ഏഷ്യാ കപ്പിലേക്ക് കടക്കുന്ന ടീം ഇന്ത്യയുടെ ദൗർബല്യങ്ങളിലൊന്നായി വിക്കറ്റ് ടേക്കിങ്ങ് ഓപ്ഷനുകളുടെ അഭാവം മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ചൂണ്ടികാട്ടി. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലാണ് ടൂര്‍ണമെന്‍റ് അരങ്ങേറുക. പരിക്കേറ്റ് പുറത്തായ പേസർ ജസ്പ്രീത് ബുംറയുടെ സേവനമില്ലാതെയാണ് ഇന്ത്യ ഇറങ്ങുക.
തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ, ഇന്ത്യക്ക് വിക്കറ്റ് ലഭിക്കാന്‍ ചാഹലിനെയും ഭുവനേശ്വർ കുമാറിനെയും ആശ്രയിക്കുമെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.
“ഞാൻ ഈ ടീമിൽ വിക്കറ്റ് ടേക്കിങ്ങ് ഒപ്ഷന്‍ സാധ്യതകൾ കാണുന്നില്ല. യുസി ചാഹൽ എന്റെ യഥാർത്ഥ വിക്കറ്റ് ടേക്കറാണ്. ഭുവനേശ്വർ കുമാറും വിക്കറ്റ് ടേക്കറാകണം. അവരെക്കൂടാതെ ഞാൻ വിക്കറ്റ് വീഴ്ത്തുന്നവരെ കാണുന്നില്ല, റണ്‍സ് പ്രതിരോധിക്കാനാണ് അവര്‍ നോക്കുന്നത്. ബോളര്‍മാരെ അടിക്കാന്‍ ശ്രമിച്ചാല്‍ മാത്രമാണ് ബാറ്റര്‍മാര്‍ പുറത്താവുക”
“ഫാസ്റ്റ് ബൗളിംഗ് തീർത്തും അനുഭവപരിചയമില്ലാത്തതാണ്, അതും വളരെ കുറവാണ്. ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ് – നിങ്ങൾ മൂന്ന് ഫാസ്റ്റ് ബൗളർമാർക്കൊപ്പം പോയി, ഹാർദിക് നാലാമത്തെ ഫാസ്റ്റ് ബൗളറാണ്.”
ദീപക് ചാഹറിനെ ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചോപ്ര പറഞ്ഞു.
“ദീപക് ചാഹർ ടീമിനൊപ്പമുണ്ട്, അതിനാൽ അദ്ദേഹത്തെ ഉൾപ്പെടുത്തുക. മറ്റ് ടീമുകൾക്ക് 17 അല്ലെങ്കിൽ 18 പേരുടെ സ്ക്വാഡുകൾ ഉണ്ട്, അതിനാൽ നിങ്ങളും അത് ചെയ്യണം,. ഫാസ്റ്റ് ബൗളിംഗ് ദുർബലമാണെന്ന് എനിക്ക് തോന്നുന്നു.” ആകാശ് ചോപ്ര നിര്‍ദ്ദേശിച്ചു.
അക്സർ പട്ടേലിനും ശ്രേയസ് അയ്യർക്കും ഒപ്പം ഏഷ്യാ കപ്പിനായി ഉള്ള മൂന്ന് റിസർവുകളിൽ ഒരു താരമാണ് ദീപക്ക് ചാഹർ. അടുത്തിടെ അവസാനിച്ച സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നീണ്ട പരിക്കിന് ശേഷമാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.