ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മാറ്റങ്ങൾക്ക് എല്ലാം തുടക്കം കുറിച്ചാണ് ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഹെഡ് കോച്ച് സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് എത്തിയത്. രവി ശാസ്ത്രിയുടെ പിൻഗാമി റോളിലേക്ക് എത്തിയ ദ്രാവിഡ് ആദ്യത്തെ പരമ്പരകളിൽ തന്നെ തന്റെ കോച്ചിംഗ് മികവ് എന്തെന്ന് തെളിയിച്ചു. കിവീസിന് എതിരായ ടി :20, ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യൻ ടീം ജയം സ്വന്തമാക്കുമ്പോൾ കയ്യടികൾ നേടുന്നത് പരിശീലകൻ രാഹുൽ ദ്രാവിഡുമാണ്.
എന്നാൽ ആദ്യം പല ശ്രമങ്ങൾ നടത്തിയെങ്കിലും ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കുവാനായി രാഹുൽ ദ്രാവിഡ് തയ്യാറല്ലായിരുന്നുവെന്ന് പറയുകയാണ് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. ആദ്യമൊക്കെ ഇന്ത്യൻ ടീം പരിശീലകനായി എത്തുവാൻ വളരെ ഏറെ മടി കാണിച്ച ദ്രാവിഡ് പിന്നീട് എപ്രകാരമാണ് ഈ സ്ഥാനത്തേക്ക് എത്തിയത് എന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി
“രാഹുൽ ദ്രാവിഡ് ആദ്യം ഈ ഒരു സ്ഥാനം ഏറ്റെടുക്കാൻ റെഡിയല്ലായിരുന്നു. പക്ഷേ ഞങ്ങൾ വളരെ അധികം തവണ ഈ കാര്യം സഫലമാക്കുവാൻ ശ്രമിച്ചു. ഒരു സമയത്ത് ഇക്കാര്യത്തിൽ ദ്രാവിഡിന്റെ നിലപാട് അംഗീകരിച്ച് ഞങ്ങൾ ഈ ശ്രമം നിർത്തിവെച്ചതാണ്.
രാഹുൽ ദ്രാവിഡ് നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ ചെയർമാൻ സ്ഥാനത് നിന്നപ്പോഴും ഞങ്ങൾ ഇന്ത്യൻ ടീം മുഖ്യ പരിശീലകന്റെ സ്ഥാനത്തെക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഹെഡ് കോച്ചായി മാറിയാൽ വർഷത്തിൽ 8-9 മാസം എങ്കിലും കുടുംബത്തിൽ നിന്നും പൂർണ്ണമായി മാറി നിൽക്കേണ്ട സാഹചര്യം വരും. അതാണ് രാഹുൽ ദ്രാവിഡ് ചൂണ്ടികാണിച്ച പ്രശ്നം “മുൻ താരം അഭിപ്രായം വിശദമാക്കി.
എന്നാൽ ഞാനും ബിസിസിഐ സെക്രട്ടറി ജയ് ഷായും രാഹുൽ ദ്രാവിഡിനെ കൊണ്ട് ഈ കാര്യത്തിൽ സമ്മതം മൂളുവാൻ വളരെ ഏറെ ശ്രമിച്ചതായി പറഞ്ഞ ദാദ എങ്ങനെയാണ് രാഹുൽ ദ്രാവിഡ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും കൂടി പറഞ്ഞു. “2 ചെറിയ പ്രായക്കാരായ കുട്ടികളാണ് ദ്രാവിഡിനുള്ളത്. അതിനാൽ തന്നെ ഹെഡ് കോച്ചായി എത്തിയാൽ പല കാര്യങ്ങളിലും കുടുംബത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായി ദ്രാവിഡിന് വരും. അതേസമയം ഞങ്ങൾക്ക് പുറമേ ഇന്ത്യൻ ടീം താരങ്ങളും ദ്രാവിഡ് കോച്ചായി കൂടി എത്താൻ ആഗ്രഹിക്കുന്ന കാര്യം പല കോണുകളിൽ നിന്നും അദ്ദേഹത്തിന്റെ അരികിൽ എത്തി കാണണം. ഇന്ത്യൻ ടീമിന് രവി ശാസ്ത്രി യുഗ ശേഷം രാഹുൽ ദ്രാവിഡിനെ ഹെഡ് കോച്ചായി നൽകാൻ കഴിഞ്ഞതാണ് മികച്ച കാര്യം “ഗാംഗുലി വാചാലനായി