മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഞാൻ സന്തോഷവാനാണ്. വെല്ലുവിളികൾ ടീം നന്നായി നേരിട്ടുവെന്ന് രോഹിത് ശർമ.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 66 റൺസിന്റെ വമ്പൻ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 352 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് 286 റൺസിൽ അവസാനിക്കുകയായിരുന്നു. എന്നിരുന്നാലും ആദ്യ രണ്ടു മത്സരങ്ങളിൽ വിജയം നേടിയ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. മത്സരത്തിൽ പരാജയം നേരിട്ടെങ്കിലും, തന്റെ പ്രകടനത്തിലും ടീമിന്റെ കഴിഞ്ഞ സമയത്തെ പ്രകടനങ്ങളിലും അതിയായ സന്തോഷമുണ്ട് എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറയുകയുണ്ടായി. വ്യത്യസ്ത വെല്ലുവിളികൾ മുൻപിലേക്ക് വന്നപ്പോഴും വളരെ മികച്ച രീതിയിൽ ടീം നേരിട്ടു എന്നാണ് രോഹിത് ശർമ പറയുന്നത്.

“എന്റെ ബാറ്റിംഗ് പ്രകടനത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരത്തിൽ ഇനിയും ബാറ്റിംഗ് തുടരാൻ സാധിച്ചാൽ ഞാൻ അതിയായ സന്തോഷവാനായിരിക്കും. കഴിഞ്ഞ 7- 8 ഏകദിനങ്ങളിൽ വളരെ മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് സാധിച്ചു. വ്യത്യസ്ത ടീമുകൾക്കെതിരെ വ്യത്യസ്ത സാഹചര്യങ്ങളിൽ വലിയ വെല്ലുവിളികൾ ഞങ്ങൾക്കു മുൻപിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും എല്ലാ വെല്ലുവിളികൾക്കെതിരെയും നല്ല രീതിയിൽ പ്രതികരണങ്ങൾ നടത്താൻ ഞങ്ങൾക്ക് സാധിച്ചു എന്നാണ് ഞാൻ കരുതുന്നത്.”- രോഹിത് ശർമ പറഞ്ഞു.

“ഇന്നത്തെ മത്സരത്തിൽ പ്രതീക്ഷിച്ച റിസൾട്ട് നിർഭാഗ്യവശാൽ ഞങ്ങൾക്ക് ലഭിച്ചില്ല. എന്നിരുന്നാലും ബൂമ്രയുടെ പ്രകടനത്തിലടക്കം എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോൾ ശരീരം നന്നായി ശ്രദ്ധിക്കുന്നുണ്ട്. മാത്രമല്ല ഒരുപാട് കഴിവുകളുള്ള ഒരു ബോളറാണ് ബുമ്ര. ഒരു മത്സരത്തിൽ മോശം പ്രകടനം നടത്തി എന്നതിന്റെ പേരിൽ ബുമ്രയെ വില കുറച്ചു കാണാൻ സാധിക്കില്ല. മാനസികപരമായും ശാരീരികപരമായും ബുമ്രയുടെ സാഹചര്യങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷാ കേന്ദ്രം. വരുന്ന ലോകകപ്പിലും ബൂമ്രാ പ്രധാന കളിക്കാനായി മാറും എന്നാണ് ഞങ്ങൾ കരുതുന്നത്.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

“ലോകകപ്പിലെ 15 അംഗ ടീമിനെ പറ്റി പറയുമ്പോൾ, ഞങ്ങൾക്ക് അക്കാര്യത്തിൽ വലിയ വ്യക്തതയുണ്ട്. എന്താണ് ഞങ്ങൾക്ക് ആവശ്യം എന്നതിനെ പറ്റിയും ഞങ്ങൾക്കറിയാം. യാതൊരുവിധ ആശയക്കുഴപ്പവും അക്കാര്യത്തിലില്ല. ഒരു ടീം എന്ന നിലയിൽ മികച്ച പ്രകടനം ലോകകപ്പിൽ പുറത്തെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു ടീം എന്ന നിലയിൽ മുൻപോട്ട് വന്ന് മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ ചാമ്പ്യൻഷിപ്പ് നേടാൻ സാധിക്കൂ. അടുത്ത ഒന്നര മാസക്കാലം ശരീരവും മറ്റു കാര്യങ്ങളും എല്ലാം ഫിറ്റായി വച്ചുകൊണ്ടുതന്നെ ലോകകപ്പിനെ നേരിടാനാണ് ഞങ്ങൾ തയ്യാറാവുന്നത്.”- രോഹിത് പറഞ്ഞു വെക്കുന്നു.

Previous articleഎന്തിനോ വേണ്ടി ബാറ്റ് ചെയ്ത ജഡേജ. നെഗറ്റീവ് വൈബ് മാത്രം. ഒരു താരത്തിന്റെ അധംപതനം.
Next articleമോഹിപ്പിച്ചിട്ട് എടുത്ത് പുറത്തിട്ടു. ടീം മാനേജ്മെന്റ് സഞ്ജുവിനോട് ചെയ്ത ചതിയെപ്പറ്റി മുൻ സെലക്ടർ.