“അവൻ ഒരു ദിവസം ഇന്ത്യയുടെ 3 ഫോർമാറ്റിലെയും ക്യാപ്റ്റനാവും”. ഇന്ത്യയുടെ മുൻ ബാറ്റിങ് കോച്ച് പറയുന്നു.

384657

ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ നായകനായിരുന്നു യുവതാരം ശുഭമാൻ ഗില്‍. 2024 ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ നടത്തി ഗിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടീമിന്റെ നായകനായി മികച്ച പ്രകടനം നടത്താൻ ഗില്ലിന് സാധിച്ചിരുന്നില്ല.

പക്ഷേ ഇന്ത്യയുടെ സിംബാബ്വെക്കെതിരായ പരമ്പരയിൽ ഗില്ലിന്റെ നായകത്വം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യ ഭാവി നായകനായി കാണുന്ന ഒരു താരമാണ് ഗിൽ എന്ന് ഈ പരമ്പരയോടുകൂടി ഉറപ്പായിരിക്കുന്നു. ഈ സാഹചര്യത്തിൽ ഗില്ലിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ.

ഒരു ദിവസം ഇന്ത്യയുടെ 3 ഫോർമാറ്റിലെയും നായകനായി ഗിൽ മാറിയേക്കാം എന്നാണ് വിക്രം റാത്തോർ പറയുന്നത്. താൻ ആദ്യമായി ഗില്ലിനെ നെറ്റ്സിൽ കാണുന്ന സമയത്ത് അവന്റെ കഴിവുകൾ കണ്ട് അത്ഭുതപ്പെട്ടിരുന്നുവെന്നും റാത്തോർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ടീമിന്റെ ഉപനായകനായി ഗിൽ കളിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിക്രം റാത്തോർ പ്രശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

gill

“ഞാൻ ഗില്ലിനെ ആദ്യമായി നെറ്റ്സിൽ കാണുമ്പോൾ എല്ലാവരെയും പോലെ തന്നെയായിരുന്നു എന്റെയും മനോഭാവം. എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ അവന്റെ സ്പെഷ്യൽ കഴിവുകളെപ്പറ്റി സംസാരിക്കുന്നത് എന്ന് എനിക്ക് അന്ന് ബോധ്യപ്പെട്ടു.”- റാത്തോർ പറയുന്നു.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

“ആദ്യമായി അവൻ മൈതാനത്ത് കളിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് പെട്ടെന്ന് തന്നെ ഒരു ചിന്ത കടന്നുവന്നു. എത്ര മികച്ച കഴിവുകളാണ് അവനുള്ളത് എന്ന് എന്റെ മനസ്സ് അപ്പോൾ പറഞ്ഞു. അവന്റെ മത്സരത്തെപ്പറ്റി പൂർണ്ണമായ ബോധ്യം അവനുണ്ട്. മാത്രമല്ല കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കി വ്യത്യസ്ത സന്ദർഭങ്ങൾക്ക് അനുസരിച്ച് തന്റെ മത്സര രീതി മാറ്റിയെടുക്കാനും ഗില്ലിന് സാധിക്കും. തന്റെ മുൻപിലേക്ക് വരുന്ന വെല്ലുവിളികൾ നേരിടാൻ സാധിക്കുന്ന താരമാണ് ഗിൽ. അവൻ അതിനെ ഭയപ്പെടുന്നില്ല.”- റാത്തോർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

“എന്നെ സംബന്ധിച്ച് വിരാട് കോഹ്ലിയും രോഹിത് ശർമയും ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തത് അവർക്ക് നായകസ്ഥാനം ലഭിച്ചതോടെയാണ്. അതേപോലെതന്നെ ശുഭ്മാൻ ഗില്ലിനും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇതുവരെയും അവൻ ഇന്ത്യയുടെ സ്ഥിര നായകനായി മാറിയിട്ടില്ല. നായകനായി മാറുന്നതോടെ അവന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ നമുക്ക് കാണാൻ സാധിക്കും.”

”അക്കാര്യം എനിക്ക് ഉറപ്പാണ്. നമ്മൾ അങ്ങനെയൊരു സ്ഥാനത്ത് എത്തുമ്പോൾ, മറ്റുള്ളവരെ നയിക്കാൻ സാധിക്കുമ്പോൾ, അത് നമുക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നു. അത് ഗുണം ചെയ്യും. ഗില്ലിനെ പോലുള്ള യുവതാരങ്ങൾക്ക് അത് ഒരുപാട് അനുഗ്രഹമായിരിക്കും. അവൻ ഒരിക്കൽ ഇന്ത്യയെ 3 ഫോർമാറ്റുകളിലും നയിക്കും.”- റാത്തോർ പറഞ്ഞു വയ്ക്കുന്നു.

Scroll to Top