“എന്നെ ഹിറ്റ്മാൻ എന്ന് വിളിക്കാൻ കാരണമിതാണ്”. രോഹിത് ശർമ തുറന്നുപറയുന്നു.

rohit sharma

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് നായകൻ രോഹിത് ശർമ. തന്റെ പ്രതാപകാല ഫോമിലെത്താൻ പൊരുതുന്ന രോഹിത് ശർമ ഇന്ത്യയെ സംബന്ധിച്ച് 2023 ഏകദിന ലോകകപ്പിലും നിർണായക താരം തന്നെയാണ്. എന്തുകൊണ്ടാണ് തനിക്ക് ഹിറ്റ്മാൻ എന്ന പേര് വരാൻ കാരണം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശർമ ഇപ്പോൾ.

2013ൽ ഓസ്ട്രേലിയക്കെതിരെ ഡബിൾ സെഞ്ച്വറി നേടിയ തന്റെ പ്രകടനമാണ് ഹിറ്റ്മാൻ എന്ന പേര് വരാൻ കാരണമായത് എന്ന് രോഹിത് പറയുന്നു. ആ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷമായിരുന്നു രോഹിത് ലോക ക്രിക്കറ്റിലെ വലിയൊരു താരമായി മാറിയത്.

“ഓസ്ട്രേലിയക്കെതിരെ 2013ൽ നടന്ന മത്സരം എനിക്ക് യാതൊരു കാരണവശാലും മറക്കാൻ സാധിക്കാത്തതാണ്. എന്റെ ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി പിറന്നത് ഈ മത്സരത്തിലായിരുന്നു. അന്ന് ഞാൻ നേടിയത് 16 സിക്സറുകളാണ്. ആ മത്സരത്തിനുശേഷം ചിലർ എന്റെ അടുത്തുവരികയും നിങ്ങൾ ഒരു ഹിറ്റ്മാനാണ് എന്ന് പറയുകയും ചെയ്തിരുന്നു. ശേഷം ഇന്ത്യയുടെ മുൻ താരം രവി ശാസ്ത്രിയും അടുത്തുവന്ന് ഹിറ്റ്മാൻ എന്ന് എന്നെ വിളിക്കുകയുണ്ടായി. പിന്നീട് എല്ലാവരും അങ്ങനെ വിളിച്ചു തുടങ്ങുകയായിരുന്നു.”- രോഹിത് ശർമ പറയുന്നു.

Read Also -  ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.

രോഹിതിന്റെ ഏകദിന കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു ഓസ്ട്രേലിയക്കെതിരെ പിറന്നത്. ഒരു ഏകദിന മത്സരത്തിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരമായി രോഹിത് ശർമ്മ മാറുകയുണ്ടായി. ശേഷം രോഹിത് തന്റെ കരിയറിൽ കൂടുതൽ ഡബിൾ സെഞ്ച്വറി നേടുകയുണ്ടായെങ്കിലും, ഈ ഇന്നിംഗ്സിന് ഇന്നും പ്രത്യേക ഫാൻ ബേസുണ്ട്. പിന്നാലെ രോഹിത് വീണ്ടും മികച്ച പ്രകടനങ്ങൾ ആവർത്തിച്ചതോടെ ഹിറ്റ്മാൻ എന്ന പേര് രോഹിത്തിന് സ്ഥിരപ്പെടുകയായിരുന്നു.

ഇതുവരെ ഇന്ത്യക്കായി 82 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 3677 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. 244 ഏകദിന മത്സരങ്ങളിൽ നിന്ന് 9837 റൺസും, 148 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 3853 റൺസും നേടാൻ രോഹിതിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 243 മത്സരങ്ങൾ രോഹിത് ശർമ കളിച്ചിട്ടുണ്ട്. 6211 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. വരുന്ന ലോകകപ്പിലടക്കം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകം തന്നെയാണ് രോഹിത്തിന്റെ പ്രകടനം.

Scroll to Top