ഇന്ത്യൻ ക്രിക്കറ്റ് ടീം വരാനിരിക്കുന്ന ടി :20 ലോകകപ്പിനായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. നിലവിൽ അനേകം മാറ്റങ്ങളുമായി കളിക്കുന്ന ഇന്ത്യൻ സംഘം ചില പദ്ധതികൾ ഇപ്പോൾ തയ്യാറെടുക്കുന്നുണ്ടെന്നുള്ള സൂചന ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അടക്കം നൽകി കഴിഞ്ഞു.എന്നാൽ വെസ്റ്റ് ഇൻഡീസ് എതിരായ ടി:20 പരമ്പരയിൽ ജയിച്ചെങ്കിലും ഇന്ത്യൻ ടീം സീനിയർ ഓപ്പണർ ശിഖർ ധവാന് അവസരം നൽകിയിരുന്നില്ല.
ഇപ്പോൾ ഇക്കാര്യം വിശദമാക്കുകയാണ് മുൻ പാകിസ്ഥാൻ നായകനായ സൽമാൻ ബട്ട്. വളരെ നിർണായകമായ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ശിഖർ ധവാൻ തീർച്ചയായും കളിക്കണമെന്ന് തുറന്ന് പറയുകയാണ് സൽമാൻ ബട്ട്. കഴിഞ്ഞ വർഷം വരെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സജീവമായിരുന്ന ശിഖർ ധവാൻ ഇന്നും ഇന്ത്യൻ ടീമിന് അവിഭാജ്യ ഘടകമെന്ന് പറയുകയാണ് ബട്ട്.
“വിദേശ പിച്ചകളിൽ വൈറ്റ് ബോൾ ഫോർമാറ്റിൽ മികച്ച റെക്കോർഡുള്ള ഒരു ബാറ്റ്‌സ്മാനാണ് ധവാൻ. അദ്ദേഹം സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയിരുന്നു. കൂടാതെ ഓസ്ട്രേലിയയിലും നല്ല ഫോമിലാണ് ധവാൻ കളിച്ചിട്ടുള്ളത്. എനിക്ക് ഉറപ്പുണ്ട് ധവാൻ വീണ്ടും ടി :20 ടീമിന്റെ ഭാഗമായി എത്തും.ധവാൻ വീണ്ടും ഓപ്പണർ റോളിൽ എത്തിയേക്കാം. അത് വീണ്ടും സംഭവിച്ചേക്കാവുന്ന കാര്യമാണ്.”ബട്ട് വാചാലനായി.
“ശിഖർ ധവാൻ ഐസിസി ലോകകപ്പ് വേദിയിൽ പുറത്തെടുത്തിട്ടുള്ള പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് ഇനിയും തിളങ്ങാനുള്ള മികവുണ്ട്. നമ്മൾ പല തവണ അദ്ദേഹം ഓസ്ട്രേലിയയിൽ അടക്കം നേട്ടങ്ങൾ സ്വന്തമാക്കുന്നത് കണ്ടതാണ്. ബാക്ക്ഫുട്ടിൽ മികച്ച ബാറ്റിംഗ് മികവുള്ള താരമാണ് ശിഖർ ധവാൻ. കട്ട് ഷോട്ടും പുൾ ഷോട്ടും ഏറെ അനായാസം കളിക്കാനായി സാധിക്കുന്ന ധവാൻ ലോകകപ്പിൽ ഓപ്പണിങ് റോൾ ഭംഗിയായി നിർവഹിക്കും “സൽമാൻ ബട്ട് നിരീക്ഷിച്ചു. ഇക്കഴിഞ്ഞ ഐപിൽ മെഗാ താരലേലത്തിൽ പഞ്ചാബ് കിങ്‌സ് താരത്തെ സ്വന്തമാക്കിയിരുന്നു.