ബറോഡൻ കാർണേജ്. 20 ഓവറിൽ നേടിയത് 349 റൺസ്. T20 ചരിത്രം തിരുത്തി ബറോഡ.

ട്വന്റി20 ക്രിക്കറ്റിലെ സർവ്വകാല റെക്കോർഡുകൾ തകർത്തെറിഞ്ഞ് ബറോഡ ടീം. സൈദ് മുഷ്തഖ് അലി ട്രോഫിയിലെ സിക്കിമിനെതിരായ മത്സരത്തിലാണ് സർവ്വ റെക്കോർഡുകളും തകർത്തെറിഞ്ഞ് ബറോഡ ചരിത്രം സൃഷ്ടിച്ചത്. മത്സരത്തിന്റെ 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് ബറോഡ സ്വന്തമാക്കിയത്. ഇതോടെ ട്വന്റി20 ക്രിക്കറ്റിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് ബറോഡ സ്വന്തമാക്കുകയുണ്ടായി. മാത്രമല്ല സൈദ് മുഷ്തഖ് അലി ട്രോഫി ടൂർണമെന്റിൽ 300 റൺസിലധികം സ്വന്തമാക്കുന്ന ആദ്യ ടീമായി ബറോഡയ്ക്ക് മാറാനും സാധിച്ചു.

ട്വന്റി20 മത്സരത്തിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് മുൻപ് സിംബാബ്വെ ടീമിന്റെ പേരിലായിരുന്നു. ഗാംബിയ ടീമിനെതിരെ 344 റൺസാണ് സിംബാബ്വേ സ്വന്തമാക്കിയിരുന്നത്. എന്നാൽ 349 റൺസ് നേടിയ ബറോഡ ഇത് മറികടക്കുകയാണ് ഉണ്ടായത്. മാത്രമല്ല ഒരു ട്വന്റി20 മത്സരത്തിന്റെ ഇന്നിങ്സിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന ടീം എന്ന റെക്കോർഡും ബറോഡ സ്വന്തമാക്കി. മത്സരത്തിൽ 37 സിക്സറുകളാണ് ബറോഡ സ്വന്തമാക്കിയത്. ഗാമ്പിയയ്ക്കെതിരായ മത്സരത്തിൽ 27 സിക്സറുകൾ സ്വന്തമാക്കിയ സിംബാബ്വെയുടെ പേരിലായിരുന്നു ഈ റെക്കോർഡും. എന്നാൽ ബറോഡ ആ ചരിത്രം മാറ്റി കുറിച്ചിരിക്കുകയാണ്.

മത്സരത്തിലേക്ക് കടന്നുവന്നാൽ ആദ്യം ബാറ്റ് ചെയ്തത് ബറോഡ ടീമായിരുന്നു. തുടക്കം മുതൽ വെടിക്കെട്ടാണ് ബറോഡ കാഴ്ചവച്ചത്. ഓപ്പണർ ശശ്വത്ത് റാവത്തും അഭിമന്യു സിംഗുമാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. റാവത്ത് 16 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 43 റൺസ് സ്വന്തമാക്കി. അഭിമന്യു സിംഗ് 17 പന്തുകളിൽ 4 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 53 റൺസാണ് നേടിയത്. ശേഷം മൂന്നാമതായി ക്രീസിലെത്തിയ ഭാനു പാനീയയാണ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. ഒരു ഉഗ്രൻ സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.

51 പന്തുകളിൽ 5 ബൗണ്ടറികളും 15 സിക്സറുകളുമടക്കം 134 റൺസായിരുന്നു ഭാനു പാനീയ നേടിയത്. പിന്നീട് നാലാമനായി എത്തിയ ശിവലിംഗ് ശർമ 17 പന്തുകളിൽ 55 റൺസുമായി വീണ്ടും വെടിക്കെട്ട് തീർത്തു. സോളങ്കി 16 പന്തുകളിൽ 50 റൺസും സ്വന്തമാക്കിയതോടെ ബറോഡയുടെ സ്കോർ 300 കടക്കുകയായിരുന്നു. 5 വിക്കറ്റ് നഷ്ടത്തിലാണ് ബറോഡ 349 റൺസ് മത്സരത്തിൽ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച സിക്കിമിനെ കേവലം 86 റൺസിന് പുറത്താക്കാനും ബറോഡക്ക് സാധിച്ചു. ഇതോടെ 263 റൺസിന്റെ ചരിത്ര വിജയമാണ് ബറോഡ മത്സരത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.

Previous articleഅവരെ വിട്ട് കളഞ്ഞത് മണ്ടത്തരം. രാജസ്ഥാൻ ബുദ്ധിമുട്ടുമെന്ന് ആകാശ് ചോപ്ര.