ഇന്ത്യൻ സൂപ്പർ താരം റിഷഭ് പന്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് കഴിവുകളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ആകാശ് ചോപ്ര. തന്റെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഒരു കിടിലൻ സെഞ്ച്വറി സ്വന്തമാക്കാൻ പന്തിന് സാധിച്ചിരുന്നു.
ഈ ഇന്നിംഗ്സിനെ അഭിനന്ദിച്ചാണ് ചോപ്ര സംസാരിച്ചത്. ക്രിക്കറ്റിന്റെ ട്വന്റി20 ഫോർമാറ്റിലെ ഒരു സൂപ്പർസ്റ്റാറായി മാറാൻ പന്തിന് സാധിക്കുമെന്നാണ് താൻ മുൻപ് കരുതിയിരുന്നത് എന്ന് ചോപ്ര പറയുന്നു. പക്ഷേ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലാണ് പന്ത് തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് എന്ന് ചോപ്ര കരുതുന്നു. വീരേന്ദർ സേവാഗ് ഇത്തരത്തിലായിരുന്നു മികവ് പുലർത്തിയിരുന്നത് എന്നാണ് ചോപ്രയുടെ അഭിപ്രായം.
റിഷഭ് പന്ത് തന്നെ എല്ലായിപ്പോഴും ഓർമ്മിപ്പിക്കുന്നത് സേവാഗിനെയാണ് എന്ന് ചോപ്ര പറയുന്നു. ഇന്ത്യയ്ക്കായി വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള ടെസ്റ്റ് ബാറ്ററാണ് വീരേന്ദർ സേവാഗ്. സേവാഗിനോട് പന്തിന് ഉപമിച്ചാണ് ചോപ്ര സംസാരിച്ചത്.
“അവൻ എല്ലായിപ്പോഴും എന്നെ ഓർമിപ്പിക്കുന്നത് വീരേന്ദർ സേവാഗിനെയാണ്. സേവാഗിന്റെ മത്സരം കാണുമ്പോൾ ഞാൻ കരുതിയിരുന്നത് അവൻ ട്വന്റി20 ക്രിക്കറ്റിലെ രാജാവാണ് എന്നാണ്. പക്ഷേ ടെസ്റ്റ് മത്സരങ്ങളിലാണ് അവൻ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. പന്തിന്റെ കഥയും അതുതന്നെയാണ്. അവൻ കളിക്കുന്ന രീതി നിരീക്ഷിക്കുമ്പോൾ ട്വന്റി20കളിൽ മികവ് പുലർത്താൻ സാധിക്കുന്ന ബാറ്ററാണ് എന്ന് തോന്നും. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിലാണ് അവൻ അങ്ങേയറ്റം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത്.”- ആകാശ് ചോപ്ര പറഞ്ഞു.
“തിരിച്ചുവരവ് മത്സരങ്ങൾ പല ബാറ്റർമാർക്കും വലിയ പ്രയാസങ്ങൾ ഉണ്ടാക്കാറുണ്ട്. കാരണം ഈ മത്സരത്തിന് മുൻപുതന്നെ നമ്മുടെ പോരായ്മകളും ഉയർച്ചകളുമൊക്കെ സംഭവിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ, തിരിച്ചുവരവിൽ ആളുകൾ നമ്മളെപ്പറ്റി പല പ്രവചനങ്ങൾ നടത്താൻ സാധ്യതയുണ്ട്. പക്ഷേ ഇവിടെ പന്തിന്റെ തിരിച്ചുവരവ് ഉഗ്രനായിരുന്നു. അത് നന്നായി ഉപയോഗിക്കാൻ പന്തിന് സാധിച്ചു.”- ചോപ്ര പറഞ്ഞു. മത്സരത്തിൽ ഗില്ലിനൊപ്പം ഒരു തകർപ്പൻ കൂട്ടുകെട്ടായിരുന്നു പന്ത് കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 167 റൺസ് ഇന്ത്യക്കായി സ്വന്തമാക്കുകയുണ്ടായി.
ഇതോടെ ഇന്ത്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മികച്ച ഒരു നിലയിലെത്തി. ബംഗ്ലാദേശിന് മുൻപിലേക്ക് ഒരു വമ്പൻ വിജയലക്ഷ്യം വയ്ക്കാനും ഇന്ത്യക്ക് സാധിച്ചു. 515 റൺസാണ് ഇന്ത്യ ബംഗ്ലാദേശിന് മുൻപിലേക്ക് വച്ച് വിജയലക്ഷ്യം. മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ബംഗ്ലാദേശ് പ്രതിസന്ധി ഘട്ടത്തിലാണ് 357 റൺസ് കൂടി നേടിയാലെ മത്സരത്തിൽ ബംഗ്ലാദേശിലെ വിജയം സ്വന്തമാക്കാൻ സാധിക്കൂ. കേവലം 6 വിക്കറ്റുകളാണ് ബംഗ്ലാദേശിന്റെ കയ്യിൽ അവശേഷിക്കുന്നത്. മത്സരത്തിന്റെ നാലാം ദിവസം തന്നെ ഇന്ത്യ വിജയം സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.