കോഹ്‌ലിയുടെ ആധിപത്യം ഇനിയും ഒരുപാട് നാളുകൾ ക്രിക്കറ്റിൽ തുടരും -അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കുവാനുണ്ട് : അടുത്ത സീസൺ ഐപിഎല്ലിലെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച്‌ ഗ്ലെൻ മാക്‌സ്‌വെൽ

ഇത്തവണത്തെ ഐപിൽ താരലേലത്തിൽ ഏറെ ചർച്ചയായത് ഓസീസ് ആൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 14.25 കോടി രൂപക്ക് സ്വന്തമാക്കിയതാണ് .കഴിഞ്ഞ കുറച്ച് ഐപിൽ സീസണുകളിൽ മോശം പ്രകടനം മാത്രം പുറത്തെടുത്തിട്ടുള്ള താരം കോഹ്ലി നായകനായിട്ടുള്ള ബാംഗ്ലൂർ ടീമിൽ ഇത്തവണ ഫോമിലെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത് .

എന്നാൽ  ആര്‍സിബിയിലേക്കുള്ള തന്റെ  വരവിനേയും  കരിയറിൽ മമുൻപ് നേരിട്ട വിഷാദാവസ്ഥയേയും കുറിച്ച് തുറന്ന്  സംസാരിക്കുകയാണ് മാക്‌സ്‌വെല്‍. ഓസീസ് താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്  ”ഞാന്‍ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് കോലിക്ക് വ്യക്തമായ ബോധ്യമുണ്ടാവുമെന്നാണ് മനസിലാക്കുന്നത്. മുമ്പ് എന്റെ നിലപാടിന് കോലിയുടെ പിന്തുണ അത്രയേറെ  ഉണ്ടായിരുന്നു.കാരണം കോലിയും ഇതേ അവസ്ഥയിലൂടെ കടന്നുപോയതാണ്. അതിനാൽ തന്നെ   അദ്ദേഹം എനിക്ക് പിന്തുണ നല്‍കിയത് എനിക്ക് ഏറെ സന്തോഷം നൽകി  ഒരുപാട് പ്രതീക്ഷകളും, സമ്മര്‍ദവും. ഇതെല്ലാം കോലിക്കും നന്നായി  അറിയാന്‍ കഴിയും ” ഓസീസ് താരം വിശദമാക്കി .

ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ കുറിച്ചും ഗ്ലെൻ മാക്സ്‌വെൽ ഏറെ  വാചാലനായി   ‘പലപ്പോഴും വിരാട് കൊഹ്‌ലിയെ  മാതൃകയാക്കാനാണ് ഞാനും ശ്രമിക്കുന്നത് . മത്സരങ്ങള്‍ക്ക് മുമ്പ് അദ്ദേഹമെടുക്കുന്ന ചില  തയ്യാറെടുപ്പുകളെല്ലാം  നാം കണ്ട് പഠിക്കണം. നായകനെന്ന നിലയിലും കോലിയില്‍ നിന്ന് ഏറെ പഠിക്കാനുണ്ട് എനിക്ക് .ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന കോലിക്ക് ആര്‍സിബിയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും. അദ്ദേഹത്തിന്റെ ആധിപത്യം ഒരുപാട് നാളത്തേക്ക് തുടരും.’ മാസ്‌വെൽ തന്റെ പ്രതീക്ഷകൾ പങ്കിട്ടു .

നേരത്തെ രണ്ട് വര്‍ഷം മുമ്പ് ക്രിക്കറ്റില്‍ നിന്ന് പൂർണ്ണമായി  മാറിനിന്ന  താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍.  കഠിനമായ  വിഷാദാവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ്  താരം  ക്രിക്കറ്റില്‍ നിന്ന്  കുറച്ച് സമയത്തേക്ക് പൂർണ്ണമായി  വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഓസീസ് ക്രിക്കറ്റ് ബോർഡിന്റെ അനുമതിയും  താരം നേടിയിരുന്നു . ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ താരത്തിന്റെ തീരുമാനത്തെ ഏറെ  അഭിനന്ദിച്ചിരുന്നു. പിന്നീട് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മാക്‌സ്‌വെല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഇന്ത്യ : ഓസ്ട്രേലിയ ലിമിറ്റഡ് ഓവർ പരമ്പരയിൽ താരം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു .