തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. നിലവിൽ താൻ വിരമിച്ചിട്ടില്ലെന്നും ഈ ടെസ്റ്റ് മത്സരത്തിൽ നിന്നും മാത്രമാണ് മാറിനിൽക്കുന്നതെന്നും രോഹിത് ശർമ സിഡ്നി ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം പറയുകയുണ്ടായി. കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെയും വളരെ മോശം ഫോമിലായിരുന്നു രോഹിത് ശർമ കളിച്ചത്.
അതിന് ശേഷമാണ് രോഹിത് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത്. ഇതിന് ശേഷം രോഹിത് തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നു എന്ന രീതിയിൽ പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് എല്ലാത്തിനും അവസാനം കണ്ടിരിക്കുകയാണ് രോഹിത് ശർമ.
നിലവിൽ മോശം ഫോമിൽ തുടരുന്നതിനാൽ മാത്രമാണ് താൻ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ നിന്ന് മാറിനിന്നത് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. “ഞാൻ ഇതുവരെയും എന്റെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഈ മത്സരത്തിൽ നിന്ന് ഞാൻ മാറി നിൽക്കുക മാത്രമാണ് ചെയ്തത്. ഇപ്പോൾ വേണ്ട രീതിയിൽ റൺസ് സ്വന്തമാക്കാൻ എനിക്ക് സാധിക്കുന്നില്ല. എന്നാൽ 5 മാസങ്ങൾക്ക് ശേഷം ഇത്തരത്തിൽ ആയിരിക്കില്ല ഞാൻ കളിക്കുന്നത്. ഞാൻ കഠിനപ്രയത്നങ്ങളിൽ ഏർപ്പെടുകയാണ്. ലാപ്ടോപ്പും പേനയും പേപ്പറുമായി പുറത്തിരിക്കുന്ന ആളുകളല്ല എന്റെ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ആ തീരുമാനം ഞാൻ കൈക്കൊള്ളേണ്ടതാണ്.”- രോഹിത് ശർമ പറയുകയുണ്ടായി.
അഞ്ചാം ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നില്ലെങ്കിലും ഇന്ത്യൻ ടീമിനൊപ്പം ഡ്രസിങ് റൂമിൽ സമയം ചിലവഴിക്കാൻ രോഹിത് ശർമ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ പ്രാക്ടീസ് ജേഴ്സിയിൽ അവസാന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം രോഹിത് ശർമ മൈതാനത്ത് എത്തുകയുണ്ടായി. ആദ്യ മത്സരം നടക്കുന്ന സമയം മുഴുവൻ രോഹിത് ശർമ ഡ്രസ്സിംഗ് റൂമിൽ ഉണ്ടായിരുന്നു. ശേഷം രണ്ടാം ദിവസം രോഹിത് ശർമ ഡ്രിങ്ക്സുമായി മൈതാനത്ത് എത്തുകയും ചെയ്തു. ബൂമ്രയുമായി കുറച്ചധികം സമയം സംസാരിച്ച ശേഷമാണ് രോഹിത് ശർമ മൈതാനം വിട്ടത്.
ഇന്ത്യൻ താരങ്ങളിൽ ആർക്കെങ്കിലും പരിക്കേൽക്കുകയാണെങ്കിൽ രോഹിത് ശർമ സബ്സിറ്റ്യൂട്ട് ആയി മൈതാനത്ത് എത്താനും സാധ്യതയുണ്ട്. എന്തായാലും നിലവിൽ മികച്ച ബോളിംഗ് പ്രകടനം തന്നെയാണ് ഇന്ത്യ അവസാന ടെസ്റ്ററിൽ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം ദിവസം പൂർണ്ണമായും മികവ് പുലർത്തി ഓസ്ട്രേലിയയെ പുറത്താക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയപ്രതീക്ഷകൾ വരുകയുള്ളൂ. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ടെസ്റ്റ് മത്സരം തന്നെയാണ് സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നടക്കുന്നത്.