മെൽബൺ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലെ ജയസ്വാളിന്റെ പുറത്താകൽ വലിയ രീതിയിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മത്സരത്തിൽ പാറ്റ് കമ്മിൻസ് എറിഞ്ഞ 71ആം ഓവറിലെ പന്തിൽ ഒരു പുൾ ഷോട്ടിന് ശ്രമിക്കുകയായിരുന്നു ജയസ്വാൾ. എന്നാൽ പന്ത് ജയസ്വാളിന്റെ ഗ്ലൗസിൽ തട്ടി വിക്കറ്റ് കീപ്പർ അലക്സ് കെയറിയുടെ കൈകളിലേക്ക് എത്തുകയാണ് ഉണ്ടായത്.
ഉടൻ തന്നെ ഓസ്ട്രേലിയ ആഘോഷങ്ങൾ ആരംഭിച്ചങ്കിലും അമ്പയർ ജോ വിൽസൺ ഇത് നോട്ടൗട്ട് വിധിക്കുകയായിരുന്നു. പിന്നീട് കമ്മിൻസ് ഇതിനായി റിവ്യൂ നൽകി. ശേഷമാണ് വിവാദങ്ങൾ ആരംഭിച്ചത്. തേർഡ് അമ്പയറുടെ പരിശോധനയിൽ സ്നിക്കോയിൽ യാതൊരു സ്പൈക്കും ഉണ്ടായിരുന്നില്ല. പക്ഷേ തേർഡ് അമ്പയർ ഇത് ഔട്ട് വിധിച്ചു. എന്തുകൊണ്ടാണ് ഒരു സ്പൈക്കും ഇല്ലാതിരുന്നിട്ടും ഇത് ഔട്ട് വിധിച്ചത് എന്ന് പരിശോധിക്കാം.
സാധാരണയായി അമ്പയർമാർ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് പൂർണമായും സാങ്കേതികവിദ്യയെ ആശ്രയിക്കാറാണുള്ളത്. അല്ലാത്ത പക്ഷം മറ്റു തെളിവുകളെ ആശ്രയിക്കുന്ന അമ്പയർമാർ കുറവാണ്. എന്നാൽ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. എന്തുകൊണ്ടാണ് ഈ സമയത്ത് സ്നിക്കോയിൽ സ്പൈക്ക് ഇല്ലാതിരുന്നത് എന്ന് ബിബിജി സ്പോർട്ട് കമ്പനിയുടെ ഓണറായ ബ്രണ്ണൻ പറയുന്നു. “അവിടെ ജയസ്വാൾ കളിച്ചത് ഒരു ഗ്ലാൻസ് ഷോട്ടാണ്. അതുകൊണ്ടു തന്നെ ഒരുതരത്തിലുള്ള ശബ്ദങ്ങളും ആ ഷോട്ട് കളിച്ച സമയത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് സ്നിക്കോയിൽ യാതൊന്നും തന്നെ കാണിക്കാതിരുന്നത്. ഞാൻ ആ റിപ്ലൈ ഓഡിയോ ഡയറക്ടറുമായി 2-3 തവണ പരിശോധിക്കുകയുണ്ടായി. ഒരിടത്തു നിന്നും ഒരു ശബ്ദവും ഉണ്ടായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരുപക്ഷേ ഹോട്ട്സ്പോട്ട് ഉപയോഗിച്ചിരുന്നുവെങ്കിൽ ഇക്കാര്യത്തിൽ കൃത്യമായ തെളിവ് ലഭിച്ചേനെ.”- ബ്രണ്ണൻ പറയുന്നു.
മുൻ അമ്പയറായ സൈമൺ ടോഫലും തേർഡ് അമ്പയറുടെ തീരുമാനത്തോട് ശരിവച്ചാണ് സംസാരിച്ചത്. “എന്റെ വീക്ഷണത്തിൽ ആ ഡിസിഷൻ കറക്റ്റാണ്. അത് ഔട്ട് തന്നെയാണ്. അമ്പയർ അവസാനം കൃത്യമായ ഒരു തീരുമാനമെടുക്കുകയാണ് ഉണ്ടായത്. സാധാരണയായി നമ്മൾ ഇത്തരം സാഹചര്യങ്ങളിൽ സാങ്കേതികവിദ്യയെ വിശ്വസിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇവിടെ അമ്പയർക്ക് കൃത്യമായി പന്ത് ഗ്ലൗസിൽ തട്ടിയതിന്റെ പ്രതിഫലനം കാണാൻ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കേണ്ട ആവശ്യമില്ലായിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ മറ്റ് സാങ്കേതികത ഉപയോഗിക്കേണ്ട ആവശ്യവുമില്ല. കൃത്യമായ പ്രതിഫലനം ഉണ്ടെങ്കിൽ അതൊരു വലിയ തെളിവ് തന്നെയാണ്.”- സൈമൺ ടോഫൽ പറയുന്നു.
“ഇവിടെ മൂന്നാം അമ്പയര്‍ ഉപയോഗിച്ചത് രണ്ടാമതായുള്ള സാങ്കേതിക വിദ്യയാണ്. കൃത്യമായ പ്രതിഫലനം നമുക്ക് വിഷ്വൽസിൽ കാണാൻ സാധിക്കും. എന്നാൽ ഓഡിയോയിൽ ഒരു തെളിവും ഉണ്ടായിരുന്നില്ല. പക്ഷേ വിഷ്വൽസിലൂടെ ലഭിക്കുന്ന തെളിവ് തന്നെ ഇത്തരത്തിൽ തീരുമാനം മാറ്റാൻ ധാരാളമാണ്. അതുകൊണ്ടു തന്നെയാണ് ഇതൊരു കൃത്യമായ തീരുമാനമാണ് എന്ന് ഞാൻ പറയുന്നത്.”- ടോഫൽ കൂട്ടിച്ചേർക്കുന്നു. എന്തായാലും വലിയ വിവാദമാണ് ജയസ്വാളിന്റെ ഈ വിക്കറ്റിന് പിന്നാലെ ഉണ്ടായത്. ജയസ്വാൾ അൽപസമയം മൈതാനത്ത് അമ്പയറുമായി തർക്കിച്ച ശേഷമാണ് മൈതാനം വിട്ടത്.