2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നിർണായക താരമായി മാറാൻ പോകുന്നത് ഹർദിക് പാണ്ഡ്യയാണ് എന്ന പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്ത്. ഇന്ത്യ ഇത്തവണത്തെ ലോകകപ്പിൽ ഹർദിക് പാണ്ഡ്യയെ വലിയ രീതിയിൽ ആശ്രയിക്കുന്നുണ്ട് എന്നാണ് ചോപ്ര പറയുന്നത്. നിലവിൽ ഇന്ത്യൻ ടീമിലുള്ള ഒരേ ഒരു ബാറ്റിംഗ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് എന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു.
നിലവിലെ രവീന്ദ്ര ജഡേജയുടെ മോശം ബാറ്റിംഗ് പ്രകടനങ്ങളും കണക്കിലെടുത്ത ശേഷമാണ് ആകാശ് ചോപ്ര ഈ അഭിപ്രായം അറിയിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിലുടനീളം ഹർദിക് പാണ്ഡ്യയുടെ പ്രകടനം അങ്ങേയറ്റം നിർണായകമാണ് എന്നും ചോപ്ര പറഞ്ഞുവയ്ക്കുന്നു.
“ജഡേജയുടെ കഴിഞ്ഞ സമയങ്ങളിലെ ബാറ്റിംഗ് വളരെ മോശമായിരുന്നു. നിലവിൽ ഇന്ത്യയുടെ ടോപ്പ് 6ൽ ഹർദിക് പാണ്ഡ്യ മാത്രമാണ് മികച്ച ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കുന്നത്. മാത്രമല്ല ഇന്ത്യക്കായി പ്രയാസമേറിയ സാഹചര്യങ്ങളിൽ ക്രീസിലെത്തി വെടിക്കെട്ട് തീർക്കാനും പാണ്ഡ്യയ്ക്ക് സാധിക്കും. എന്നിരുന്നാലും ഇന്ത്യ കൂടുതലായി ഹർദിക് പാണ്ഡ്യയെ ആശ്രയിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. അവനെപ്പോലെ ബോൾ ചെയ്യുന്ന മറ്റൊരു താരം ഇന്ത്യയുടെ ആദ്യ 6ൽ ഇല്ല. ഈ കഴിവുകളുള്ള ഒരേയൊരു കളിക്കാരൻ അവൻ മാത്രമാണ്.”- ചോപ്ര പറയുന്നു.
“ഈ ലോകകപ്പ് വിജയിക്കണമെങ്കിൽ ഇന്ത്യയ്ക്ക് ഹർദിക് പാണ്ഡ്യയുടെ ശക്തമായ സാന്നിധ്യം ആവശ്യമാണ്. ഇന്ത്യയെ സംബന്ധിച്ച് അവൻ ടീമിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ് എന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും കഴിഞ്ഞ സമയങ്ങളിൽ ഹർദിക് പാണ്ഡ്യ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടില്ല. ഏഷ്യാകപ്പ് ഫൈനലിലാണ് പാണ്ഡ്യ കളിച്ചത്. അന്ന് കുറച്ചു വിക്കറ്റുകൾ സ്വന്തമാക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ബാറ്റിങ്ങിനിറങ്ങാൻ പാണ്ഡ്യയ്ക്ക് കഴിഞ്ഞില്ല.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
എന്നാൽ ഇന്ത്യയുടെ നെറ്റ് പരിശീലനത്തിനിടെ ഹർദിക് പാണ്ഡ്യക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് മുൻപായി നെറ്റ് പ്രാക്ടീസിൽ ഏർപ്പെടുകയായിരുന്ന പാണ്ഡ്യയുടെ വിരലിൽ പന്തടിച്ചു എന്നാണ് വിവരം പുറത്തുവരുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനായ സുബയാൻ ചക്രവർത്തിയാണ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ ഈ വാർത്ത പുറത്തുവിട്ടത്.
എന്നാൽ പരിക്ക് എത്രമാത്രം ഗുരുതരമാണ് എന്ന വിവരം റിപ്പോർട്ടിലില്ല. പക്ഷേ ഹർദിക് പാണ്ഡ്യക്ക് ആദ്യ മത്സരത്തിൽ കളിക്കാൻ സാധിക്കാതെ വന്നാൽ അത് ഇന്ത്യൻ ടീമിനെ വളരെ പ്രതികൂലമായി ബാധിക്കും എന്ന കാര്യം ഉറപ്പാണ്.