ലോക ക്രിക്കറ്റിലെ നിലവിലെ ബെസ്റ്റ് ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ. മൂന്ന് ഫോർമാറ്റിലും സ്ഥിരതയോടെ കളിക്കുന്ന താരം ലങ്കക്ക് എതിരായ ബാംഗ്ലൂർ ടെസ്റ്റ് മത്സരത്തിലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിൽ 5വിക്കറ്റുകൾ വീഴ്ത്തിയ താരം സാക്ഷാൽ കപിൽ ദേവിന്റെ ഒരു റെക്കോർഡും മറികടന്നിരുന്നു. ഒപ്പം ഐസിസി റാങ്കിങ്ങിൽ അടക്കം തന്റെ കുതിപ്പ് തുടരുന്ന ബുംറയെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ. ലൈഫ് ടൈമിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ്വം ബൗളർമാരിൽ ഒരാളാണ് ബുംറയെന്ന് പറഞ്ഞ പത്താൻ എല്ലാ കാലത്തും ഏതൊരു ടീമും ബുംറയെ പോലൊരു ഫാസ്റ്റ് ബൗളർക്ക് ടീമിൽ സ്ഥാനം നൽകുമെന്നും വിശദമാക്കി.
“എല്ലാ കാലത്തും പിറക്കുന്ന ഒരു ബൗളർ അല്ല ജസ്‌പ്രീത് ബുംറ. എനിക്ക് ഉറച്ച വിശ്വാസമുണ്ട് ബുംറയുടെ വർക്ക് ലോഡ് കുറക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റും സെലക്ഷൻ കമ്മിറ്റിയും അക്കാര്യം വളരെ ശ്രദ്ധയോടെ തന്നെ പരിഗണിക്കും. വളരെ നിർണായക പരമ്പരകളും മത്സരങ്ങളും നമുക്ക് മുന്നിലുണ്ട്. അതിനാൽ തന്നെ ബുംറക്ക് ആവശ്യമായ റസ്റ്റ് ലഭിക്കണം. അത് ടീമിന്റെ ആവശ്യവുമാണ് “മുൻ ഇന്ത്യൻ താരം വാചാലനായി.
“തീർച്ചയായും ബുംറയെ പോലൊരു ഫാസ്റ്റ് ബൗളറെ ഇന്ത്യൻ ടീമിന് ഈ വർഷത്തെ എല്ലാ പ്രധാന കളികളിലും വേണം. അദ്ദേഹം മികച്ച ഫോമിലാണ്. ഈ വർഷം ഇംഗ്ലണ്ടിന് എതിരെ ഒരു ടെസ്റ്റ് മത്സരം ശേഷിക്കുന്നുണ്ട്. കൂടാതെ ഓസ്ട്രേലിയൻ ടീം ടെസ്റ്റ് പരമ്പരക്കായി ഇവിടെ എത്തുന്നുണ്ട്. പ്രധാനമായി ടി :20 ലോകകപ്പ് അടക്കം ലിമിറ്റെഡ് ഓവർ മത്സരങ്ങളാണ് ഇന്ത്യക്ക് മുൻപിലായി ഉള്ളത്. അതിനാൽ തന്നെ ബുംറയുടെ വർക്ക് ലോഡ് ശ്രദ്ധയോടെ തന്നെയാകും ടീം മാനേജ്മെന്റ് കൊണ്ടുപോകുക “മുൻ താരം നിരീക്ഷിച്ചു.