2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിന് മുന്നോടിയായി ഋഷഭ് പന്തിനെ ഡൽഹി റിലീസ് ചെയ്യാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വലിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഐപിഎല്ലിന്റെ മെഗാലേലത്തിലേക്ക് വന്നാൽ വലിയൊരു തുക തന്നെ പന്ത് സ്വന്തമാക്കും എന്നാണ് ചോപ്ര പറഞ്ഞിരിക്കുന്നത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾ പന്തിനെ സ്വന്തമാക്കാൻ രംഗത്തെത്തും എന്ന് ചോപ്ര പറയുന്നു. ഏകദേശം 25 മുതൽ 30 കോടി രൂപ വരെ പന്തിന് ലഭിക്കുമെന്നാണ് ചോപ്ര കരുതുന്നത്.
ഒക്ടോബർ 31നാണ് ഐപിഎൽ ടീമുകൾക്ക് തങ്ങളുടെ നിലനിർത്തൽ ലിസ്റ്റ് നൽകേണ്ട അവസാന തീയതി. ഇതിന് മുന്നോടിയായി വന്ന റിപ്പോർട്ടുകൾ പ്രകാരം പന്തിനെ ഡൽഹി റിലീസ് ചെയ്യും. മാത്രമല്ല നിലനിർത്തുന്ന താരങ്ങളിൽ ക്ലാസൻ, നിക്കോളാസ് പൂരൻ, സഞ്ജു സാംസൺ, ജോസ് ബട്ലർ എന്നിവർക്ക് വലിയ തുക തന്നെ ലഭിക്കുമെന്നും ചോപ്ര പറയുകയുണ്ടായി.
“പന്ത് ഐപിഎൽ ലേലത്തിലേക്ക് എത്തുമെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടില്ലെങ്കിലും പന്തിന് പണപ്പെട്ടി പൊട്ടിക്കാൻ സാധിക്കും. അവന്റെ പേര് ലേലത്തിലേക്ക് എത്തിയാൽ വലിയ തുക തന്നെ സ്വന്തമാക്കാനും കഴിയും.”- ചോപ്ര പറയുന്നു.
“ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് പന്തിനെ ആവശ്യമാണ്. ഡൽഹിയും ലേലത്തിൽ രംഗത്ത് എത്തിയേക്കും. കൊൽക്കത്തയ്ക്കും അവനെ ആവശ്യമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും അവന്റെ പേര് കണ്ടാൽ വെറുതെ വിടാൻ സാധ്യതയില്ല. ഇഷൻ കിഷനെ റിലീസ് ചെയ്യുകയാണെങ്കിൽ മുംബൈയും പന്തിനായി രംഗത്തെത്തും. അങ്ങനെയെങ്കിൽ പന്തിന് 25 മുതൽ 30 കോടി രൂപ വരെ ലഭിക്കാനാണ് സാധ്യത. രാജസ്ഥാൻ റോയൽസ് ഒഴികെയുള്ള മുഴുവൻ ഫ്രാഞ്ചൈസികൾക്കും അവനെ ആവശ്യമാണ്. ഗുജറാത്തിനും അവനെ ആവശ്യമുണ്ട്. അവർക്ക് നിലവിൽ ഒരു വിക്കറ്റ് കീപ്പർ ഇല്ല.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ശക്തമായ ഒരു തിരിച്ചുവരവ് നടത്താൻ പന്തിന് സാധിച്ചിരുന്നു. സീസണിൽ 13 ഇന്ന്നിങ്സുകളിൽ നിന്ന് 446 റൺസാണ് പന്ത് സ്വന്തമാക്കിയത്. 155 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് പന്തിന്റെ വമ്പൻ പ്രകടനം. എന്തായാലും പന്ത് ലേലത്തിന് എത്തിയാൽ മുഴുവൻ ഫ്രാഞ്ചൈസികളും അവനായി രംഗത്തെത്തും എന്ന് ഉറപ്പാണ്. ഒരു കളിക്കാരൻ എന്നതിലുപരി ഒരു നായകനായും ടീമുകൾക്ക് പന്തിനെ പരിഗണിക്കാൻ സാധിക്കും.