ഫൈനലിൽ മഴ കളി തുടങ്ങി :ആദ്യ ദിനത്തിനെ ആദ്യ സെക്ഷൻ ഉപേക്ഷിച്ചു

ക്രിക്കറ്റ്‌ പ്രേമികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് തുടക്കം കുറിക്കേണ്ടിയിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് കനത്ത തിരിച്ചടി നൽകി മഴ. ക്രിക്കറ്റ് ആരാധകർ രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ആവേശത്തോടെ സ്വീകരിച്ച നിർണായക ഇന്ത്യ :ന്യൂസിലാൻഡ് ഫൈനലിനാണ് മഴ മേഘങ്ങൾ ആദ്യം ദിനം വെല്ലുവിളി സൃഷ്ടിക്കുന്നത്.ഇംഗ്ലണ്ടിലെ ഫൈനൽ നടക്കുന്ന സതാംപ്ടണിൽ അതിരാവിലെ മുതൽ മഴ പെയ്യുകയാണ്. മുൻപ് എല്ലാ ആരാധകരും പ്രതീക്ഷിച്ച പോലെ മഴ ഈ ഫൈനലിലും പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നതാണ് കാലാവസ്ഥ വകുപ്പ് ഇപ്പോൾ നൽകുന്ന സൂചനകളും.

നേരത്തെ ഇന്ത്യൻ സമയം 2.30ന് ടോസ് ഇടുവാൻ തീരുമാനിച്ചെങ്കിലും കനത്ത മഴയും ഒപ്പം നനഞ്ഞ ഔട്ട്‌ഫീൽഡും കാരണം എപ്പോൾ ടോസ് ഇടുവാൻ കഴിയുമെന്നതിലും അന്തിമമായ ഒരു തീരുമാനം കൈകൊണ്ടിട്ടില്ല.2.30ടോസ് ഇട്ട ശേഷം മത്സരം ആരംഭിച്ച് ആദ്യ സെക്ഷൻ ഇന്ത്യൻ സമയം അഞ്ചിന് തന്നെ പൂർത്തിയാക്കാമെന്നുള്ള എല്ലാ പ്ലാനുകളും മഴയോടെ അവസാനിച്ചിട്ടുണ്ട്. മുൻപ് ഇംഗ്ലണ്ടിൽ നടന്ന പല ഐസിസി ടൂർണമെന്റുകളിൽ മഴ വില്ലനായി പല തവണ എത്തിയിട്ടുണ്ട്.ഇപ്പോൾ പുതിയ കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം അടുത്ത മൂന്ന് ദിവസം മഴക്കാണ് ഏറെ സാധ്യത.

അതേസമയം പ്രഥമ ടെസ്റ്റ് ലോകകപ്പിൽ കിരീടം ഉയർത്തുവാൻ കഴിയുമെന്ന് ശുഭ പ്രതീക്ഷയിലാണ് ഇരു ടീമുകളും. ഇന്ത്യൻ ടീം പ്ലെയിങ് ഇലവനെ ഇന്നലെ തന്നെ പ്രഖ്യാപിച്ചെങ്കിലും ന്യൂസിലാൻഡ് ടീമിന്റെ അന്തിമ പ്ലെയിങ് ഇലവനായി ആരാധകർ കാത്തിരിപ്പിലാണ്. മഴ പെയ്യുന്നതും ഒപ്പം മൂടികെട്ടിയ അന്തരീക്ഷവും ഇരു ടീമിലെ പേസ് ബൗളർമാർക്കും സഹായകമാകും എന്നാണ് പൊതുവായ വിലയിരുത്തൽ.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര,വിരാട് കോഹ്ലി,അജിങ്ക്യ രഹാനെ,റിഷാബ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഇഷാന്ത് ശർമ, ജസ്‌പ്രീത് ബുറ, മുഹമ്മദ്‌ ഷമി