ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ എല്ലാം വളരെ മികച്ച പരിശീലകൻ എന്ന വിശേഷണം കരസ്ഥമാക്കിയാണ് ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഹെഡ് കോച്ച് രവി ശാസ്ത്രി തന്റെ സ്ഥാനം ഒഴിഞ്ഞത്. ഐപിഎല്ലിൽ ഏതെങ്കിലും ഒരു ടീമിന്റെ കോച്ചായി എത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്ന ശാസ്ത്രി വളരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തുകയാണ് ഇപ്പോൾ.
ഒരു ഐസിസി ടൂർണമെന്റ് ജയിക്കാൻ ശാസ്ത്രി കോച്ച് സ്ഥാനത്തിരുന്നപ്പോൾ സാധിച്ചില്ല എന്നത് അദ്ദേഹത്തിന് ഇന്നും വളരെ അധികം നിരാശകളാണ് സമ്മാനിക്കുന്നത്. ഒപ്പം ഇന്ത്യൻ ടീം സെലക്ഷൻ രീതിയിൽ ഒരു കോച്ച് എന്നുള്ള നിലയിൽ തനിക്ക് ഏറെ വിഷമുണ്ടായിരുന്നുവെന്ന് പറയുകയാണ് ശാസ്ത്രി.
2019ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന് കിരീടം നേടുവാനുള്ള എല്ലാവിധ സാധ്യതകളും ക്രിക്കറ്റ് ലോകം കൂടി നൽകിയിരുന്നുവെങ്കിലും ആ ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ തനിക്ക് അൽപ്പം എതിർപ്പുകൾ തോന്നി എന്നാണ് കഴിഞ്ഞ ദിവസം അനുവദിച്ച ഒരു സ്പെഷ്യൽ ആഭിമുഖത്തിൽ രവി ശാസ്ത്രി വിശദമാക്കുന്നത്.താൻ ഒരിക്കൽ പോലും തന്നെ സെലക്ടർമാരുടെ ജോലിയിൽ ഇടപെടാറില്ല എന്നാണ് മുൻ ഇന്ത്യൻ താരത്തിന്‍റെ വാക്കുകൾ.
“ഇന്ത്യൻ ടീം സെലക്ഷനിൽ എനിക്ക് ഒരു റോളും പറയുവാൻ കഴിയില്ല. എന്നാൽ 2019ലെ ഏകദിന ലോകകപ്പ് കളിക്കാൻ മൂന്ന് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്ത രീതി എനിക്ക് അംഗീകരിക്കാനായില്ല. മഹേന്ദ്ര സിംഗ് ധോണി, റിഷാബ് പന്ത്, ദിനേശ് കാർത്തിക് എന്നിവരെയെല്ലാം എന്തിനാണ് ഒരുമിച്ച് സ്‌ക്വാഡിലേക്ക് ഉൾപെടുത്തിയത്. എന്താണ് മൂന്ന് വിക്കറ്റ് കീപ്പർമാരെ കളിപ്പിക്കേണ്ട യുക്തി.”രവി ശാസ്ത്രി ചോദിച്ചു. കൂടാതെ മികച്ച ഫോമിൽ കളിക്കുകയായിരുന്ന അമ്പാട്ടി റായിഡുവിനോ ശ്രേയസ് അയ്യർക്കോ ടീമിൽ സ്ഥാനം കൊടുക്കുന്നതിൽ തെറ്റില്ലായിരുന്നു എന്നു രവി ശാസ്ത്രി കൂട്ടിചേര്‍ത്തു.