ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 280 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യ 515 എന്ന വമ്പൻ വിജയലക്ഷ്യം ബംഗ്ലാദേശിന് മുൻപിലേക്ക് വയ്ക്കുകയുണ്ടായി. എന്നാൽ രണ്ടാം ഇന്നിങ്സിൽ 234 റൺസ് മാത്രമാണ് ബംഗ്ലാദേശിന് നേടാൻ സാധിച്ചത്. ഇന്നിങ്സിൽ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചത് രവിചന്ദ്രൻ അശ്വിൻ ആയിരുന്നു. ഇന്ത്യയ്ക്കായി ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി സ്വന്തമാക്കിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ 6 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
അശ്വിനൊപ്പം മത്സരത്തിൽ മികവ് പുലർത്തിയ മറ്റൊരു താരമാണ് രവീന്ദ്ര ജഡേജ. ആദ്യ ഇന്നിങ്സിൽ 86 റൺസാണ് ജഡേജ സ്വന്തമാക്കിയത്. മാത്രമല്ല 2 ഇന്നിംഗ്സുകളിലുമായി 5 വിക്കറ്റുകൾ സ്വന്തമാക്കാനും ജഡേജയ്ക്ക് സാധിച്ചു. മത്സരശേഷം ജഡേജയെ പറ്റി അശ്വിൻ പറയുകയുണ്ടായി.
ചില കാര്യങ്ങളിൽ ജഡേജയോട് തനിക്ക് വലിയ അസൂയ തോന്നാറുണ്ട് എന്നാണ് അശ്വിൻ പറയുന്നത്. ഫീൽഡിൽ എല്ലായിപ്പോഴും റോക്കറ്റ് പോലെ തുടരാൻ സാധിക്കുന്ന താരമാണ് ജഡേജ എന്ന് അശ്വിൻ പറയുന്നു. “ഫീൽഡിങ്ങിലേക്ക് വരുമ്പോൾ ജഡേജ ഒരു സൂപ്പര്‍ താരമാണ്. കളിക്കളത്തിൽ റോക്കറ്റ് പോലെ തുടരാൻ ജഡേജയ്ക്ക് സാധിക്കുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാൽ, അവന്റെ എല്ലാ കാര്യങ്ങളും എനിക്ക് വലിയ അസൂയ തോന്നാറുണ്ട്. എന്നിരുന്നാലും ഞാൻ പൂർണ്ണമായും അവനെ അഭിനന്ദിക്കുന്നു. “- അശ്വിൻ പറഞ്ഞു.
“ഒരിക്കലും കളിക്കളത്തിൽ ജഡേജയെ എനിക്ക് തോൽപ്പിക്കാൻ സാധിക്കില്ല എന്ന ബോധ്യമുണ്ട്. ഞാൻ എന്റേതായ രീതിയിൽ കംഫർട്ട് ആണ്. അവൻ ചെയ്തതിൽ നിന്നുള്ള പ്രചോദനമാണ് എനിക്ക് ലഭിക്കാറുള്ളത്.”- അശ്വിൻ കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ബാറ്റിങ്ങിലും ബോളിങ്ങിനും ഫീൽഡിങ്ങിലും ഒരേപോലെ മികവ് പുലർത്തുന്ന ഒരേയൊരു താരം ജഡേജ മാത്രമാണ്. മത്സരത്തിന്റെ എല്ലാ മേഖലകളിലും തന്റേതായ ശൈലി വളർത്തിയെടുക്കാൻ ജഡേജയ്ക്ക് സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് നിർണായകമായ മത്സരങ്ങളിൽ ഇന്ത്യ ജഡേജയെ അത്രമേൽ ആശ്രയിക്കുന്നത്.
ഇന്ത്യയ്ക്ക് വരാനിരിക്കുന്ന വലിയ ടെസ്റ്റ് സീസണെപറ്റി അശ്വിൻ സംസാരിക്കുകയുണ്ടായി. ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ വരാനിരിക്കുന്നതിനാൽ തന്നെ എല്ലാത്തിനെപ്പറ്റിയും ആലോചിക്കുന്നത് അബദ്ധമാണ് എന്ന് അശ്വിൻ പറയുന്നു. അടുത്ത 4 മാസങ്ങളിൽ ഇന്ത്യ 10 ടെസ്റ്റ് മത്സരങ്ങളോളം കളിക്കുന്നുണ്ട് എന്നാണ് അശ്വിൻ ചൂണ്ടിക്കാട്ടുന്നത്.
മുൻപിലുള്ള ഓരോ മത്സരത്തെപ്പറ്റിയും ചിന്തിക്കുന്നതാണ് ഏറ്റവും ഉത്തമം എന്ന് അശ്വിൻ പറയുന്നു. എന്തായാലും മത്സരങ്ങൾക്കിടയിൽ ലഭിക്കുന്ന വലിയ ഇടവേളകൾ താരങ്ങൾക്ക് ആശ്വാസം നൽകുമെന്നാണ് അശ്വിൻ കരുതുന്നത്.