എന്റെ കരിയറിൽ എന്നെ സഹായിച്ചത് ധോണിയുടെ ഉപദേശങ്ങൾ : തുറന്ന് പറഞ്ഞ് നടരാജൻ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകൻ മഹേന്ദ്ര സിംഗ്   ധോണിയുടെ പ്രധാന  ഉപദേശങ്ങള്‍ തനിക്ക് കരിയറിൽ  ഗുണം ചെയ്തതായി   ഇന്ത്യൻ ഇടംകയ്യൻ പേസർ ടി നടരാജന്‍. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ യോർക്കർ  കിംഗ് എന്ന വിശേഷണം നേടിയ നടരാജൻ ഓസീസ് എതിരായ പരമ്പരയിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു .ഐപിഎല്ലിലെ പ്രകടനമികവ് ഇന്ത്യൻ ടീമിലും ആവർത്തിച്ച താരം ഒട്ടേറെ ക്രിക്കറ്റ് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു .

ഐപിഎല്‍ പതിനാലാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നടരാജന്റെ ധോണിയെ കുറിച്ചുള്ള പരാമർശങ്ങൾ
എന്നതും ശ്രദ്ധേയമാണ് .ഐപിഎല്ലിൽ വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം താരമാണ് നടരാജൻ .

“എം എസ് ധോണിയെ പോലെ ഒരു ഇതിഹാസ നായകനോട് ഒരുവേള  സംസാരിക്കുവാൻ കഴിഞ്ഞത്   തന്നെ  ജീവിതത്തിലെ വലിയ  ഒരു കാര്യമാണ്. എന്നോട് അദ്ദേഹം  ഫിറ്റ്‌നസിനെ കുറിച്ച് സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. സ്ലോ ബൗണ്‍സറുകളും കട്ടറുകളും വേരിയേഷനുകളും ഉപയോഗിക്കാന്‍ പറഞ്ഞു. അത് എനിക്ക്  കരിയറിൽ ഏറെ പ്രയോജനം ചെയ്തു”
നടരാജൻ വാചാലനായി .

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞ നടരാജൻ ഐപിഎല്ലിന് ശേഷം നാട്ടിലേക്ക് മടങ്ങുവാനായിരുന്നു തന്റെ പ്ലാൻ എന്നും വെളിപ്പെടുത്തി .കഴിഞ്ഞ സീസണില്‍ യോര്‍ക്കറുകള്‍ കൊണ്ട് അമ്പരപ്പിച്ച നടരാജന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായിരുന്നു .70 അധികം  യോര്‍ക്കറുകളാണ് ഈ ഇടംകൈയന്‍ പേസര്‍ കഴിഞ്ഞ സീസണിൽ എറിഞ്ഞത്.