കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം മത്സരത്തിലെ പിച്ച്. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ സ്പിന്നർമാരെ പിച്ച് അമിതമായി സഹായിക്കുകയുണ്ടായി. ശേഷം മത്സരം മൂന്നാം ദിവസത്തെ ആദ്യ സെക്ഷനിൽ തന്നെ അവസാനിക്കുകയും ചെയ്തു. പിച്ചിന്റെ അമിതമായ ടേണും ബൗൺസും കണക്കിലെടുത്ത് ഐസിസി “മോശം” എന്ന് റേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനൊപ്പം മൂന്ന് ഡിമെറിറ്റ് പോയിന്റുകളും ഇൻഡോർ പിച്ചിന് ലഭിച്ചു. ഈ സാഹചര്യത്തിൽ തന്റെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. പിച്ചിന് മൂന്ന് ഡിമെറിറ്റ് പോയിന്റുകൾ നൽകിയത് അംഗീകരിക്കാനാവില്ല എന്നാണ് ഗവാസ്കർ പറയുന്നത്.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ടെസ്റ്റ് മത്സരം കേവലം രണ്ടു ദിവസങ്ങൾ കൊണ്ട് അവസാനിച്ചിരുന്നു. എന്നിട്ടും ഒരു ഡിമെറിറ്റ് പോയിന്റ് മാത്രമാണ് ഐസിസി നൽകിയത്. ഇതാണ് ഗവാസ്ക്കറെ ചൊടിപ്പിച്ചിരിക്കുന്നത്. “എനിക്കറിയേണ്ടത് ഒരു കാര്യം മാത്രമാണ്. കഴിഞ്ഞ നവംബറിൽ ഗാബാ സ്റ്റേഡിയത്തിൽ ഒരു ടെസ്റ്റ് നടന്നിരുന്നു. മത്സരം രണ്ട് ദിവസത്തിനുള്ളിൽ തന്നെ അവസാനിക്കുകയും ചെയ്തു. എത്ര ഡിമാൻഡ് പോയിന്റുകൾ ആ പിച്ചിന് ലഭിച്ചു? ആരായിരുന്നു മാച്ച് റഫറി?”-ഗവാസ്കർ ചോദിക്കുന്നു.
“ഇൻഡോർ പിച്ചിന് മൂന്ന് ഡിമെറിറ്റ് പോയിന്റുകൾ നൽകിയത് അല്പം കടുപ്പമാണ്. ഈ പിച്ചിൽ പന്ത് തിരിഞ്ഞിരുന്നെങ്കിലും, പിച്ച് അപകടകരമായിരുന്നില്ല. ഓസ്ട്രേലിയ നാലാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് നേടിയിരുന്നു. അത് യഥാർത്ഥത്തിൽ പറയുന്നത് പിച്ച് മെച്ചപ്പെട്ടു എന്നാണ്.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.
മൂന്നാം ടെസ്റ്റിൽ ബാറ്റർമാരുടെ ഒരു കല്ലറ തന്നെയായിരുന്നു ഇൻഡോറിൽ കണ്ടത്. ഇന്ത്യ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 109 റൺസിനും രണ്ടാം ഇന്നിങ്സിൽ 163 റൺസിനും പുറത്തായിരുന്നു. ഓസ്ട്രേലിയ മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ വിജയിക്കുകയും ചെയ്തു.