ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് പന്തിനോടും ജൂറലിനോടുമല്ല. സഞ്ജു സാംസൺ

FB IMG 1729079090329

ഇന്ത്യൻ ടീമിൽ ഒരുപാട് തവണ അവഗണനങ്ങൾ നേരിടേണ്ടി വന്നെങ്കിലും, ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ മലയാളി താരം സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്. ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഒരുപാട് താരങ്ങളോട് മത്സരിച്ചാണ് സഞ്ജു നിലവിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുന്നത്.

റിഷഭ് പന്ത്, ധ്രുവ് ജൂറൽ, ഇഷാൻ കിഷൻ, ജിതേഷ് ശർമ എന്നിവരൊക്കെയും ഇന്ത്യയുടെ ഏകദിന ട്വന്റി20 ടീമുകളിലെ വിക്കറ്റ് കീപ്പർ സാന്നിധ്യമാവാൻ സഞ്ജുവിനൊപ്പം മത്സരിക്കുന്നവരാണ്. എന്നാൽ ഇവരിൽ ആരുമായാണ് താൻ യഥാർത്ഥത്തിൽ മത്സരിക്കുന്നത് എന്ന് തുറന്നു പറഞ്ഞാണ് സഞ്ജു ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

ഈ താരങ്ങൾ എല്ലാവരുമായി തനിക്ക് വലിയ ബന്ധമുണ്ട് എന്ന് സഞ്ജു പറയുന്നു. അണ്ടർ 19 ക്രിക്കറ്റ് മുതൽ താൻ ഈ താരങ്ങളുടെയൊപ്പം കളിക്കുന്നവൻ ആണെന്നും, അതിനാൽ നല്ല സൗഹൃദം എല്ലാവരുമായി ഉണ്ടെന്നും സഞ്ജു പറയുന്നു. “ഇന്ത്യൻ ടീമിലേക്ക് വന്നിരിക്കുന്ന ഈ താരങ്ങളുമായി എനിക്ക് കഴിഞ്ഞ 8-10 വർഷങ്ങളായി വലിയ ബന്ധമുണ്ട്. അണ്ടർ19, ഇന്ത്യ എ ടീം എന്നീ ടീമുകൾക്കൊക്കെയുമായി ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ നല്ല ബന്ധം പുലർത്താനും ഞങ്ങൾക്ക് കഴിഞ്ഞു. നിങ്ങൾ പറഞ്ഞ ഇഷാൻ കിഷൻ, ധ്രുവ് ജൂറൽ എന്നീ താരങ്ങളുമായി മൈതാനത്തിന് അകത്തും പുറത്തും നല്ല സൗഹൃദ ബന്ധം പുലർത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.”- സഞ്ജു പറയുന്നു.

Read Also -  നേരിടാൻ ആഗ്രഹമുള്ളത് ആ ശ്രീലങ്കൻ ഇതിഹാസത്തിന്റെ പന്തുകൾ. സഞ്ജു സാംസൺ.

“ഇന്ത്യൻ പ്രീമിയർ ലീഗിലാണ് ഞങ്ങൾ യഥാർത്ഥത്തിൽ നേർക്കുനേർ വരുന്നത്. അപ്പോൾ എല്ലാ താരങ്ങളും തങ്ങളുടെ ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈതാനത്ത് എത്തുന്നത്. എനിക്ക് വളരെ അടുത്തറിയാവുന്ന താരങ്ങളാണ് റിഷഭ് പന്തും ഇഷാൻ കിഷനും. അതുകൊണ്ടു തന്നെ ഞാൻ മത്സരിക്കുന്നത് ഈ താരങ്ങളോട് ആരോടുമല്ല. ഞാൻ എന്നോട് തന്നെ മത്സരിക്കാനാണ് ശ്രമിക്കുന്നത്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ അതെനിക്ക് സഹായകരമായി മാറുന്നു. ഞാൻ മാത്രമല്ല പന്തും ഇഷാനും ജൂറലുമൊക്കെ മത്സരിക്കുന്നത് അവരോട് തന്നെയാണ്.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.

ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തിലെ സെഞ്ച്വറി സഞ്ജുവിനെ വലിയ രീതിയിൽ സഹായിക്കും എന്നത് ഉറപ്പാണ്. ഏകദിന ക്രിക്കറ്റിൽ താൻ അവസാനമായി കളിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചുറി സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.

ഇത്തരത്തിൽ കഴിഞ്ഞ സമയങ്ങളിൽ എല്ലാ ഫോർമാറ്റിലും മികവ് പുലർത്താൻ മലയാളി താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസനെ ഓപ്പണറായി തന്നെ പരിഗണിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Scroll to Top