എം എസ് ധോണിക്ക് ശേഷം ഇന്ത്യൻ ടീമിനെ വളരെ മികച്ച രീതിയിൽ നയിച്ച നായകനാണ് വിരാട് കോഹ്ലി. വമ്പൻ ടൂർണമെന്റുകളിൽ ജേതാക്കളാവാൻ സാധിച്ചില്ലെങ്കിലും, ഇന്ത്യക്കായി ഒരുപാട് പ്രശസ്തമായ വിജയങ്ങൾ കോഹ്ലി നേടിതന്നിട്ടുണ്ട്. അതിനാൽ തന്നെ ധോണി പടിയിറങ്ങിയതിനു ശേഷം ഇന്ത്യൻ ടീമിൽ ഒരു ടീം രൂപീകരിക്കുന്നതിൽ കോഹ്ലിയുടെ പങ്ക് വളരെ വലുതാണ്. എന്നിരുന്നാലും ഐസിസി ടൂർണമെന്റുകളിൽ വൻവിജയം നേടാൻ സാധിക്കാത്തതിന്റെ പേരിൽ, തന്നെ പലരും പരാജിതനായ ക്യാപ്റ്റനായി കാണുന്നുണ്ടെന്ന് വിരാട് കോഹ്ലി പറയുകയുണ്ടായി.
ആളുകൾക്കിടയിൽ താൻ എങ്ങനെയാണ് പരാജിതനായ ക്യാപ്റ്റനായി മാറിയത് എന്ന് വിരാട് കോഹ്ലി പറയുന്നു. “ടീമിൽ കളിക്കുന്ന ഓരോരുത്തരുടെയും ലക്ഷ്യം ടൂർണമെന്റുകളിൽ കളിച്ച് ജേതാക്കളാവുക എന്നത് തന്നെയാണ്. ഇന്ത്യയെ ഞാൻ നയിച്ചത് 2017 ചാമ്പ്യൻസ് ട്രോഫി, 2019 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2021 ട്വന്റി20 ലോകകപ്പ് എന്നീ ടൂർണമെന്റ്കളിലാണ്. ഈ മൂന്ന്-നാല് ടൂർണമെന്റ്കളിൽ വിജയം നേടാൻ സാധിക്കാത്തതിന്റെ പേരിൽ എല്ലാവരും എന്നെ ഒരു പരാജിതനായ ക്യാപ്റ്റനായി മാറ്റുകയായിരുന്നു.”- വിരാട് കോഹ്ലി പറയുന്നു.
“എന്നാൽ അത്തരത്തിൽ ഞാൻ എന്നെ നോക്കി കണ്ടിട്ടില്ല. ആ മനോഭാവത്തോടെ ഞാൻ കാര്യങ്ങൾ നിരീക്ഷിച്ചിട്ടില്ല. ഇന്ത്യൻ ടീമിന്റെ നായകൻ എന്ന നിലയിൽ ഞാൻ നേടിയ വിജയങ്ങളും ടീമിന്റെ ശൈലിയിൽ കൊണ്ടുവന്ന മാറ്റങ്ങളുമൊക്കെ എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. ഒരു ടൂർണമെന്റിന്റെ ആയുസ്സ് വന്നത് വളരെ ചെറിയ കാലമാണ്. എന്നാൽ ടീമിനായി നേടിയ വിജയങ്ങളും റെക്കോർഡുകളും കാലാകാലങ്ങളിൽ നിലനിൽക്കുക തന്നെ ചെയ്യും.”- വിരാട് കോഹ്ലി കൂട്ടിച്ചേർക്കുന്നു.
പല ലെജൻഡ് ക്രിക്കറ്റർമാർക്കും തങ്ങളുടെ കരിയറിൽ ഒരു ലോകകപ്പ് പോലും നേടാൻ സാധിക്കാതെ വന്നിട്ടുണ്ട് എന്ന് വിരാട് കോഹ്ലി സൂചിപ്പിക്കുകയുണ്ടായി. 2011ലെ ലോകകപ്പ് വിജയ ടീമിൽ തനിക്കും ഭാഗമാകാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ടെന്നും വിരാട് കോഹ്ലി പറയുന്നു. നിരാശനായ ഒരു നായകന്റെ വാക്കുകളായാണ് വിരാട് കോഹ്ലിയുടെ ഈ പ്രസ്താവനകളെ ലോക ക്രിക്കറ്റ് നോക്കിക്കാണുന്നത്.