തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ കോച്ചിനെ വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസിലെ വെസ്റ്റിൻഡീസ് ബാറ്റർ ഹെറ്റ്മയർ. തിങ്കളാഴ്ച നടന്ന രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മുമ്പ് തൻ്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റംവരുത്താൻ ഇടയായ സാഹചര്യത്തെക്കുറിച്ച് താരം സംസാരിച്ചിരുന്നു. അപ്പോഴാണ് താരം തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ കോച്ചിനെ വെളിപ്പെടുത്തിയത്.
“ക്രിക്കറ്റിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണു ഞാൻ ശ്രമിച്ചിരുന്നത്. കരിയറിന്റെ ആദ്യ 2 വർഷങ്ങളിൽ ഞാൻ നിലയുറപ്പിച്ചു കളിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നതേയില്ല. പക്ഷേ ഇപ്പോൾ അങ്ങനെയല്ല.
പിച്ചിന്റെ സ്വഭാവം എങ്ങനെ എന്ന് അറിയുന്നതിനായി അൽപ സ്വൽപം പന്തുകൾ ഞാൻ എടുക്കും.ഭാര്യ നിർവാനിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കോച്ച്, ഞങ്ങൾ 2 പേരും ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. പിന്നീട് ഞാൻ അതു നടപ്പാക്കി.
റിവേഴ്സ് സ്വീപ്പ് ചെയ്യുന്നത് എങ്ങനെയെന്നു ജോസ് ബട്ലറിൽ നിന്നു പഠിക്കണമെന്നാണ് ആഗ്രഹം. പരിശീലനത്തിനിടെ പല തവണ ശ്രമിച്ചെങ്കിലും ഞാൻ തുടർച്ചയായി പുറത്തായി. സ്കൂപ് ഷോട്ടിന്റെ കാര്യവും അങ്ങനെതന്നെ.
പുറത്തുനിന്നു നോക്കുമ്പോൾ ബാറ്റിങ് വളരെ അനായാസമാണെന്നു തോന്നും. പക്ഷേ അങ്ങനെയല്ല. മുംബൈയിൽ കളിക്കാൻ ഇഷ്ടമാണ്. ബാറ്റർമാരെ സഹായിക്കുന്നതാണ് ഇവിടത്തെ വിക്കറ്റുകൾ. ഞാൻ ഒരു ബോളർ അല്ലാത്തതു ഭാഗ്യം.”-ഹെറ്റ്മയർ പറഞ്ഞു.