ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരം ബ്രസ്ബെയ്നിലാണ് നടക്കുന്നത്. രണ്ടാം ടെസ്റ്റ് മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യൻ ടീം കാഴ്ചവെച്ചത്. ഇതിനുശേഷം മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീമിന് നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ.
ബ്രിസ്ബെയ്നിലെ സാഹചര്യങ്ങൾ ഏതുതരത്തിൽ അനുകൂലമാക്കി മാറ്റാൻ സാധിക്കുമെന്ന് ഇന്ത്യൻ ബോളർമാരോട് നിർദ്ദേശിക്കുകയാണ് ഹെയ്ഡൻ. ഇരു രാജ്യങ്ങളും പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ചു നിൽക്കുന്ന സാഹചര്യത്തിൽ, മൂന്നാം മത്സരം വളരെ നിർണായകമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ബാറ്റർമാർക്കും പേസർമാർക്കും നിർണായകമായ നിർദ്ദേശങ്ങളുമായാണ് സ്റ്റാർ ബാറ്റർ രംഗത്ത് എത്തിയിരിക്കുന്നത്.
സ്റ്റാർ സ്പോർട്സിന് നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹെയ്ഡൻ. ബ്രിസ്ബെയ്നിൽ ഇന്ത്യൻ ബോളർമാർ കൂടുതലായി നാലാമത്തെയും അഞ്ചാമത്തെയും സ്റ്റമ്പ് ലൈനിൽ പന്തറിയാൻ ശ്രമിക്കണം എന്നാണ് ഹെയ്ഡൻ പറയുന്നത്. മാത്രമല്ല ബ്രിസ്ബെയ്നിൽ പേസർമാർക്ക് മികച്ച ബൗൺസ് ലഭിക്കുമെന്നും, അത് മുതലാക്കാൻ സാധിക്കണമെന്നും ഹെയ്ഡൻ പറയുന്നു. ഗാബയിലെ പിച്ചിൽ നിന്ന് ലഭിക്കുന്ന അധികമായ ബൗൺസ് ഇന്ത്യൻ ഫാസ്റ്റ് ബോളർമാർക്ക് വിനിയോഗിക്കാൻ സാധിച്ചാൽ, മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം കാണാൻ കഴിയും എന്നാണ് ഹെയ്ഡൻ കരുതുന്നത്.
ഇരുരാജ്യങ്ങളും ചുവന്ന ബോളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാറുണ്ട് എന്ന് ഹെയ്ഡൻ ചൂണ്ടിക്കാട്ടുകയുണ്ടായി. “ഇരു ടീമുകൾക്കും ചുവന്ന ബോളാണ് കൂടുതൽ അനുയോജ്യം. എന്നാൽ അഡ്ലൈഡിൽ ഓസ്ട്രേലിയ പിങ്ക് ബോളിൽ പൂർണമായ ആധിപത്യം സ്ഥാപിക്കുന്നത് നമ്മൾ കണ്ടിരുന്നു. ബ്രിസ്ബെയ്നിൽ ഇന്ത്യൻ ബാറ്റർമാർ ചെയ്യേണ്ടത് പരമാവധി ക്രീസിൽ സമയം ചിലവഴിക്കുക എന്നതാണ്. ഒരു ദിവസം മുഴുവൻ ഇന്ത്യ ബാറ്റ് ചെയ്യേണ്ട ആവശ്യമുണ്ട്. അങ്ങനെ ബാറ്റ് ചെയ്ത് ഒരു 350 റൺസെങ്കിലും ഇന്ത്യ സ്വന്തമാക്കാൻ ശ്രമിക്കണം. ഒരു കാരണവശാലും ഒരു ദിവസത്തിനുള്ളിൽ തന്നെ ഇന്ത്യ ഓൾഔട്ടാവരുത്. അതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.”- ഹെയ്ഡൻ പറഞ്ഞു.
കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനങ്ങളിൽ ബ്രിസ്ബെയ്നിൽ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ആ പ്രകടനങ്ങൾ ഓസ്ട്രേലിയയെ ഇത്തവണ വേട്ടയാടാൻ സാധ്യതയുണ്ട് എന്നും ഹെയ്ഡൻ ചൂണ്ടിക്കാട്ടുന്നു.
“ബ്രിസ്ബെയ്നിൽ നടക്കുന്നത് ഓസ്ട്രേലിയയെ സംബന്ധിച്ച് ഒരു ഹോം മത്സരമാണ്. പക്ഷേ ഇന്ത്യയ്ക്ക് മൈതാനത്ത് വളരെ നല്ല ഓർമ്മകളാണ് ഉള്ളത്. കഴിഞ്ഞ പരമ്പരയിലും ഓർമ്മിക്കാൻ സാധിക്കുന്ന പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യ ബ്രിസ്ബെയ്നിൽ കാഴ്ച വെച്ചിട്ടുള്ളത്”- ഹെയ്‌ഡൻ പറയുന്നു.