയത്. ഒരുപാട് മികച്ച കളിക്കാർ ഞങ്ങൾക്കുണ്ട്. ടൂർണമെന്റിലെ ആദ്യ വിജയം നേടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കുറച്ചു വിജയങ്ങൾ കൂടി വരാനിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്. വലിയ പദ്ധതികളോടെ തന്നെയാണ് ഞങ്ങൾ ലോകകപ്പിനെ സമീപിച്ചിരിക്കുന്നത്.
ചില ദിവസങ്ങളിൽ അവ ഫലപ്രദമായി വന്നേക്കാം. ആദ്യ കുറച്ചു മത്സരങ്ങളിൽ മികച്ച നിലയിൽ നിന്നാണ് ഞങ്ങൾ പരാജയങ്ങൾ ഏറ്റുവാങ്ങിയത്. എന്നാൽ ഇന്ന് കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായിരുന്നു.”- എഡ്വാർഡ്സ് പറഞ്ഞുവെക്കുന്നു.